Monday 12 August 2019 09:44 AM IST : By സ്വന്തം ലേഖകൻ

‘പോകുമ്പോള്‍ ഇതൊന്നും കൊണ്ടുപോകില്ല, വേണ്ടവര്‍ക്ക് ഉപകാരപ്പെടട്ടെ...’! കാരുണ്യത്തിന്റെ പെരുന്നാൾ പിറ, ഹൃദയം തൊട്ട് നൗഷാദ്

naushad-new

അതിരുകളോ പരിധികളോ ഇല്ലാത്ത സഹാനുഭൂതിയുടെ കരുത്ത് കഴിഞ്ഞ പ്രളയകാലത്ത് കേരളം കണ്ടാതാണ്. മറ്റൊരു പ്രളയപ്പേടിയുടെ വക്കിൽ കേരളം പകച്ചു നിന്ന പോയ ദിവസങ്ങളിലും അതിരുകളില്ലാത്ത ഈ മാനവിക ബോധം തന്നെയാണ് മലയാളക്കരയുടെ കരുത്ത്.

ഇപ്പോഴിതാ, അതിന്റെ ഏറ്റവും നല്ല ഉദാഹരണം പോലെ താൻ കച്ചവടത്തിനായി എത്തിച്ച വസ്ത്രങ്ങൾ മുഴുവൻ ദുരിതം അനുഭവിക്കുന്നവർക്കായി വാരി നൽകി ഹൃദയം കീഴടക്കിയിരിക്കുകയാണ് മാലിപ്പുറം സ്വദേശി നൗഷാദ്.

ഇതിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാനാണ് നടന്‍ രാജേഷ് ശര്‍മയുടെ നേതൃത്വത്തില്‍ ഒരു സംഘം എറണാംകുളം ബ്രോഡ് വേയില്‍ എത്തിയത്. സംഘത്തിന്റെ ലക്ഷ്യം മനസ്സിലാക്കിയ നൗഷാദ് ഒന്നെന്റെ കട വരെ വരാമോ എന്നു ചോദിച്ചു.

കടയിലെത്തിയതും സംഘത്തെ ഞെട്ടിച്ച്,‘നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോകില്ല. ഉപകാരപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടട്ടേ….’ എന്നു പറഞ്ഞ്, പുതിയ വസ്ത്രങ്ങളെല്ലാം വാരി പല ചാക്കുകളില്‍ നിറച്ചു കൊടുക്കുകയായിരുന്നു നൗഷാദ്. .

ഇതിന്റെ വിഡിയോ രാജേഷ് ശർമയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

കരുണ്യത്തിന്റെ കനൽ ഇനിയും കെട്ടുപോയിട്ടില്ല എന്നു തെളിയിക്കുകയാണ് നൗഷാദിനെപ്പോലെയുള്ള എത്രയോ മനുഷ്യർ. കനിവിന്റെ മുഖമായി മാറുന്ന ഇവർ തന്നെയാണ് ‘നാം ഇതിനെയും അതിജീവിക്കും’ എന്നതിന്റെ കരുത്ത്.