Thursday 29 July 2021 12:22 PM IST : By സ്വന്തം ലേഖകൻ

ആറ് മരണങ്ങൾ, അതിൽ മൂന്നും ആത്മഹത്യ: പ്രവാസ ലോകത്തെ കണ്ണീരിലാഴ്ത്തി യുവാക്കളുടെ മരണവാർത്ത

hanged

പ്രവാസലോകത്തെ വേദനിപ്പിച്ച് വീണ്ടും അകാലമരണങ്ങൾ. സാമൂഹ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയാണ് വേദനിപ്പിക്കുന്ന വിയോഗ വാർത്തകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കഴിഞ്ഞ ദിവസം 6 മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിലേക്കയച്ചത്. ഇതിൽ 3 പേർ ആത്മഹത്യ ചെയ്തതായിരുന്നുവെന്ന് അഷ്റഫ് വേദനയോടെ കുറിക്കുന്നു. പ്രവാസി യുവാക്കളിലെ വർദ്ധിച്ചു വരുന്ന ആത്മഹത്യകളിലെ ആശങ്കയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഇന്നലെ 6 മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിലേക്കയച്ചത്. ഇതിൽ 3 പേർ ആത്മഹത്യ ചെയ്തതായിരുന്നു. അതും ചെറുപ്പക്കാർ. കുടുംബം പോറ്റാൻ വേണ്ടി നാടും വീടും വിട്ട് വിദേശത്ത് എത്തിയവർ. മാതാ പിതാക്കളും ഭാര്യയും മക്കളും അടങ്ങുന്നവർ ഉള്ളവർ. പ്രതീക്ഷയോടെ കാത്തിരിക്കുന്നവർക്ക് മുന്നിൽ അത്താണിയാകേണ്ടവരുടെ മൃതദേഹം കൊണ്ട് വന്ന് വെക്കേണ്ടി വരുമ്പോഴുണ്ടാകുന്ന ദൈന്യത വിവരണാതീതമാണ്. നമ്മുടെ യുവാക്കൾക്ക് എന്ത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്‌.

അടുത്തിടെയായി മലയാളികൾക്കിടയിലാണ് ആത്മഹത്യ ഇത്രയധികം വർദ്ധിച്ചു കാണുന്നത്. മനസ്സിലെ നൊമ്പരങ്ങൾ പരസ്പരം പങ്ക് വെക്കാൻ കഴിയാതെ പോകുന്നിടത്താണ് ആത്മഹത്യ പോലുള്ള വഴികളിലേക്ക് ആളുകൾ എത്തിപ്പെടുന്നത്. ജീവിത വഴിയിൽ ഒരുപാട് സുഖങ്ങളും സന്ദേഹങ്ങളും നേരിടേണ്ടി വരും. അതെല്ലാം അർഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണം. അതിന് കഴിയാത്തവർ നല്ല സുഹൃത്തുക്കളുടെ സഹായം തേടണം. അല്ലാതെ ഉറ്റവരെയും ഉടയവരെയും തീരാ ദുഖത്തിലാക്കി യാത്രയാകാൻ ശ്രമിക്കരുത്. ഇത്തരം വിഷയങ്ങളിൽ സർക്കാർ, സാമൂഹിക കൂട്ടായ്മകളും ഇനിയെങ്കിലും ആവശ്യമായ പ്രവർത്തനങ്ങളുമായി ഉണർന്ന് പ്രവർത്തിക്കണമെന്നാണ് എനിക്ക് പറയുവാനുള്ളത്.