Tuesday 16 April 2019 03:13 PM IST : By സ്വന്തം ലേഖകൻ

ഇരുമ്പൻപുളിയും നക്ഷത്രപ്പുളിയും കഴിച്ച് അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഒന്ന് ശ്രദ്ധിക്കൂ!

kidney648

അമിതവണ്ണം കുറയ്ക്കാനും കൊളസ്‌ട്രോൾ ഇല്ലാതാക്കാനുമൊക്കെ ഇരുമ്പൻപുളി ധാരാളമായി കഴിക്കുന്നവർ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. കാരണം ഇരുമ്പൻപുളി, നക്ഷത്രപ്പുളി എന്നിവ അമിതമായി കഴിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തെ അപകടത്തിലാക്കുമെന്ന് പഠനങ്ങൾ പറയുന്നു. 

കാരണം ഇരുമ്പൻപുളിയിലും നക്ഷത്രപ്പുളിയിലും കൂടുതലായി ഓക്സാലിക് ആസിഡ് കാണപ്പെടുന്നു. ഇത് വൃക്കയിലൂടെയാണ് പുറംതള്ളപ്പെടുന്നത്. ഇവയുടെ അളവ് കൂടിയാൽ കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റലുകൾ പുറത്തുപോകാതെ വൃക്കകളിൽ അടിഞ്ഞു കൂടുന്നു. ഇത് വൃക്ക പരാജയത്തിന് കാരണമാകാം. 

ഇരുമ്പൻപുളി അധികമായി കഴിച്ച് വൃക്ക പരാജയമുണ്ടായി ഡയാലിസിസിനു വിധേയമാകുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകൾ. അതേസമയം ഇത് കഴിച്ചാൽ കൊളസ്ട്രോൾ കുറയ്ക്കുമെന്നതിന് ശാസ്ത്രീയമായ യാതൊരു തെളിവുമില്ല. പ്രമേഹവും രക്തസമ്മർദവും ഉള്ളവർ ഇരുമ്പൻപുളിയും നക്ഷത്രപ്പുളിയും കഴിക്കുന്നത് കൂടുതൽ അപകടകരമാണ്. ആരെങ്കിലും പറയുന്നത് കേട്ട് സ്വയം ചികിത്സയ്ക്ക് ഇറങ്ങിത്തിരിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.