Thursday 21 March 2019 12:48 PM IST : By സ്വന്തം ലേഖകൻ

മുടി പറ്റെ വെട്ടി, ആണ്‍കുട്ടികളുടെ വേഷം ധരിപ്പിച്ചാല്‍ മതി; മകൾക്കെതിരെയുള്ള പീഡനശ്രമം പരാതിപ്പെട്ട പിതാവിനോട് പൊലീസുകാരൻ പറഞ്ഞത്!

ochira-father

സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്‍ തട്ടിക്കൊണ്ടുപോയ രാജസ്ഥാന്‍ സ്വദേശിനിയായ പതിമൂന്നുകാരിയുടെ പിതാവിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. ഹൃദയം നുറുങ്ങുന്ന കാര്യങ്ങളാണ് കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. ഒരു വര്‍ഷം മുന്‍പും തന്റെ പെണ്‍മക്കള്‍ക്ക് നേരെ പീഡനശ്രമം നടന്നിരുന്നുവെന്ന് പിതാവ് സാക്ഷ്യപ്പെടുത്തുന്നു. കുട്ടികൾ സ്‌കൂളിലേക്ക് പോകുംവഴി യുവാക്കൾ അവരെ കടന്നുപിടിക്കുകയായിരുന്നു. അന്നുതന്നെ ഓച്ചിറ പൊലീസ് സ്‌റ്റേഷനില്‍ പിതാവ് പരാതിപെട്ടിരുന്നു. എന്നാൽ പെണ്‍മക്കളെ ആണ്‍കുട്ടികളായി വളര്‍ത്തിയാല്‍ മതിയെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ മറുപടി.  

പെൺകുട്ടികളുടെ മുടി പറ്റെ വെട്ടി, ആണ്‍കുട്ടികളുടെ വേഷം ധരിപ്പിച്ചാല്‍ മതിയെന്നായിരുന്നു പൊലീസുകാരിൽ ഒരാൾ പറഞ്ഞത്. ഈ സംഭവത്തിന് ശേഷം പെണ്മക്കളുടെ മുടി പറ്റെവെട്ടി ആണ്‍കുട്ടികളുടെ വേഷം ധരിപ്പിച്ചായിരുന്നു പുറത്തുവിട്ടിരുന്നത്. രാജസ്ഥാൻ സ്വദേശിയുടെ ഏഴ് മക്കളിൽ അഞ്ചുപേര്‍ പെണ്‍കുട്ടികളും രണ്ടുപേര്‍ ആണ്‍കുട്ടികളുമാണ്. കടുത്ത അവഗണനയാണ് ഇതര സംസ്ഥാനക്കാരായ ഈ കുടുംബത്തോട് പൊലീസ് പ്രകടിപ്പിച്ചത്.   

മാർച്ച് 18 ന് രാത്രി പത്ത് മണിയോടെയാണ് രാജസ്ഥാൻ സ്വദേശിയുടെ പതിമൂന്ന് വയസ്സുകാരി മകളെ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിലുള്ള സംഘം തട്ടികൊണ്ടുപോയത്. ഓച്ചിറ പള്ളിമുക്ക് നാഷണല്‍ ഹൈവേയ്ക്ക് സമീപം പ്രതിമ നിര്‍മ്മിച്ച് വില്‍പ്പന നടത്തി വരുകയായിരുന്നു ഇവർ. മേമന സിപിഐ ബ്രാഞ്ച് സെക്രട്ടറി നവാസിന്റെ മകൻ റോഷനും സുഹൃത്തുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്.

റോഷന്റെ നേതൃത്വത്തിലെത്തിയ സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും ബലമായി പിടിച്ചുകൊണ്ടു പോവുകയുമായിരുന്നു. പപ്പാ എന്നെ രക്ഷിക്കണേ എന്നുപറഞ്ഞ് പെൺകുട്ടി നിലവിളിക്കുന്നുണ്ടായിരുന്നു. മകളുടെ രക്ഷയ്ക്കെത്തിയ പിതാവിനെ റോഷന്‍ ആക്രമിക്കുകയും കൈ കടിച്ചുമുറിക്കുകയും ചെയ്തു. ശേഷം പെണ്‍കുട്ടിയെ ബലമായി വലിച്ചിഴച്ചാണ് പ്രതികള്‍ കാറില്‍ കയറ്റി കൊണ്ടുപോയത്. പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. അപ്പോഴേക്കും പെണ്‍കുട്ടിയുമായി സംഘം കടന്നുകളഞ്ഞിരുന്നു.

ഒരു മാസം മുന്‍പും റോഷന്‍ ഈ രീതിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയിരുന്നു. കൂടാതെ റോഷന്‍ ഇവരുടെ വീട്ടില്‍ കയറി 25000 രൂപ മോഷ്ടിച്ചിട്ടുമുണ്ടായിരുന്നു. പൊലീസ് ഇവരെ കണ്ടെത്തിയെങ്കിലും ഇയാളുടെ പിതാവ് സിപിഐ ബ്രാഞ്ച് സെക്രട്ടറിയായതിനാല്‍ സ്ഥലം എംഎല്‍എ ആര്‍. രാമചന്ദ്രന്‍ ഇടപെട്ട് കേസ് ഒതുക്കി തീർത്തു. പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതി ലഭിച്ചിട്ടും പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുക്കാതിരിക്കുന്നത് കടുത്ത നിയമലംഘനമാണ്. റോഷന്‍, സുഹൃത്തുക്കളായ പ്യാരി, വിപിന്‍, അനന്തു എന്നിവർക്കായി ബെംഗളൂരുവിലും മറ്റിടങ്ങളിലുമായി പൊലീസ് തിരച്ചിൽ തുടരുകയാണ്.