Friday 25 November 2022 11:09 AM IST : By സ്വന്തം ലേഖകൻ

‘പുറത്തെ ശുചിമുറിയില്‍ കുളിച്ചതിനുശേഷം മാത്രമേ വീട്ടിലേക്ക് കയറ്റൂ’: ഓഫിസ് സ്വീപ്പര്‍മാരെ കൊണ്ട് ഡയറക്ടറുടെ വീട്ടുജോലി, അടിമപ്പണിയെന്ന് ആരോപണം

sweeper-complaint-2.jpg.image.845.440

കോട്ടയം കാഞ്ഞിരമറ്റം കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സില്‍ സ്വീപ്പര്‍മാരെ ഡയറക്ടറുടെ വീട്ടുജോലി ചെയ്യിപ്പിക്കുന്നെന്ന് ആരോപണം. സ്ഥാപനത്തിലെ ജോലിക്ക് ശേഷം വീട്ടുജോലിക്കെത്തിയില്ലെങ്കില്‍ പിരിച്ചുവിടുമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് ജീവനക്കാരി മനോരമ ന്യൂസിനോട് പറഞ്ഞു. വീടിനു പുറത്തെ ശുചിമുറിയില്‍ കുളിച്ചതിനു ശേഷം മാത്രമേ വീട്ടിലേക്ക് കയറ്റാറുള്ളൂവെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് 32 വയസുകാരിയായ പരാതിക്കാരിയടക്കം മൂന്നപ പേരെ ദിവസവേതനത്തില്‍ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സില്‍ സ്വീപ്പര്‍ ജോലിക്കെടുക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലിക്കെന്ന് പറഞ്ഞ് ഇന്റര്‍വ്യൂ നടത്തിയെടുത്ത സ്വീപ്പര്‍മാര്‍ക്ക് ഒരു മാസത്തിനുള്ളില്‍ എസ്റ്റേറ്റ് ഓഫിസറുടെയും അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുടെയും നിര്‍ദേശമെത്തി.

അധിക ജോലിക്ക് പുറമേ ഡയറക്ടറുടെ വീട്ടില്‍ നിന്നും പ്രത്യേക നിര്‍ദേശമുണ്ട്. ഒരു ജോഡി വസ്ത്രം കൂടി കരുതി വേണം വീട്ടിലെത്താന്‍. പുറത്തെ ശുചിമുറിയില്‍ നിന്ന് കുളിച്ച് വൃത്തിയായതിന് ശേഷം മാത്രമാണ് അകത്തേക്ക് പ്രവേശനം. അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ മറ്റൊരു ജീവനക്കാരന്‍ ഡയറക്ടര്‍ക്കെതിരെ സമാന പരാതികള്‍ മുഖ്യമന്ത്രിക്ക് നല്‍കുകയും ഇത് ഉന്നതവിദ്യാഭ്യാസ വകുപ്പിലേക്ക് കൈമാറുകയും ചെയ്തിരുന്നു.എന്നാല്‍ ഡയറക്ടറുടെ ഇടപെടലില്‍ പരാതി ഒതുക്കി തീര്‍ത്തെന്നും ആരോപണമുണ്ട്.

Tags:
  • Spotlight