Thursday 01 October 2020 11:10 AM IST : By ഡോ. ബി. പദ്മകുമാർ, പ്രൊഫസർ മെഡിസിൻ, മെഡിക്കൽ കോളേജ് ആലപ്പുഴ

‘അവർക്ക് പറയാനുള്ളത് കേൾക്കണം, ദിവസവും സംസാരിക്കാനും ഒരുമിച്ചിരിക്കാനും സമയം കണ്ടെത്തണം’; വയോജനങ്ങളെ പരിചരിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ

old-age-careffggg

ഇന്ന് ഒക്ടോബർ 1- ലോക വയോജന ദിനം. മഹാവ്യാധിയുടെ കാലത്ത്‌ ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നത് വയോജനങ്ങളാണ്. രോഗഭയവും റിവേഴ്‌സ് ക്വാറന്റീൻ ഉൾപ്പടെ ഉള്ള സാമൂഹിക നിയന്ത്രണങ്ങളും മാനസിക പിരിമുറുക്കവും വിഷാദവുമെല്ലാം മുതിർന്നവരുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഈ പരീക്ഷണ ഘട്ടത്തിൽ ജീവിതം ആനന്ദകരമാക്കാൻ പ്രായമേറിയവരും അവരെ പരിചരിക്കുന്നവരും സമൂഹവും ഒരുപോലെ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

വയോജനങ്ങൾ പോസിറ്റീവ് ആയി ചിന്തിച്ചും മനസ്സിൽ ഊർജം നിറച്ചും ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയും ശിഷ്ട ജീവിതം ധന്യമാക്കണം. പരിചരിക്കുന്നവർ ജീവിതം മുഴുവൻ മക്കൾക്കും കുടുംബത്തിനുമായി ജീവിച്ചവരുടെ പരിചരണം പുണ്യമായി കരുതണം. സമൂഹം വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി വയോജന സൗഹൃദ അന്തരീക്ഷം ഉണ്ടാകണം.

വയോജനങ്ങൾ ശ്രദ്ധിക്കണം 

1. ഭക്ഷണം കൃത്യസമയത്തു കഴിക്കാൻ ശ്രദ്ധിക്കണം. നാരുകൾ അടങ്ങിയ തവിട് കളയാത്ത ധാന്യങ്ങൾ, പയറുവർഗങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ എന്നിവ ദിവസവും കഴിക്കണം. ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കാം. മൽസ്യം കറിവച്ചു കഴിക്കാം. മുട്ടയുടെ വെള്ള കഴിക്കാം. ചുവന്ന മാംസം ഒഴിവാക്കണം. ആവിയിൽ വേവിച്ചു കഴിക്കുന്നതാണ് നല്ലത്. ഇടനേരങ്ങളിൽ പഴങ്ങൾ, നട്സ് എന്നിവ കഴിക്കാം.

2. ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കണം. നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയവ ഇടയ്ക്ക് നല്ലതാണ്. ഇവയിലടങ്ങിയിരിക്കുന്ന പൊട്ടാസിയം ക്ഷീണം അകറ്റും. കോള പോലെയുള്ള സോഫ്റ്റ് ഡ്രിങ്ക്സ് വേണ്ട.

3.ശരീരം അനുവദിക്കുന്ന തരത്തിൽ ദിവസവും ലഘു വ്യായാമങ്ങളിൽ ഏർപ്പെടണം. 30-45 മിനിറ്റ് നടക്കാൻ പറ്റുമെങ്കിൽ ഏറ്റവും നല്ലത് .ഫിസിക്കൽ ഫിറ്റ്നസ് കൂടാതെ മാനസിക സമ്മർദ്ദം കുറയ്ക്കാനും ഡിമെൻഷ്യ തടയാനും എക്സർസൈസ് ഉപകരിക്കും.

4.രാവിലത്തെ ഇളം വെയിൽ 15 മിനിട്ട് കൊള്ളണം .10 മണിക്ക് മുൻപുള്ള വെയിലാണ് നല്ലത് .സൂര്യ പ്രകാശത്തിലെ അൾട്രാ വയലറ്റ് രശ്മികൾ ജീവകം ഡി യുടെ ഉൽപ്പാദനത്തിന് സഹായിക്കും .എല്ലിന്റെ ഉറപ്പിനും രക്തധമനികളുടെ ആരോഗ്യത്തിനും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ജീവകം ഡി നല്ലതാണ്. 

5. ലഹരി വസ്തുക്കളുടെ ഉപയോഗം പൂർണമായും ഒഴിവാക്കണം .ലൈഫ് സ്റ്റൈൽ രോഗങ്ങളുടെ നിയന്ത്രണം താളം തെറ്റാനും ഓർമ പ്രശ്നങ്ങൾ ഉണ്ടാകാനും ഉറക്കം തടസ്സപ്പെടാനും മദ്യവും പുകവലിയുമൊക്കെ കാരണമാകും. ജീവിതം തന്നെയാകട്ടെ ലഹരി.

6. ദിവസവും 6 മണിക്കൂറെങ്കിലും സുഖമായി ഉറങ്ങണം .ഉച്ചമയക്കം ആകാം ,ഉച്ച ഉറക്കം വേണ്ട. രാത്രി കിടക്കുന്നതിന് മുൻപ് ടീവി ,മൊബൈൽ ,ലാപ്ടോപ്പ് തുടങ്ങിയവയുടെ ഉപയോഗം വേണ്ട. കിടക്കുന്നതിന് മുൻപ് ചെറു ചൂടുവെള്ളത്തിൽ ഒരു കുളി ,ഒരുഗ്ലാസ്സ് ചൂട് പാൽ എന്നിവ നല്ല ഉറക്കം തരും.

7. മരുന്നുകൾ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം കഴിക്കുക .സ്വയം ചികിത്സ വേണ്ട .കഴിയുന്നത്ര ഒരു ചികിത്സാ രീതി തുടരുക .സങ്കര ചികിത്സയും വേണ്ട.

8. പുസ്തകങ്ങൾ വായിച്ചും താത്പര്യമുള്ള വിഷയങ്ങളെ സംബന്ധിച്ച ക്ലാസുകൾ കേട്ടും പുതിയ ഭാഷകൾ പഠിച്ചും ഹോബികളിൽ ഏർപ്പെട്ടും തലച്ചോറിനെ സജീവമാക്കി നിർത്തണം .ഓർമശക്തി കൂട്ടാനും മറവി അകറ്റാനും ഇതുപകരിക്കും.

9. യോഗ, ധ്യാനം, പ്രാർത്ഥന തുടങ്ങിയവയ്ക്കായി ദിവസവും ഒരു മണിക്കൂർ മാറ്റി വെക്കണം .ഓൺലൈൻ ആദ്ധ്യാത്മിക ക്ലാസ്സുകളിൽ പങ്കെടുക്കുകയും ഗ്രുപ്പുകളിൽ സജീവമാകുകയും വേണം.

10. സദാ പോസിറ്റീവ് ആയി ചിന്തിക്കാൻ ശ്രമിക്കണം .ദിവസവും നടന്ന നല്ല രണ്ടു കാര്യങ്ങൾ ഒരു നോട്ട്ബുക്കിൽ കുറിച്ചു വെക്കുക. വായിക്കുന്ന പുസ്തകങ്ങളിൽ നിന്ന് പ്രചോദനാത്മകമായ കാര്യങ്ങളും ചെറു കുറിപ്പുകൾ ആയി എഴുതി വെക്കണം .കടന്നു പോയ നിമിഷങ്ങളെ പരിപൂർണമായും ആസ്വദിക്കുന്ന മൈൻഡ് ഫുൾനെസ് ക്രിയകൾ പരിശീലിക്കുക.

വയോജനങ്ങളെ പരിചരിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ

1. ശുശ്രൂഷിക്കുന്നവരുടെ ശാരീരികാവസ്ഥ പൂർണമായി മനസ്സിലാക്കണം. കഴിക്കുന്ന മരുന്നുകൾ, കഴിക്കുന്ന രീതികൾ തുടങ്ങിവ അറിഞ്ഞിരിക്കണം .ഡോക്ടറെ ബന്ധപ്പെടാനുള്ള വഴികൾ അറിഞ്ഞിരിക്കണം.

2. പ്രായമായവർ സ്വയം ചെയ്യുന്ന കാര്യങ്ങൾ പ്രോത്സാഹിപ്പിക്കണം .സഹായം ആവശ്യമുള്ള കാര്യങ്ങളിൽ ഇടപെടണം. 

3. കൃത്യമായ ഇടവേളകളിൽ ഡോക്ടറുമായുള്ള കൺസൾട്ടെഷൻ നടത്തണം .ടെലി മെഡിസിൻ സൗകര്യങ്ങൾ ഉപയോഗിക്കണം. 

4. ഇടയ്ക്ക് പുറത്തൊക്കെ നടക്കാൻ കൊണ്ടു പോകുന്നതും ഇളം വെയിൽ കൊള്ളിക്കുന്നതും നല്ലതാണ്. 

5. പ്രായമായവർക്ക് പറയാനുള്ളത് കേൾക്കാൻ സമയം കണ്ടെത്തണം. അവരോട് എന്തെങ്കിലുമൊക്കെ സംസാരിക്കാനും ഒന്നിച്ചു കുറച്ചു സമയം ചിലവഴിക്കാനും ശ്രദ്ധിക്കണം.

6. പ്രായമുള്ളവരെ ഒരിക്കലും വീട്ടിൽ തനിച്ചാക്കരുത് .ഗ്യാസ് ,തേപ്പുപെട്ടി ,ഇലക്ട്രിക്ക് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കാൻ നൽകുന്നത് ഒഴിവാക്കണം. 

7. മുറിയിൽ ഗൃഹോപകരണങ്ങൾ അടുക്കും ചിട്ടയും ഇല്ലാതെ വാരി വലിച്ചിടരുത് .തറയിൽ വെള്ളവും എണ്ണയും തെന്നിവീഴാൻ ഇടയാക്കും. മിനുസമുള്ള ടൈലുകളും ഒഴിവാക്കണം. 

8. കുളിമുറിയിൽ ഇരുന്ന്‌ കുളിക്കാനായി ഒരു സ്റ്റൂൾ വെക്കണം. ഗ്രിപ്പുള്ള ടൈലുകളെ കുളിമുറിയിൽ ഉപയോഗിക്കാവൂ... 

9. കുളിമുറിയിലും കിടപ്പ്‌ മുറിയിലും പിടിച്ചു എഴുന്നേൽക്കാനായി കൈപ്പിടികൾ പിടിപ്പിക്കണം.

10. കിടപ്പിൽ ആയവർക്ക് പുറം പൊട്ടാതിരിക്കാനായി വാട്ടർ ബെഡോ എയർ ബെഡോ ഉപയോഗിക്കണം. ഇടയ്ക്ക് നനഞ്ഞ തുണി കൊണ്ട് ശരീരം തുടച്ചു കൊടുക്കണം.

- ഡോ. ബി. പദ്മകുമാർ, പ്രൊഫസർ മെഡിസിൻ, മെഡിക്കൽ കോളേജ് ആലപ്പുഴ

Tags:
  • Spotlight