Monday 15 July 2019 03:18 PM IST : By സ്വന്തം ലേഖകൻ

‘അടുപ്പം കാട്ടിയാൽ വശീകരണക്കാരി! അവരുടെ പേരക്കുട്ടികളാണ് പുലരുവോളം മൊബൈലിൽ കിന്നരിക്കുന്നത്

love

ഒരു മൊബൈൽ ടച്ചിനപ്പുറം ഒരായിരം പ്രണയ നിമിഷങ്ങൾ പറത്തി വിടുന്ന പുതുതലമുറ ഓർക്കേണ്ട ചിലതുണ്ട്. നാല് ചുമരുകൾക്കുള്ളിൽ പ്രണയവും മധുവിധു സ്വപ്നങ്ങളും തമസ്ക്കരിച്ച പോയ കാലത്തെ ആൺ–പെൺ ബന്ധങ്ങളെക്കുറിച്ച്. സ്വന്തമെന്ന് കരുതി ചേർത്തു വയ്ക്കുന്ന നല്ലപാതിയെ നിഴലിനപ്പുറത്തേക്ക് മാറ്റി നിർത്തിയ പഴയ തലമുറയെക്കുറിച്ച്!

പ്രണയനോട്ടമെങ്ങാനം പ്രിയപ്പെട്ടവളുടെ മേൽ പതിച്ചു പോയാൽ പെൻകോന്തനെന്നും വശീകരണക്കാരിയെന്നും പേര് ചാർത്തി നൽകുന്ന ആ പഴയകാലത്തിൽ നിന്നും നാമെത്ര മാറിപ്പോയിരിക്കുന്നു. പ്രിയപ്പെട്ടവനോട് ഒന്ന് മിണ്ടാൻ പോലും ഭയന്നിരുന്ന അക്കാലത്തിൽ നിന്നും മൊബൈൽ കിന്നാരങ്ങളിലേക്ക് വഴുതിപ്പോയ പുതുതലമുറയുടെ മാറ്റം അടയാളപ്പെടുത്തുകയാണ് നജീബ് മൂടാടി. ഫെയ്സ്ബുക്കിലൂടെയാണ് ഈ വേറിട്ട കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ഇരുട്ടിൽ അമർന്നു പോയ ചില പ്രണയങ്ങളെ കുറിച്ച്

പണ്ട് പണ്ട്..

ഉപ്പാന്റെ പണത്തിടുക്കത്തിനും ഉമ്മാക്ക് അടുക്കള സഹായത്തിനും വേണ്ടി പെണ്ണ് കെട്ടേണ്ടി വന്ന കുറേ ചെറുപ്പക്കാരും, പുര നിറഞ്ഞു നിക്കുന്ന ഭാരം ഒഴിവായി വീട്ടുകാർക്ക് ആശ്വാസമാവാൻ കല്യാണത്തിന് കഴുത്തു നീട്ടിക്കൊടുക്കേണ്ടി വന്ന ബാല്യക്കാരത്തികളും ഉണ്ടായിരുന്നു.

ബൈക്കും കാറും ഹണിമൂൺ യാത്രകളും സ്വപ്നം പോലും അല്ലാത്ത അന്ന്,
ദാമ്പത്യത്തിലെ പ്രണയ വേളകളെ ശാസന നിറഞ്ഞ നോട്ടങ്ങൾക്കു മുന്നിൽ ഒളിപ്പിച്ചു വെക്കേണ്ടി വന്ന അവരുടെ സല്ലാപങ്ങൾ പോലും പാതിരാത്രിയിൽ ചുവരിനപ്പുറത്തേക്ക് തുളുമ്പിപ്പോകുമോ എന്ന ഭീതിയിൽ പിറുപിറുക്കലായി ഒതുങ്ങിപ്പോയിരുന്നു.

അവളോട് അധികം അടുപ്പം കാണിച്ചാലും അവൾക്കായി വാദിച്ചാലും ആണത്തം കുറഞ്ഞവനായി മുദ്രകുത്തപ്പെടുമോ എന്ന പേടിയോടെ അവനും, വശീകരണക്കാരി എന്ന പേരുദോഷം വരുത്താതിരിക്കാൻ അവളും....... അബോധമായെങ്കിലും അകൽച്ചയുടെ മതില് കെട്ടി അവർ കഴിയുന്നത്ര നിശബ്ദരായി ജീവിച്ചു.

വിരുന്നുപോക്കുകളിൽ എപ്പോഴോ നടുപ്പുഴയിൽ തോണിപ്പടിയിൽ അറിയാത്ത മട്ടിൽ കൈത്തലം ചേർത്തു വെച്ചപ്പോൾ അമ്പരപ്പോടെ നോക്കിയ കണ്ണിലെ തിളക്കം ഉള്ളിൽ കൊളുത്തിപ്പിടിച്ചത്
എന്നെന്നും അവന്റെയുള്ളിലും ....

ഏതോ പാതിരാവിൽ, ഒളിപ്പിച്ചു വെച്ചൊരു കടലാസു പൊതിയിൽ നിന്നെടുത്തു തന്ന ആറാട്ട് പലഹാരങ്ങളുടെ മധുരത്തോടൊപ്പം കയ്യിലണിയിച്ച കുപ്പിവള കൊണ്ട മുറിവ് അവളുടെ നെഞ്ചിലെന്നും മധുരമായും....

അങ്ങനെ ചിലതൊക്കെ ഓർമ്മയുടെ പളുങ്ക് കുപ്പിയിൽ ഇട്ടുവെച്ച് ഇടയ്ക്കിടെ എടുത്തു നോക്കി താലോലിച്ച്.....

അവരുടെ പേരക്കുട്ടികളാണ് ഇന്ന് പെണ്ണുകാണൽ കഴിഞ്ഞു വന്ന അന്ന് മുതൽ നേരം പുലരുവോളം മൊബൈലിൽ കിന്നരിക്കുന്നത്... കല്യാണം കഴിഞ്ഞ പിറ്റേന്ന് തന്നെ മധുവിധു യാത്ര പോകുന്നത്....പ്രവാസനാട്ടിലേക്ക് തിരികെ പോകുമ്പോൾ ചേർത്തുപിടിച്ച് പ്രിയപ്പെട്ടവളെ കൂടെക്കൂട്ടുന്നത്....

ഇതൊക്കെ കണ്ട് അവർ ചെറിയൊരു ചിരിയോടെ ഉമ്മറത്തിരിക്കുന്നുണ്ട്...അന്നേരം അറിയാതെ പഴയ കുപ്പിവള തന്ന മുറിവടയാളത്തിലേക്ക് അവൾ നോക്കിപ്പോകും. അപ്പോളയാൾ പഴയോരോർമ്മയിൽ കൈപ്പടം ആ കൈയിൽ വെച്ചമർത്തി...

അന്നേരം അവളുടെ കണ്ണുകളിൽ വിരിയുന്ന അമ്പരപ്പിന്റെ നോട്ടത്തിനു പകരം നാണം പൂണ്ടൊരു ചിരി പൂത്തു നിൽക്കും.
#നജീബ്‌മൂടാടി

Tags:
  • Relationship