Thursday 21 November 2019 11:36 AM IST : By സ്വന്തം ലേഖകൻ

ഇമ്പിച്ചൂട്ടിയുടേയും ചിരുക്കുട്ടിയുടേയും കല്യാണം! ഒരു ദിവസത്തെ റേഷൻ എത്തിക്കാൻ അപേക്ഷ: നമുക്ക് ഇങ്ങനേയും ഒരു കാലമുണ്ടായിരുന്നു

wl

ഉണ്ണാനും ഉടുക്കാനും വേണ്ടുവോളമുള്ള ഒരു തലമുറയ്ക്ക് മുൻഗാമികളുടെ ഇല്ലായ്മകളുടെ കാലം സങ്കൽപ്പിക്കാനാകുമോ. പട്ടിണിയും പരാധീനതകളും മാത്രമുണ്ടായിരുന്ന ഒരു ജീവിത സാഹചര്യത്തിൽ നിന്നും കഠിനാദ്ധ്വാനം കൊണ്ട് ജീവിതം കരുപ്പിടിപ്പിച്ച എത്രയോ പേർ നമുക്കു ചുറ്റുമുണ്ട്.

വിവാഹം ആഡംബരത്തിന്റെ കൂത്തരങ്ങാക്കുന്ന ന്യൂജനറേഷൻ ഒരു കല്യാണക്കുറിമാനം കണ്ട് കണ്ണുതള്ളി നിൽക്കുകയാണ്. 1946 മേയ് 12നു കൊയിലാണ്ടിയിൽ നടന്ന ആ വിവാഹ ക്ഷണക്കത്ത് കൗതുകത്തിനുമപ്പുറം സോഷ്യൽ മീഡിയയുടെ കണ്ണുതുറപ്പിക്കുകയാണ്.

വിവാഹ ക്ഷണപത്രികയിലെ പേരുകളിൽ പോലുമുണ്ട് ആ കൗതുകം. ഉള്ളൂര് കുട്ട്യേക്കൻ എന്നയാളാണ് തങ്ങളുടെ മക്കളുടെ വിവാഹം ക്ഷണിക്കുന്നത്. കുട്ട്യേക്കന്റെ മകൻ ഇമ്പിച്ചുട്ടി ചിരുക്കുട്ടി എന്നിവരാണ് ആ ബ്ലാക്ക് ആൻഡ് വൈറ്റ് വിവാഹത്തിലെ മണമാളനും മണവാട്ടിയും. ഇരുവരുടേയും വിവാഹത്തിന്റെ അന്നു തന്നെ കുട്ട്യേക്കന്റെ മകൾ കല്യാണിയെ ഉണ്ണിക്കുട്ടിയും വിവാഹം കഴിക്കുന്നു. ഏവരേയും സാദരം ക്ഷണിച്ച ശേഷം അതിഥികളുടെ ശ്രദ്ധ പ്രത്യേകം ക്ഷണിച്ചുകൊണ്ട് കുറിച്ചിരിക്കുന്ന വരികളാണ് ശ്രദ്ധേയം. ‘വിവാഹ ആവശ്യത്തിനായി നിങ്ങളുടെ ഒരു ദിവസത്തെ അരി എത്തിച്ചു തരണമെന്ന് വിനയപൂർവം അപേക്ഷിച്ചു കൊള്ളുന്നു.’– പോയ കാലത്തെ ലളിത ജീവിതവും ഇല്ലായ്മയും ഈ വരികളിൽ പ്രകടം.

wl-1

കെ ജംഷാദ് എന്ന വ്യക്തിയാണ് പുതുതലമുറ കാണാൻ പോലും സാധ്യതയില്ലാതിരുന്ന ഈ കല്യാണക്കുറി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘1946 ലെ ഒരു വിവാഹക്ഷണക്കത്താണിത്.ഈ കത്തിലെ NBഎന്നെഴുതി ചേർത്ത അടികുറിപ്പ് ശ്രദ്ധിക്കൂ..അത്രയും പട്ടിണിയും ദാരിദ്ര്യവുമുളള ഒരു ഇന്നലെ നമുക്ക് ഉണ്ടായിരുന്നു എന്ന സത്യം പുതിയ തലമുറയ്ക്ക് ഒരുപക്ഷെ ഉൾക്കൊളളാനാവുകയുമില്ല. സത്യമല്ലെ..?’– ചിത്രം പങ്കുവച്ച് ജംഷാദ് കുറിക്കുന്നു.