Tuesday 25 January 2022 10:52 AM IST : By സ്വന്തം ലേഖകൻ

കോവി‍ഡ് വ്യാപനം ഒരാളിൽ നിന്നും 5 പേരിലേക്ക്, പോസിറ്റീവായർ വീണ്ടും പോസിറ്റീവാകുന്നു: ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

covid-third-wave 15 മുതൽ 18 വയസ്സു വരെയുള്ളവരുടെ ഒന്നാം ഡോസ് വാക്സിനേഷൻ. കോട്ടയം എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച. ചിത്രം: മനോരമ

ഒമിക്രോൺ ഏതു വഴിയും വരാം. അതിനാൽ ജാഗ്രത പാലിക്കുക. ആദ്യ രണ്ടു തരംഗത്തിലും പോസിറ്റീവായവർ വീണ്ടും പോസിറ്റീവാകുന്നു.  ഈ സാഹചര്യത്തിലാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. വ്യാപന ശേഷി കുടുതലായതിനാൽ ഇപ്പോൾ പടരുന്നത് ഒമിക്രോൺ വകഭേദമാകാൻ സാധ്യതയുണ്ടെന്ന് കോവിഡ് നോഡൽ ഓഫിസറും മെഡിക്കൽ കോളജ് പകർച്ചവ്യാധി വിഭാഗം മേധാവിയുമായ  ഡോ.ആർ.സജിത്ത് കുമാർ പറഞ്ഞു. മുൻപ് ഒരാളിൽ നിന്ന് പരമാവധി രണ്ടോ മൂന്നോ പേരിലേക്കാണ് കോവിഡ് പകർന്നിരുന്നതെങ്കിൽ ഇപ്പോൾ ഒരാളിൽ നിന്ന് അഞ്ച് പേരിലേക്കാണ് പകരുന്നത്. കോവിഡ് വരാതെ നോക്കുക, വന്നാൽ ജാഗ്രത പാലിക്കുക എന്നതാണ് ചെയ്യാനുള്ളത്. 

പകരുന്നത് 
മുൻപ് ഒരു വീട്ടിൽ താമസിക്കുന്ന എല്ലാവരിലേക്കുമാണ് കോവിഡ് പകർന്നതെങ്കിൽ ഇപ്പോൾ ഒരുമിച്ച് യാത്ര ചെയ്യുന്നവർ, ഒരുമിച്ച് ഭക്ഷണം കഴിക്കുന്നവർ എന്നിവരിലേക്കും  കോവിഡ് പകരുന്നു.

ചെയ്യേണ്ടത്
അർഹരായവർ  വേഗം വാക്സീൻ സ്വീകരിക്കണം. വാക്സീൻ എടുത്തവരിൽ രോഗത്തിന്റെ കാഠിന്യം കുറവാണ്.

ശ്രദ്ധ വേണ്ടവർ
65 വയസ്സിനു മുകളിൽ പ്രായമുള്ളവർ, പ്രമേഹരോഗികൾ, കിഡ്നി, കരൾ രോഗികൾ, ആസ്മ മറ്റ് ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗ പ്രശ്നം ഉള്ളവർ.

ചികിത്സ
ഭൂരിഭാഗം പേർക്കും കിടത്തിച്ചികിത്സ ആവശ്യമില്ല. ശരീരത്തിലെ ഓക്സിജൻ താഴുന്ന രോഗികൾ, ശ്വാസംമുട്ടൽ അനുഭവപ്പെടുന്നവർ എന്നിവർ ചികിത്സ തേടണം. അടുത്തുള്ള ആശുപത്രികളെ ആദ്യം ആശ്രയിക്കണം. അവരുടെ നിർദേശപ്രകാരം മാത്രം മെഡിക്കൽ കോളജ് പോലെ ആശുപത്രികളിൽ പ്രവേശിക്കുക.

ശ്രദ്ധിക്കാൻ
സ്വയം പരിശോധനയും സ്വയം ചികിത്സയും പാടില്ല. ഡോക്ടറുടെ നിർദേശത്തോടെ മാത്രം മരുന്നുകൾ ഉപയോഗിക്കുക, പരിശോധനാ ഫലം ആരോഗ്യവകുപ്പിനെ അറിയിക്കണം.

കരുതൽ 
ആശുപത്രി സന്ദർശനം ഒഴിവാക്കണം, ആൾക്കൂട്ടം ഉണ്ടാകാതെ അകന്നു നിൽക്കണം. പുറത്തുപോകുന്നവർ സുരക്ഷിതമായ ഒന്നിലധികം എൻ 95 മാസ്ക് ഉപയോഗിക്കണം. മാസ്ക് ഉപയോഗം  ശ്രദ്ധയോടെ വേണം. ഇവ അണുവിമുക്തമാക്കി കൈകാര്യം ചെയ്യണം. എപ്പോഴും കൈകൾ സാനിറ്റൈസ് ചെയ്യണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ശുചിയാക്കണം.

വീട്ടിൽ ശ്രദ്ധ
വീട്ടിലും മാസ്ക് ഉപയോഗിക്കണം. പുറത്തു പോകുന്നവർ വീട്ടിൽ എത്തുമ്പോൾ രണ്ട് മാസ്ക് ഉപയോഗിക്കണം. പുറത്തുപോകുന്നവർ കഴിവതും വീട്ടിലുളള മറ്റുള്ളവരുമായി സമ്പർക്കം കുറയ്ക്കണം.

ക്വാറന്റീൻ 
ക്വാറന്റീനിൽ കഴിയുന്നവർ പുറത്തിറങ്ങരുത്. മാസ്ക് ഒഴിവാക്കരുത്.  ക്വാറന്റീനിൽ കഴിയുന്നവർ മറ്റുള്ളവർക്കു കോവിഡ് വരാതിരിക്കാൻ അതീവശ്രദ്ധ പുലർത്തണം.

മരുന്നുകൾ
മറ്റു രോഗങ്ങൾ ഉള്ളവർക്ക് കോവിഡ് വന്നാൽ നിലവിൽ ഉപയോഗിക്കുന്ന മരുന്നുകൾ തുടരണം. ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

85 കേന്ദ്രങ്ങളിൽ വാക്‌സീൻ 
കോട്ടയം 85 കേന്ദ്രങ്ങളിൽ ഇന്ന് വാക്‌സീൻ നൽകുമെന്ന് കലക്ടർ ഡോ. പി.കെ.ജയശ്രീ അറിയിച്ചു. 10 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 75 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സീൻ നൽകും. അർഹരായവർക്ക് കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈനായോ  www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സീൻ സ്വീകരിക്കാം.

2,216 പേർ പോസിറ്റീവ്
കോട്ടയം ജില്ലയിൽ 2,216 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,214 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 9 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1,225 പേർ മുക്തരായി. 4,559 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

More