Wednesday 01 December 2021 04:56 PM IST : By സ്വന്തം ലേഖകൻ

സൗദിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു, ഗൾഫ് മേഖലയിൽ ആദ്യം: ഇന്ത്യയിലും മുൻകരുതൽ ശക്തം

omicron

സൗദി അറേബ്യയിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. വടക്കൻ ആഫ്രിക്കൻ രാജ്യത്തുനിന്നെത്തിയ സൗദി പൗരനിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇദ്ദേഹത്തേയും, ഇദ്ദേഹവുമായി അടുത്തിടപഴകിയവരെയും ഐസലേഷനിൽ ആക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രോഗബാധിതനായ വ്യക്തിയെയും അദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും അടുത്തിടപഴകിയവരെയും ക്വാറന്റൈനിലാക്കിയതായും ആവശ്യമായ ആരോഗ്യ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും മന്ത്രാലയം അറിയിച്ചു.

ഒമിക്രോൺ വൈറസ് രാജ്യത്ത് കണ്ടെത്തുന്നതിനുള്ള സാഹചര്യങ്ങൾ പരിശോധിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള മന്ത്രാലയത്തിന്റെയും പബ്ലിക് ഹെൽത്ത് അതോറിറ്റിയുടെയും പരിശ്രമങ്ങളുടെ ഫലമായാണ് ആദ്യ കേസ് കണ്ടെത്തിയതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

14 ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സൗദി നിലവില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുമ്പ് സൗദിയില്‍ എത്തിയതാവാം ഇദ്ദേഹമെന്നാണ് സൂചന. ഇതാദ്യമായാണ് ഗള്‍ഫില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്.

അതേസമയം ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതോടെ ഇന്ത്യ മുന്‍കരുതല്‍ ശക്തമാക്കി. രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാക്കുന്നത്് കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ തീരുമാനിക്കൂ.