Saturday 29 August 2020 12:28 PM IST

‘പണ്ട് വീടിന്റെ വലുപ്പമോ കാറിന്റെ എണ്ണമോ നോക്കിയല്ല സ്റ്റാറ്റസ് അളന്നിരുന്നത്; ഓണക്കോപ്പുകളാണ് അന്തസ്സ് നിർണയിച്ചിരുന്നത്’

Tency Jacob

Sub Editor

_REE0152

‘ഓണം പൊന്നോണ’മാണ്. ഓണത്തിന്റെ പ്രൗഢിയും പൊലിമയും പ്രകടമാക്കാൻ പഴഞ്ചൊല്ലുകളെപ്പോലെ തന്നെ ഓണാഘോഷത്തിൽ ഉരുത്തിരിഞ്ഞു വന്ന ഒരുപാടു ശൈലികളുണ്ട്. ലളിതവും നന്മയും മനോഹാരിതയുമേറിയ ഓണശ്ശൈലികൾ.

‘‘എങ്ങുമൊരാഹ്ലാദക്കോളിളക്ക

മെങ്ങുമൊരാനന്ദത്തൂവെളിച്ചം...’’

അതെ, കവിതയിൽ പറയുന്ന പോലെ കാറൊഴിഞ്ഞ മേഘങ്ങളും പുഞ്ചിരിക്കുന്ന പൂക്കളും പാറി നടക്കുന്ന മ‍ഞ്ഞച്ചിറകുള്ള ഓണത്തുമ്പികളും പൊന്നുചാർത്തുന്ന ചിങ്ങവെയിലും പിന്നെ പാൽപുഞ്ചിരി തൂകുന്ന ഓണനിലാവും. ചിങ്ങം തുടങ്ങുമ്പോഴേയ്ക്കും പ്രകൃതിയിലാകെ ഒരു ‘ഓണച്ചന്തം’ പരക്കും.

അത്തം പിറന്നാൽ ഓണസ്സദ്യയ്ക്കുള്ള അരിയും പച്ചക്കറിയുമടങ്ങിയ ‘ഓണക്കോപ്പു’കൾ വാങ്ങാൻ ഓണച്ചന്തയിലേക്ക് ഒരു പോക്കുണ്ട്. പൈസ വരുന്നതിനനുസരിച്ചാണ് ഓരോരുത്തരുടെയും വാങ്ങൽ. പണ്ടുകാലത്ത് വീടിന്റെ വലുപ്പമോ കാറിന്റെ എണ്ണമോ ഐഫോണോ നോക്കിയല്ല സ്റ്റാറ്റസ് അളന്നിരുന്നത്. മരുമക്കത്തായം നിലനിന്നിരുന്ന കാലമായിരുന്നല്ലോ. തറവാട്ടിലേക്ക് പെൺമക്കളുടെ ഭർത്താക്കന്മാർ കൊണ്ടുവരുന്ന ഓണക്കോപ്പുകൾ തമ്മിൽ താരതമ്യപ്പെടുത്തിയാണ് ഓരോരുത്തരുടെയും സ്റ്റാറ്റസ് നിർണയിച്ചിരുന്നത്. പിന്നീട് എന്തേലും പറഞ്ഞ് ഈശാപോശായുണ്ടാവുമ്പോൾ കൊണ്ടുവന്ന ഓണക്കോപ്പിന്റെ മേന്മകളും കുറവുകളും പരസ്പരം ഉറക്കെ വിളിച്ചു പറയുകയും ചെയ്യും.

ഓണാഘോഷത്തിനുള്ള തയാറെടുപ്പും വിഭവങ്ങളും എല്ലാം ചേർന്നതാണ് ‘ഓണക്കോള്’.തിരുവോണത്തിന്റെയന്നു നല്കുന്ന ഓണക്കോടിയും അതിൽപ്പെടും.തിരുവോണപ്പുലരിയിൽ കുളിച്ച് കുറിതൊട്ട് ഓണക്കോടിയുടുത്ത് അതിനുചേരുന്ന ആഭരണങ്ങളുമെല്ലാമണിഞ്ഞ് തിരുവോണത്തിന്റെയന്നു പ്രത്യേകമായി ഒരു ‘ഓണച്ചമയ’മുണ്ട്. കണ്ടാലും കണ്ടാലും മതിവരാത്ത നിലാച്ചന്തം.

തിരുവോണം ഉച്ചയായാൽ ‘ഓണമുണ്ണുക’ എന്ന ചടങ്ങിനു എല്ലാരും തയാറാവും. നിലവിളക്കു കത്തിച്ച് ആദ്യം മഹാബലിക്കു വിളമ്പും.പിന്നീട് കാരണവർ നാക്കിലയ്ക്കു മമ്പിൽ ചമ്രം പടിഞ്ഞിരുന്ന് മക്കളേയും ചെറുമക്കളേയും ഇരുവശങ്ങളിലും പിടിച്ചിരുത്തും. വീടുകളിലെ ആളുകളുടെ എണ്ണമനുസരിച്ച് ചിലപ്പോൾ മുഖാഭിമുഖം ഇരിക്കുന്ന തരത്തിൽ രണ്ടു പന്തിയായി തിരിക്കും.ഇങ്ങനെ വേണം ഓണമുണ്ണാൻ.

പണ്ടുകാലത്ത്, ഓണമുണ്ണുക മാത്രമല്ല, ‘ഓണമൂട്ടുക’യും ചെയ്യുമായിരുന്നു.ഓണക്കാഴ്ച കൊണ്ടുവരുന്ന ദേശക്കാർക്കും അടിയാന്മാർക്കും ജന്മിഗൃഹങ്ങളിൽ നിന്നു സദ്യ കൊടുക്കും.അവിട്ടത്തിനോ ചതയത്തിനോ ആയിരിക്കും ഓണമൂട്ട്. കേരളത്തിനു വെളിയിൽ ജോലി ചെയ്യുന്ന വീട്ടുകാരും ബന്ധുക്കളും ‘ഓണം പ്രമാണിച്ചു’ ഓണവിരുന്നുണ്ണാൻ വീട്ടിലെത്തും.‘ഓണസ്സമ്മാന’ങ്ങളും കൊണ്ടാണ് അവർ വീട്ടിലെത്തുക.

നാഗരികത കടന്നുച്ചെല്ലാത്ത ‘ഓണം കേറാമൂല’യിൽ പോലും ഇന്നു ഓണം കടന്നുചെല്ലും.‘ഓണത്തപ്പാ കുടവയറാ, നാളേക്കൊരു വട്ടി പൂ തരണേ’ എന്നുപാടി കുട്ടികൾ പൂപറിക്കാനിറങ്ങും. ഓണവും വിഷുവുമായിരുന്നു മലയാളികളുടെ പ്രധാന ആഘോഷങ്ങൾ. ആഘോഷങ്ങളിഷ്ടപ്പെടുന്ന മലയാളിക്ക് ഇന്നു എല്ലാ ദിവസവും ഓണമാണ്. എങ്കിലും പൊന്നിൻ ചിങ്ങത്തിൽ വന്നെത്തുന്ന പൊന്നോണപ്പുലരിയ്ക്ക് മാത്രം നൽകാൻ കഴിയുന്ന അനുഭൂതികളുണ്ടല്ലോ. അതിനായി കാത്തിരിക്കുന്നതു തന്നെ ഓണമാണ്... 

Tags:
  • Spotlight