Tuesday 21 September 2021 12:53 PM IST : By സ്വന്തം ലേഖകൻ

‘മക്കൾക്ക് വീട് വച്ച് നൽകണം, കടങ്ങൾ വീട്ടണം’: ‘ശരിക്കും ബംപറടിച്ച’ ഓട്ടോ ഡ്രൈവർ ജയപാലൻ പറയുന്നു

jayapalan കോടി ഉമ്മ... കേരള ഓണം ബംപർ ലോട്ടറിയുടെ 12 കോടിയുടെ സമ്മാനം ലഭിച്ച ജയപാലൻ അമ്മ ലക്ഷ്മിയുമൊത്ത്. ചിത്രം: ഇ.വി. ശ്രീകുമാർ ∙ മനോരമ

ട്വിസ്റ്റുകളുടേയും അനിശ്ചിതത്വങ്ങളുടേയും പകലിന് വിട. ഇതാ ആ ഭാഗ്യവാൻ. ഓണം ബമ്പര്‍ ഭാഗ്യശാലി ആരെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയത് ഞായറാഴ്ചയായിരുന്നു. TE 645465 എന്ന നമ്പറിനാണ് 12 കോടി രൂപയുട ഒന്നാം സമ്മാനം കിട്ടിയതെന്ന് നറുക്കെടുപ്പിലൂടെ കണ്ടെത്തി. അപ്പോഴും ഭാഗ്യവാൻ കാണാമറയത്തായിരുന്നു. ഒടുവിൽ പ്രവാസിയായ സെയ്തലവിയെയാണ് ഭാഗ്യം തേടിയെത്തിയതെന്ന് വാർത്തകൾ പരന്നു. പക്ഷേ അവിടെയും നിന്നില്ല ട്വിസ്റ്റ്. കേട്ടതും പ്രചരിച്ചതുമായ കഥകൾക്കൊടുവിൽ യഥാർത്ഥ ഭാഗ്യവാനെ നാട് കണ്ടെത്തി.

എറണാകുളം മരട് സ്വദേശി ജയപാലന്‍ ആയിരുന്നു ആ 12 കോടി നേടിയ ഭാഗ്യവാൻ. ഓട്ടോറിക്ഷ ഡ്രൈവറായ ജയപാലന്‍ ഇന്നലെയാണ് തനിക്കാണ് ഓണം ബമ്പര്‍ അടിച്ചെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. സമ്മാനം അടിച്ച ടിഇ 645465 ടിക്കറ്റ് ജയപാലൻ മറ്റുള്ളവരെ കാണിച്ചതോടെ ഉദ്വേഗം നിറഞ്ഞ നിമിഷങ്ങൾക്കും അവസാനമായി. ഓട്ടോ ഡ്രൈവറായ ജയപാലന്‍, ടിക്കറ്റ് കനറാ ബാങ്ക് ശാഖയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

സമ്മാനം അടിച്ച ടിഇ 645465 ടിക്കറ്റ് ജയപാലൻ മറ്റുള്ളവരെ കാണിച്ചു. ഓട്ടോ ഡ്രൈവറായ ജയപാലന്‍, ടിക്കറ്റ് കനറാ ബാങ്ക് ശാഖയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ‘ചാനലിലൂടെയാണ് ഓണം ബമ്പറിന്റെ ഫലം അറിയുന്നത്. ജയപാലന്‍ പറയുന്നു. തുടര്‍ന്ന് തന്റെ കൈയില്‍ ഉണ്ടായിരുന്ന ടിക്കറ്റ് പരിശോധിച്ചു. തനിക്കാണ് അടിച്ചതെന്ന് വ്യക്തമായെങ്കിലും ആരോടും പറഞ്ഞില്ല. തന്റേതായ കാര്യങ്ങള്‍ നടക്കില്ല എന്നതുകൊണ്ടാണ് പറയാതിരുന്നത്. ബാങ്കില്‍ ഏല്‍പിച്ച ശേഷം വീട്ടില്‍ വന്നപ്പോഴാണ് ഭാഗ്യശാലി ദുബായിലെന്ന വാര്‍ത്ത അറിയുന്നത്. യഥാര്‍ത്ഥ ടിക്കറ്റ് തന്റെ കൈയിലാണെന്ന ഉറപ്പുണ്ടായിരുന്നു. അതിന് ശേഷമാണ് ബന്ധുക്കളോടും മറ്റും പറയുന്നത്.’ –ജയപാലന്‍ പറഞ്ഞു.

വീട് വയ്ക്കാനും ഓട്ടോറിക്ഷ വാങ്ങാനും മറ്റുമായി ബാങ്കിൽ ലക്ഷങ്ങളാണു കടമുള്ളത്. അതു വീട്ടണം. മക്കൾക്കു വീടു വച്ചു കൊടുക്കണം. കഷ്ടപ്പാടിലൂടെ വളർന്നതാണ്. മദ്യപാനമോ പുകവലിയോ ഇല്ലാത്തതിനാൽ പണം ധൂർത്തടിക്കില്ല. മറ്റു വലിയ സ്വപ്നങ്ങളൊന്നുമില്ല. പണം നല്ല നിലയിൽ പ്രയോജനപ്പെടുത്തും.എല്ലാ ദിവസവും ടിക്കറ്റ് എടുക്കുമായിരുന്നു. മൂന്നും നാലുമൊക്കെ എടുക്കുമായിരുന്നു. അയ്യായിരം രൂപ വരെ അടിച്ചിട്ടുണ്ട്.ഇനിയും ലോട്ടറി എടുക്കും. ജയപാലന്‍ കൂട്ടിച്ചേര്‍ത്തു.

തൊണ്ണൂറ്റിനാലുകാരിയായ അമ്മ ലക്ഷ്മിയുമൊത്താണ് ജയപാലന്റെ താമസം. ചോറ്റാനിക്കര പടിയാർ മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളജിലെ ജീവനക്കാരി മണിയാണ് ഭാര്യ. മക്കൾ: വൈശാഖ് (ഇലക്ട്രീഷൻ), വിഷ്ണു (ഹോമിയോ ഡോക്ടർ). മരുമകൾ: കാർത്തിക. പേരക്കുട്ടി: വൈശ്വിക.