Thursday 19 July 2018 02:30 PM IST

ഓൺലൈനിൽ സമ്മാനം, ലൈക്സ് വഴി സഹായം; തിരിച്ചറിയാതെ പോകരുത് സോഷ്യൽമീഡിയ കെണികൾ

Roopa Thayabji

Sub Editor

online_trap

മൂന്നുമാസം മുമ്പ് ഷോപ്പിങ് വെബ്സൈറ്റിൽ നിന്ന് പർച്ചേസ് ചെയ്ത ബില്ലിന് നറുക്കെടുപ്പിലൂടെ അരക്കിലോ സ്വർണനാണയം സമ്മാനമടിച്ചു എന്നുപറഞ്ഞ് വിളിച്ചയാൾ നികുതിയിനത്തിൽ ആവശ്യപ്പെട്ടത് 8000രൂപ. പണം കൈമാറിയ വീട്ടമ്മ, സ്വർണനാണയം ലഭിക്കാതെ വന്നതോടെയാണ് പരാതിപ്പെട്ടത്. ഓൺലൈൻ സമ്മാനങ്ങളും ലൈക്ക് വഴി സഹായവുമെല്ലാം വെറും തട്ടിപ്പുകളാകാം. തിരിച്ചറിയാനുള്ള മാർഗങ്ങളിതാ.

സമ്മാനങ്ങൾ ഇത്തരത്തിൽ

∙ സമ്മാനത്തിന് എക്സൈസ് ഡ്യൂട്ടി അടയ്ക്കാനെന്നു പറഞ്ഞ് ചെറിയ തുകകളാണ് ആവശ്യപ്പെടുക. ആരും സംശയിക്കില്ലെന്നു മാത്രമല്ല, പറ്റിക്കപ്പെട്ടാൽ പരാതിപ്പെടാറുമില്ല. പത്തുപേരെ ഒരേ തരത്തിൽ പറ്റിക്കുമ്പോൾ തട്ടിപ്പുകാരുടെ കൈയിലെത്തുന്നത് ലക്ഷങ്ങളാണ്.

∙ ഓൺലൈൻ ഷോപ്പിങ് നടത്തിയതിനു സമ്മാനമടിച്ചിട്ടുണ്ടെങ്കിൽ നോട്ടിഫിക്കേഷൻ ആദ്യം വരുന്നത് നിങ്ങളുടെ ഫോണിലെ ആപ്പിലാണ്. ആപ്ലിക്കേഷൻ അൺഇൻസ്റ്റാൾ ചെയ്തെങ്കിൽ പോലും പർച്ചേസ് ചെയ്യുന്ന സമയത്ത് ലോഗിൻ ചെയ്യാൻ ഉപയോഗിച്ച ഇമെയിലിലേക്ക് അംഗീകൃത വെബ്സൈറ്റിൽ നിന്ന് ഇമെയിൽ വരും.

∙ ഇത്തരം ഫോൺകാളുകൾ ലഭിക്കുമ്പോൾ സംശയം തോന്നിയാൽ അതത് ഷോപ്പിങ് വെബ്സൈറ്റുകളുടെ ടോൾ ഫ്രീ നമ്പറിലോ പ്രാദേശിക വിതരണക്കാരെയോ ബന്ധപ്പെട്ട് വിശ്വാസ്യത ഉറപ്പാക്കാം.

പിൻ വിഴുങ്ങിയ കുട്ടിക്ക് സഹായം

മനസ്സാക്ഷിയുള്ളവർ മെസേജ് ഷെയർ ചെയ്താൽ ഓരോ ഷെയറിനും ഒരു രൂപ വീതം കുട്ടിയുടെ അക്കൗണ്ടിലെത്തും എന്നുപറഞ്ഞ് വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും വരുന്ന മെസേജുകൾക്ക് കൈയും കണക്കുമില്ല. ഇതിൽ പലതിലും സത്യാവസ്ഥ ഉണ്ടാകാറില്ല.

∙ വാട്സ്ആപ്പും ഫെയ്സ്ബുക്കും ഇതുവരെ ആർക്കും പൈ സ വെറുതേ കൊടുത്ത ചരിത്രമില്ല.

∙ ഇത്തരം മെസേജുകളെക്കുറിച്ച് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഒരു പോലെ പ്രചരിച്ച നാലു മെസേജുകളും പോസ്റ്റ് ചെയ്തത് ഒരാൾ തന്നെയാണെന്നു കണ്ടെത്തിയിരുന്നു. നമ്മൾ ഇടുന്ന മെസേജ് നൂറുപേർ ഷെയർ ചെയ്യുന്നതു കാണുമ്പോൾ തോന്നുന്ന സന്തോഷമില്ലേ. അതുതന്നെയാണ് ഈ മെസേജുകൾക്കു പിന്നിൽ. വെറും മനോരോഗം.

ലൈക്സ് വഴിയും അമളികൾ

350 ഫ്രണ്ട്സുള്ള സുഹൃത്തിന്റെ പുതിയ ഫെയ്സ്ബുക്ക് അപ്ഡേറ്റിന് 5000 ലൈക്സ്. ഇതുകണ്ട് ഒരിക്കലെങ്കിലും നിങ്ങൾ അദ്ഭുതപ്പെട്ടിട്ടുണ്ടാകില്ലേ. അൽപം അസൂയയും മനസ്സിലുണ്ടാകും. ഇതിനു പിന്നിൽ ചില തരികിടകളും നമ്മളറിയാത്ത കെണികളുമുണ്ട്.

∙ബൾക്കായി ലൈക്സ് കിട്ടി എന്നു മറ്റുള്ളവരുടെ മുന്നിൽ ആളാകാനുള്ള ന്യൂജനറേഷന്റെ ഈ വഴി ബോട്ട് സിസ്റ്റം എന്നാണ് അറിയപ്പെടുന്നത്.

∙ ബോട്ട് സിസ്റ്റം വെബ്സൈറ്റുകളിലോ ആപ്ലിക്കേഷനുകളിലോ രജിസ്റ്റർ െചയ്യുകയാണ് ആദ്യപടി. ആ വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്ത ലക്ഷക്കണക്കിനു ആളുകളുടെ പട്ടികയിലേക്ക് ഇതോടെ നമ്മളും ചേർക്കപ്പെടും.

∙ നമ്മുടെ അപ്ഡേറ്റുകൾക്ക് ആ നെറ്റ്‌വർക്കിലുള്ളവരുടെ ലൈക്ക് ഓട്ടോമാറ്റിക്കായി വരുന്നതാണ് ലൈക്സ് കൂടാൻ കാരണം. കമന്റ് ചെയ്യാനുള്ള ഓപ്ഷൻ കൂടി സെലക്ട് ചെയ്തിട്ടുള്ളവർക്ക് ആയിരക്കണക്കിനു കമന്റുകളും വരും.

∙ ഒളിച്ചിരിക്കുന്ന അപകടം ഇവിടെയല്ല. നമ്മൾ ലൈക് ചെയ്യുമ്പോഴും കമന്റ് ചെയ്യുമ്പോഴും സുഹൃത്തുക്കൾക്ക് നോട്ടിഫിക്കേഷൻ ചെല്ലാറില്ലേ. ചെല്ലുന്ന നോട്ടിഫിക്കേഷനിൽ പലതും സെക്സ് വിഡിയോകൾക്കുള്ള ലൈക്കും കമന്റുമാകും.

∙ ബോട്ട് സിസ്റ്റം നെറ്റ്‌വർക്കിലുള്ള മറ്റുള്ളവരുടെ പോസ്റ്റ് ലൈക് ചെയ്യുന്നവരിൽ നമ്മളും പെടുമെന്ന് മിക്കവരും ആലോചിക്കാറില്ല.

∙ Fake Auto liker പോലുള്ള ബോട്ട് സിസ്റ്റം ആപ്ലിക്കേഷനുകൾ പരസ്യങ്ങളോ മാർക്കറ്റിങ് ആവശ്യങ്ങളോ ആകും ലക്ഷ്യമിടുന്നത്.

ഫെയ്സ്ബുക്കിലെ ചിത്രങ്ങൾ

അടുക്കള കൃഷിയിൽ വ്യാപൃതയായ വയനാട്ടുകാരി പെൺകുട്ടി വിളവെടുക്കുന്ന പച്ചക്കറികളുടെ ചിത്രങ്ങൾ പതിവായി ഫെയ്സ്ബുക്കിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. ഒരിക്കൽ വീട്ടുവേഷത്തിൽ കൈയിൽ പപ്പായ പിടിച്ചുനിൽക്കുന്ന ചിത്രം അശ്ലീല കമന്റോടെ മറ്റാരോ പോസ്റ്റ് ചെയ്തതു കണ്ട് ഇവർ പരാതിപ്പെട്ടു. ശത്രുക്കളാരോ ചെയ്തതാണെന്നായിരുന്നു ഇ വരുടെ ഊഹമെങ്കിലും യാതൊരു പരിചയവുമില്ലാത്ത മറ്റൊരു ജില്ലക്കാരനായ19കാരനായിരുന്നു ഇത് പോസ്റ്റ് ചെയ്തത്.

∙ ഫെയ്സ്ബുക്കിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന ചിത്രങ്ങൾ ബൾക്ക് ആയി വിൽക്കുന്നവരുണ്ട്. 1000 ഫ്രഷ് ലേഡീസ് ഫോട്ടോസ് എന്നൊക്കെ ടാഗ്‌ലൈൻ കൊടുത്ത് ഇവ പോസ്റ്റ് ചെയ്യുന്നതോടെ വ്യാപകമായി ഷെയർ ചെയ്യപ്പെടും.

∙ ശരീരത്തിന്റെ ആകൃതി എടുത്തറിയിക്കുന്നതോ വീട്ടുവേഷത്തിലുള്ളതോ ആയ ചിത്രങ്ങൾ ഒരിക്കലും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാൻ പാടില്ല.

∙ ഭർത്താവിനു പോലും സ്വന്തം നഗ്നചിത്രം ഫോണിലൂടെ അയയ്ക്കരുത്. സെക്യൂരിറ്റി പ്രശ്നമുണ്ടാകുമെന്നു സംശയം തോന്നുന്ന ചിത്രങ്ങൾ ഒരു കാരണവശാലും മൊബൈൽ ക്യാമറ ഉപയോഗിച്ച് എടുക്കരുത്.

∙ വിഡിയോ ചാറ്റ് ചെയ്യുമ്പോൾ അനാവശ്യ സംസാരവും ആംഗ്യവും വേണ്ട. സ്ക്രീൻ റിക്കോർഡർ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഇത് റിക്കോർഡ് ചെയ്യാനാകും.

∙ സ്മാർട് ഫോൺ ഇനി സ്മാർട്ടായ കാര്യങ്ങൾക്കു മാത്രമേ ഉപയോഗിക്കൂ എന്ന് മനസ്സിൽ ഉറപ്പിക്കാം. സ്വയം എടുക്കുന്ന ഈ തീരുമാനവും കരുതലും ആണ് കെണികളെ നേരിടാനുള്ള ഏറ്റവും മികച്ച ആന്റിവൈറസ്.

1. കേരളത്തിലുമെത്തി ആ ‘നീല തിമിംഗലം’! കൊലയാളി ഗെയിമിൽ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

2. നിങ്ങളുടെ ചാറ്റിങ് മൂന്നാമതൊരാൾ അറിയുന്നുണ്ടോ? വിഡിയോ കോളിങ്ങിലെ കെണിയും തിരിച്ചറിയാം

വിവരങ്ങൾക്ക് കടപ്പാട്– രതീഷ് ആർ. മേനോൻ,

സോഷ്യൽ മീഡിയ, മൊബൈൽ ആപ്ലിക്കേഷൻ വിദഗ്ധൻ