Tuesday 12 February 2019 03:26 PM IST : By സ്വന്തം ലേഖകൻ

ഫെയ്സ്ബുക് പരസ്യം കണ്ട് ജോലിയ്ക്ക് അപേക്ഷിച്ചു; ക്രൂരവും വേദനാജനകവുമായ അനുഭവം പങ്കുവച്ച് യുവതി!

fb-work-req Representative Image

സമൂഹ മാധ്യമങ്ങളിലെ പരസ്യം കണ്ട് ജോലിയ്ക്ക് അപേക്ഷിക്കുന്നവർ ഒന്ന് കരുതിയിരിക്കുക. സൂക്ഷിച്ചില്ലെങ്കിൽ ചതിയിൽ അകപ്പെടും എന്നാണ് കൊൽക്കത്തയിൽ നിന്നുള്ള ഒരു യുവതിയുടെ അനുഭവം വ്യക്തമാക്കുന്നത്. ഫെയ്സ്ബുക്ക് പരസ്യം കണ്ട് ബയോഡേറ്റ നൽകിയ യുവതിയ്ക്കാണ് രണ്ടു ദിവസത്തെ ക്രൂരവും വേദനാജനകവുമായ അനുഭവം ഉണ്ടായത്. 

കൊൽക്കത്ത ജാദവ്പൂർ സ്വദേശിയായ ഇരുപത്തിയാറുകാരിയാണ് ഫെയ്സ്ബുക്കിലെ പരസ്യം കണ്ട് ബയോഡേറ്റ നൽകിയത്. ‘ജോബ്സ് ഇൻ കൊൽക്കത്ത’ എന്ന ലിങ്ക് തുറന്നാണ് യുവതി ജോലിക്കുള്ള അപേക്ഷ അയച്ചത്. കോണ്ടാക്റ്റ് നമ്പറും വീട്ടിലെ അഡ്രസ്സും ഈമെയിൽ വിലാസവുമെല്ലാം ബയോഡേറ്റയിൽ ഉൾപ്പെടുത്തിയിരുന്നു. അപേക്ഷ നൽകി ദിവസങ്ങൾക്ക് ശേഷം യുവതിയെ ഒരു സ്ത്രീ ഫോണിൽ വിളിച്ചു. ഒരു നമ്പർ കൈമാറിയ ശേഷം അതിൽ ബന്ധപ്പെടാൻ ആവശ്യപ്പെട്ടു. ജോലിയ്ക്ക് മികച്ച പ്രതിഫലവും വാഗ്ദാനം ചെയ്തു. 

സ്ത്രീ ആവശ്യപ്പെട്ട ഫോൺ നമ്പറിൽ വിളിച്ച യുവതിയോട് ഒരു പുരുഷൻ അവരുടെ കുറച്ചു ചിത്രങ്ങൾ അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. ടെലിഫോണിലൂടെ അഭിമുഖവും നടത്തി. പിന്നീട് യുവതിയെ ജോലിക്ക് തിര‍ഞ്ഞെടുത്തതായി അറിയിച്ചു. പക്ഷേ, ചില വ്യവസ്ഥകൾ പാലിക്കണമെന്ന് അറിയിച്ചു. ഉയർന്ന ഉദ്യോഗസ്ഥരുടെ അതിഥികളുടെ ആഗ്രഹങ്ങൾക്ക് വഴങ്ങണം എന്നതായിരുന്നു പ്രധാന വ്യവസ്ഥ. ആവശ്യത്തോടു വിയോജിച്ച യുവതി ഫോൺ ഉടൻതന്നെ ഡിസ്കണക്റ്റ് ചെയ്തു. 

യുവതിയെ ഇവർ ഒരു വാട്സാപ് ഗ്രൂപ്പിൽ ആഡ് ചെയ്തു. ഗ്രൂപ്പിലുള്ളവർ യുവതിയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചുതുടങ്ങി. യുവതി ഗ്രൂപ്പിൽനിന്ന് ക്വിറ്റ് ചെയ്‌തെങ്കിലും അവർ വീണ്ടും ആഡ് ചെയ്തു കൊണ്ടിരുന്നു. അടുത്ത ദിവസം മുതൽ ഫോണിലൂടെയും ശല്യം തുടങ്ങി. ആസിഡ് ആക്രമണ ഭീഷണിയും അശ്ലീല സന്ദേശങ്ങളും മൂലം രണ്ടു ദിവസം കടുത്ത മനോവിഷമത്തിലായിരുന്നു യുവതി.

50,000 രുപ നൽകിയില്ലെങ്കിൽ യുവതിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നായിരുന്നു മറ്റൊരു ഭീഷണി. യുവതി ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ചും താമസ സ്ഥലത്തെക്കുറിച്ചുമുള്ള വിശദവിവരങ്ങൾ തങ്ങൾക്കറിയാമെന്നു പറഞ്ഞതോടെ ഭയപ്പെട്ട യുവതി ഉടൻതന്നെ പരാതിയുമായി പൊലീസിനെ സമീപിച്ചു.

പ്രാദേശിക പൊലീസ് സ്റ്റേഷനിലും കൊൽക്കത്തയിലെ സൈബർ സെല്ലിലും യുവതി പരാതി നൽകിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അധികാരികൾ വ്യക്തമാക്കി. എന്നാൽ പരാതി നൽകിയതിനുശേഷവും തനിക്ക് ഭീഷണികോളുകൾ ഉണ്ടായെന്ന് യുവതി പറയുന്നു. 2017 ൽ വിവാഹിതയായ യുവതി ഭർത്താവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കുറച്ചുനാളുകളായി മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് ഇവർ ജോലിക്ക് ശ്രമിച്ചത്.