Wednesday 06 July 2022 12:15 PM IST : By സ്വന്തം ലേഖകൻ

ഓൺലൈനിൽ ഓര്‍ഡര്‍ ചെയ്ത ബാഗ് കിട്ടി, തുറന്നപ്പോൾ അതിനുള്ളിൽ മറ്റൊരു പഴ്സ്, പണം, എടിഎം കാർഡ്; അന്തംവിട്ട് വീട്ടുകാർ, പിന്നെ സംഭവിച്ചത്..

kasargod-purse-and-cash-inside-the-bag-booked-online.jpg.image.845.440

ഓൺലൈനിൽ ബുക്ക് ചെയ്ത ബാഗ് കിട്ടി തുറന്നു നോക്കിയപ്പോൾ അതിനുള്ളിൽ മറ്റൊരു പഴ്സ്. അത് തുറന്നു നോക്കിയപ്പോൾ അതിനകത്ത് പണവും എടിഎം കാർഡ് ഉൾപ്പെടെയുള്ള രേഖകളും. വീട്ടുകാർ അന്തംവിട്ടു. പിന്നീട് അന്വേഷണം നടത്തി ഉടമയെ കണ്ടെത്തി. തൃക്കരിപ്പൂർ പൂച്ചോലിലെ ടി. സഹലിന്റെ വീട്ടിലാണ് സംഭവം. 

സഹോദരിക്കു വേണ്ടി സഹൽ ഒൺലൈനിൽ ബാഗിന് ഓർഡർ നൽകുകയായിരുന്നു. ഇന്നലെ ബാഗ് കയ്യിലെത്തി. തുറന്നു നോക്കിയപ്പോഴാണ് പഴ്സും അതിനകത്തു പണവും രേഖകളും കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ ബന്ധപ്പെട്ടു. തൽക്കാലം പഴ്സ് കയ്യിൽ വയ്ക്കാനായിരുന്നു നിർദേശം. പിന്നീട് വീട്ടുകാർ എടിഎം കാർഡുമായി ബന്ധപ്പെട്ട് ബാങ്കിന്റെ ശാഖയിൽ ചെന്നു. 

പരിശോധനയിൽ എടിഎം കാർഡ് ഉടമയുടെ ഫോൺ നമ്പർ ലഭ്യമായി. ജമ്മു കശ്മീരിലെ ഒരു സ്ത്രീയാണ് ഉടമ. നിലവിൽ ഡൽഹിയിൽ ജോലി ചെയ്യുന്ന സ്ത്രീ, പഴ്സും രേഖകളും അവരുടേതാണെന്ന് സ്ഥിരീകരിച്ചു. പണം അക്കൗണ്ടിൽ നിക്ഷേപിക്കാനും പഴ്സും മറ്റു രേഖകളും കൊറിയർ വഴി അയക്കാനും അവരുടെ ആവശ്യപ്രകാരം സഹൽ തീരുമാനിച്ചു. ആറായിരം രൂപയുണ്ടായിരുന്നു. പണം വേണ്ടെന്നു പറഞ്ഞെങ്കിലും അക്കൗണ്ടിൽ നിക്ഷേപിച്ചു. 

അവരുടെ പഴ്സ് സഹലിനു കിട്ടിയ ബാഗിൽ വന്നു പെട്ടതിനു പിന്നിലെ സംഭവം അവർ വിവരിച്ചതിങ്ങിനെ: ഈ ബാഗ് ആദ്യം വാങ്ങിയത് അവരായിരുന്നു. ഓർഡർ ചെയ്ത പ്രകാരമുള്ള ബാഗല്ലെന്നു തോന്നിയതിനാൽ തിരികെ അയച്ചു. പക്ഷേ, കയ്യിലുണ്ടായിരുന്ന പഴ്സ് അതിനകത്തു പെട്ടത് അറിഞ്ഞില്ല. നഷ്ടപ്പെട്ട രേഖകൾക്കും മറ്റുമുള്ള തിരച്ചിലിൽ നിരാശയോടെ ഇരിക്കുമ്പോഴാണ് നിനച്ചിരിക്കാതെ സന്തോഷം പകരുന്ന വിളി വന്നതെന്ന് അവർ സഹലിനോടു പറഞ്ഞു.

Tags:
  • Spotlight