Friday 21 September 2018 04:55 PM IST : By സ്വന്തം ലേഖകൻ

‘ചെറിയദൂരം വലിയദൂരം എന്നൊക്കെയുണ്ടോ ചേട്ടാ...’; ഓട്ടോ ഡ്രൈവർമാർക്ക് കോഴിക്കോട് സ്വദേശിനിയുടെ തുറന്ന കത്ത്

auto പ്രതീകാത്മക ചിത്രം

 പ്രിയപ്പെട്ട ഓട്ടോസഹോദരങ്ങൾ അറിയുന്നതിന്,

കോട്ടയം നഗരഹൃദയത്തിലുള്ള ഒരു കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ് ഞാൻ. കോഴിക്കോടാണ് സ്വദേശം. അതിനാൽ തന്നെ വാരാന്ത്യങ്ങളിൽ നാട്ടിൽ പോയി തിങ്കളാഴ്ച പുലർച്ചെ, മലബാർ എക്സ്പ്രസിനു തിരികെ വരുന്നതാണു പതിവ്. രാവിലെ 4.45നു കോട്ടയം സ്റ്റേഷനിൽ എത്തിയാൽ കേവലം 3 കിലോമീറ്റർ ദൂരത്തുള്ള എന്റെ ഹോസ്റ്റൽ വരെ പോകാൻ ഓട്ടോ കാത്തുനിൽക്കേണ്ടതു ചുരുങ്ങിയത് ഒരുമണിക്കൂറാണ്. 

ഓട്ടോ ഇല്ലാത്തതല്ല പ്രശ്നം, ചെറിയ ദൂരത്തേക്കുള്ള ‌ഓട്ടമായതിനാൽ ആരും വരുന്നില്ല. നാഗമ്പടം, കഞ്ഞിക്കുഴി, ഈരയിൽക്കടവ്, കെഎസ്ആർട്ടിസി ബസ് സ്റ്റാൻഡ് എന്നിങ്ങനെ അടുത്തുള്ള പലയിടത്തേക്കും ഓട്ടോ വരാത്തതിനാൽ കുഞ്ഞുങ്ങളുമായി വന്നവരും പ്രായമായവരുമെല്ലാം കഷ്ടപ്പെടുന്നതു കാണാം. 

ഞാനും പലയിടത്തേക്കുമുള്ള ഒട്ടേറെ വിദ്യാർഥികളും ഇതേപ്രശ്നം നേരിടുന്നു. ഇനി, ഇത്രനേരം കാത്തുനിന്നു കിട്ടുന്ന ഈ ചെറിയദൂരം ഓട്ടോയാത്രയ്ക്കു വാങ്ങുന്നതു പലപ്പോഴും കൂടുതൽ തുകയുമാകും. പ്രീപെയ്ഡ് സംവിധാനം ഉണ്ടായിരുന്നെങ്കിൽ എത്ര ആശ്വാസമായിരുന്നെന്ന് ആരും ഓർത്തു പോകും.

ഈ കാത്തുനിൽപു സ്ഥിരമായപ്പോൾ, എന്തു കൊണ്ടാണ് എല്ലാവരും ഞങ്ങളെ ഒഴിവാക്കുന്നതെന്ന് സ്റ്റേഷനിലെ ഒരു ഓട്ടോചേട്ടനോട് ഞാനൊരിക്കൽ ചോദിച്ചു. അത് സ്റ്റേഷനിലെ സ്റ്റാൻഡിലുള്ള ഓട്ടോക്കാരാവില്ല, പുറത്തുനിന്നു വരുന്നവരാകും എന്ന മറുപടിയാണു ലഭിച്ചത്. 

ദീർഘദൂരം യാത്രചെയ്തു ക്ഷീണിച്ചെത്തുന്ന ഞങ്ങൾ സാധാരണക്കാർ ഇനി സ്റ്റേഷൻ സ്റ്റാൻഡിലെ ഓട്ടോക്കാരെയും അല്ലാത്തവരെയുമൊക്കെ വേർതിരിച്ചു കണ്ടെത്തി ഓട്ടോ വിളിക്കണമെന്നാണോ? പഴയ പ്രീപെയ്ഡ് കൗണ്ടറിനു മുന്നിൽ നിർത്തുന്ന ഓട്ടോക്കാരും ചെറുദൂരങ്ങളിലേക്കു പുലർച്ചെ വരാറില്ലെന്നതും ഇവിടെ ചേർക്കട്ടെ.

മഞ്ഞയും കറുപ്പും നിറത്തിലുള്ള ഈ വണ്ടി ഒരു വികാരമായി കരുതുന്ന നാട്ടിൽനിന്നു വന്നതുകൊണ്ടോ എന്തോ, കോളജ് പഠനം പൂർത്തീകരിച്ചു മടങ്ങുന്നതിനു മുൻപേ ഇത് അനീതിയാണെന്നതു നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തണമെന്നു കരുതി. അടുത്ത തിങ്കളാഴ്ച ട്രെയിനിറങ്ങിയ ശേഷം ഓട്ടോ കാത്തുനിൽക്കേണ്ടി വരില്ലെന്ന  പ്രതീക്ഷയോടെ,

- ശ്രേയ ജോയ്


More