Monday 27 January 2020 12:35 PM IST : By സ്വന്തം ലേഖകൻ

തെരുവിൽ ഓറഞ്ച് വിൽക്കുന്ന മനുഷ്യന് പത്മശ്രീ നൽകി രാജ്യത്തിന്റെ ആദരം! ആ കഥയിങ്ങനെ...

harekala-hajabba

തെരുവിൽ ഓറഞ്ച് വിറ്റു ജീവിക്കുന്ന മനുഷ്യന് ഉന്നത ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ച് രാജ്യം. കേട്ടിട്ട് അവിശ്വാസം തോന്നുന്നുണ്ടോ? എങ്കിൽ അറിഞ്ഞോളൂ, കർണാടകക്കാരനായ ഹരകേള ഹജബ്ബ വെറുമൊരു പഴം വില്പനക്കാരനല്ല. നിരവധി പേർക്ക് മാതൃകയാവാൻ കെൽപ്പുള്ള ഉയർന്ന കാഴ്ചപ്പാടുള്ള വ്യക്തിയാണ് അദ്ദേഹം. ഓറഞ്ച് വിൽപ്പനയിലൂടെ കിട്ടുന്ന പണം പാവപ്പെട്ട കുട്ടികളുടെ പഠനത്തിനായി വിനിയോഗിക്കുകയാണ് ഹജബ്ബ. 

ദക്ഷിണ കന്നഡയിലെ മംഗളൂരുവിനു സമീപമുള്ള ന്യൂപഡുപ്പു സ്വദേശിയാണ് ഹജബ്ബ. വിദ്യാഭ്യാസമില്ലാത്തതിന്റെ കുറവ് സ്വന്തം ജീവിതം കൊണ്ട് അനുഭവിച്ചപ്പോഴാണ് വേറിട്ട ചിന്തയിലേക്ക് അദ്ദേഹം എത്തുന്നത്. തന്റെ നാട്ടിൽ അക്ഷരാഭ്യാസമില്ലാത്ത കുഞ്ഞുങ്ങൾക്ക് തന്റെ ഗതി വരരുതെന്ന തീരുമാനത്തിൽ 1999 ൽ അദ്ദേഹം ഒരു സ്കൂൾ ആരംഭിച്ചു. ഓറഞ്ച് വിൽപ്പനയിൽ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു സ്‌കൂൾ തുടങ്ങിയത്.

പതിയെ ഹജബ്ബയുടെ ലക്ഷ്യം ജനങ്ങളിലേക്ക് എത്തി. അദ്ദേഹത്തിന്റെ സ്കൂളിൽ കുട്ടികളുടെ എണ്ണം കൂടി. സർക്കാർ സഹായമായി ഭൂമി വിട്ടു നൽകി. അങ്ങനെ ഹജബ്ബയുടെ സ്വപ്നം രാജ്യം മുഴുവൻ ശ്രദ്ധ നേടി. ഇന്ന് സ്‌കൂള്‍ പ്രീ യൂണിവേഴ്‌സിറ്റി സ്‌കൂളായി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. ഹജബ്ബയുടെ ജീവചരിത്രം മംഗളൂരു സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദ കോഴ്‌സിന്റെ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Tags:
  • Spotlight
  • Inspirational Story