Monday 21 October 2019 03:55 PM IST : By സ്വന്തം ലേഖകൻ

കേരളത്തിൽ അവയവദാന മാഫിയ ഉണ്ടോ? പ്രചരണങ്ങൾക്കു പിന്നിലെ സത്യം; കുറിപ്പ്

organ

മരണാനന്തര അവയവദാനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ അടക്കം നിറയുന്നത്. ജോസഫ് സിനിമ പങ്കുവച്ച സമാനമായ പ്രശ്നം മുൻനിർത്തിയും ചർച്ചകൾ കൊഴുക്കുന്നുണ്ട്. അവയവദാനത്തിന്റെ പേരിൽ സാധാരണക്കാരനെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നുവെന്ന ഫിറോസ് കുന്നംപറമ്പിലിന്റെ വാക്കുകളാണ് ഇത്തരം വിവാദങ്ങൾക്ക് എരിവും പുളിയും പകർന്നിരിക്കുന്നത്. ലക്ഷങ്ങൾ വിലയിട്ടുറപ്പിച്ച് അവയവങ്ങൾ കച്ചവടം ചെയ്യുന്ന മാഫിയകൾക്കും ആശുപത്രികൾക്കും എതിരെയാണ് ആരോപണം നീളുന്നത്. ആരോപണങ്ങൾ ഒരു പരിധി വരെ സാധാരണക്കാരനെ തെറ്റിദ്ധരിപ്പിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോക്ടർ ദീപു സദാശിവൻ. കേരളത്തിൽ അവയവ മാഫിയ ഉണ്ടോ? എന്ന തലക്കെട്ടിൽ‌ ദീപു പങ്കുവച്ച കുറിപ്പ് നിലവിൽ ഉയർന്നിരിക്കുന്ന ആരോപണങ്ങളുടെ മുനയൊടിക്കാൻ‌ പോന്നതാണ്.

ഫെയ്‍സ്ബുക്ക് കുറിപ്പ് വായിക്കാം;

കേരളത്തിൽ അവയവ മാഫിയ ഉണ്ടോ???!!

എന്റെ മറുപടി മുന്‍പും പറഞ്ഞിട്ടുണ്ട് എന്നാല്‍ ഇന്ന് ശ്രീ ഫിറോസ് കുന്നംപറമ്പിൽ ചില പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്, അത്തരമൊരു "അവയവ കൈ മാറ്റ മാഫിയ നിലനിൽക്കുന്നു എന്ന് നിസംശയം അദ്ദേഹം സാക്ഷ്യപ്പെടുത്തുകയാണ്, അതും വളരെ ലാഘവത്തോടെ.

ഈ ചോദ്യത്തിന് ഞാന്‍ ഉത്തരം പറഞ്ഞിരുന്നത് :- ജോസഫ് സിനിമയില്‍ കാണുംപോലെ ഒരാളെ കൊന്നു അവയവം എടുക്കുകയോ, ആശുപത്രി വഴി പോകുന്നവരെയൊക്കെ പിടിച്ച് അവരറിയാതെ അവയവങ്ങൾ മുറിച്ചെടുക്കുകയോ ഒക്കെ ചെയ്യുന്നത് പോലുള്ള ഒരു organized crime ''മരണാനന്തര" അവയവ മാഫിയ ഓൾ മോസ്റ്റ് അസംഭവ്യമാണ്.

എന്നാൽ ലൈവ് ഓർഗൻ donation പ്രക്രിയയിൽ ഇത്തരം അധാർമിക പ്രവണതകൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

ഇതെങ്ങനെ സംഭവിക്കുന്നു എന്ന് ചോദിച്ചാല്‍ ,

ഒരു ഉദാഹരണത്തോടെ പറയാം,
അടുത്തിടെ ഒരു പെൺകുട്ടിക്ക് സ്ത്രീധനം കൊടുക്കാൻ നിവൃത്തിയില്ലെന്ന് പറഞ്ഞുകൊണ്ട് മറ്റൊരു നന്മമരം പരസ്യമായി പണപ്പിരിവ് നടത്തി എന്ന് കേട്ടു. അതായത് സ്ത്രീധനം നിയമം മൂലം നിരോധിച്ചിരിക്കുന്ന ഒന്നാണെങ്കിലും കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും പരാതിയില്ലാതെ രഹസ്യമായ ഇടപാട് ആയതിനാൽ അനധികൃതമായി അതിവിടെ നിർബാധം അരങ്ങേറുന്നു. നിയമമൊക്കെ മറന്ന് നന്മ മരങ്ങൾ അതിനും പിരിവ് നടത്തുന്നു.

ജീവിച്ചിരിക്കുന്നവരിൽ നിന്ന് അവയവം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കർശനമായ നിയമങ്ങൾ ഉണ്ട്.

1, സാധാരണഗതിയിൽ ഒരാൾക്ക് അവയവം ദാനം ചെയ്യാൻ അയാളുടെ ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രമേ കഴിയൂ.

എന്നാൽ അതിന് കഴിയാത്ത ചില സന്ദർഭങ്ങളിൽ കർശന നിയമങ്ങൾക്ക് വിധേയമായി ചില ഇളവുകൾ കൊടുത്തിട്ടുണ്ട്

2, കാശോ പ്രതിഫലമോ വാങ്ങാതെ ജീവകാരുണ്യ താല്പര്യം കൊണ്ട് മാത്രം ബന്ധു അല്ലാത്ത ഒരാള്‍ക്ക്‌ അവയവ ദാനം ചെയ്യാം.

3, ഇതൊരു ലളിതമായ നടപടിക്രമമല്ല, ഈ കാര്യങ്ങള്‍ സൂചിപ്പിച്ചു കൊണ്ട് ഉള്ള സത്യവാങ്ങ്മൂലങ്ങളും രേഖകളും സമര്‍പ്പിച്ചു, നിരീക്ഷണ സമിതിയുടെ അനുവാദത്തോടു കൂടി മാത്രമേ ഇത് നടത്താന്‍ കഴിയൂ.

4, കാശു കൊടുത്തു യാതൊരു കാരണവശാലും അവയവം വാങ്ങാനോ, ആ രീതിയില്‍ അവയവം വില്‍ക്കാനോ പാടില്ല.

5, അത് ലംഘിച്ചാല്‍ കടുത്ത ശിക്ഷ കിട്ടുന്ന ക്രിമിനൽ കുറ്റം ആയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ശ്രീ ഫിറോസ് പറയുന്നത് കേട്ടാല്‍ ആര്‍ക്കും മനസ്സിലാവുന്നത് ,

a, അവയവം കാശ് കൊടുത്ത് വാങ്ങുന്നത് ഇവിടെ അനധികൃതമായി നടക്കുന്നുണ്ടെന്നും, അദ്ദേഹത്തിന് അതേ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും,

b, എന്നാൽ ഇതൊന്നും വലിയ സംഭവമല്ല എന്ന നിലയ്ക്ക് ഇതില്‍ കണ്ണിയായി അദ്ദേഹം വർത്തിക്കുന്നു എന്നും,

c, അവയവം വാങ്ങുന്നതിനുള്ള തുക പൊതു സമൂഹത്തില്‍ നിന്നും കിട്ടിയ പണത്തിൽ നിന്ന് കൊടുക്കുന്നുണ്ടുമെന്നാണ്.

അതായത് സദുദ്ദേശപരമായി ആളുകൾ കൊടുത്തിരുന്ന തുക, നിയമവിരുദ്ധമായ ഒരു പ്രവർത്തിക്ക് ഉപയോഗിക്കുന്നു എന്ന് സത്യം ഫിറോസ്‌ തന്നെ വെളിപ്പെടുത്തുന്നു.

"നിയമം നോക്കിയാല്‍ ഇതൊക്കെ ചെയ്യാന്‍ കഴിയുമോ"എന്ന് മുന്‍പ് ഫിറോസ്‌ പറഞ്ഞത് ഇതുമായി കൂട്ടി വായിക്കാം.

നിയമവ്യവസ്ഥയോടുള്ള അജ്ഞതയോ, പുച്ഛമോ, നിയമത്തെ മറി കടക്കുന്നത് ലഘുവായി കാണുന്ന പ്രവണതയോ എന്താണ് അദ്ദേഹത്തിന്‍റെ മനോനില എന്തെന്നറിയില്ല, എന്ത് തന്നെ ആയാലും വളരെ നിസ്സാരമായിട്ടാണ് നിയമങ്ങള്‍ ബൈ പാസ് ചെയ്യുന്നത് അദ്ദേഹം അവതരിപ്പിക്കുന്നത്‌.

ഡോ: അഷീലിനുള്ള മറുപടിയായി അദ്ദേഹം പറയുന്നത് പ്രൈവറ്റ് മേഖലയില്‍ വളരെ കുറച്ചു ആശുപത്രിയില്‍ മാത്രം കുറഞ്ഞ തുകയ്ക്ക് (3 ലക്ഷം രൂപയ്ക്ക്) ചില ആശുപത്രിയ കിഡ്നി മാറ്റം സാധ്യമാവുമെങ്കിലും തുടർ ചികിത്സക്കും മറ്റുമായി ആശുപത്രികൾ ആകെ 7-8 ലക്ഷം രൂപ എങ്കിലും മൊത്തത്തില്‍ ഈടാക്കും.

തുടര്‍ന്ന് അദ്ദേഹം പറയുന്നു അടുത്ത ബന്ധുക്കൾ കൊടുക്കുന്നില്ലെങ്കിൽ ആ കിഡ്നി വാങ്ങേണ്ടിവരും.

(ഇത്രയും പറഞ്ഞതിനുശേഷം അദ്ദേഹം ചില ഡിസ്ക്ലൈമർ ഇടുന്നുണ്ട് ഇത് രോഗിയും കൊടുക്കുന്ന ആളും തമ്മിലുള്ള ഇടപാടാണ് താൻ ഇടപെടുന്നില്ലത്രേ!!)

പക്ഷേ ഈ കാശ് കൂടി ഫിറോസ് കൊടുക്കുന്നുണ്ട് എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതിൽ നിന്നു നാം മനസ്സിലാക്കേണ്ടത് ഫിറോസിന്റെ കണക്ക് പ്രകാരം തന്നെ മിനിമം 20 ലക്ഷത്തിന് മുകളിൽ ആകുമ്പോള്‍ ബാക്കി 12 15 ലക്ഷം രൂപ അവയവം വാങ്ങുന്നതിനായി അനധികൃതമായി കൈമാറ്റം ചെയ്യപ്പെടുകയാണ്.

ഇങ്ങനെയല്ലാതെ ഇതൊന്നും നടക്കില്ല എന്ന രീതിയിലാണ് ഫിറോസ് പറയുന്നത്, കാരണം മരണാനന്തര അവയവദാനം സർക്കാർ നിരോധിച്ചു അത്രേ?!!

പ്രിയ സുഹൃത്തേ താങ്കൾ അറിയാതെ പോകുന്നതാണോ എന്നറിയില്ല , മരണാനന്തര അവയവദാനവുമായി ബന്ധപ്പെട്ട അനേകം ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിച്ചതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ മരണാനന്തര അവയവദാന പ്രക്രിയ തുലോം ഇല്ലാതായത്. താങ്കള്‍ പറയുന്നതിന് കടക വിരുദ്ധമായി തെറ്റിദ്ധാരണകൾ നീക്കാനും അത് മാക്സിമം പ്രോത്സാഹിപ്പിക്കാനും സർക്കാരും ഞങ്ങളെ പോലുള്ളവരും ആശയപ്രചരണം കഷ്ടപ്പെട്ട് നടത്തി വരുന്നുണ്ട്, വിരോധാഭാസം എന്തെന്നാല്‍ ഇതിന്‍റെ പേരില്‍ നമ്മളെ ഒക്കെയാണ് അവയവ മാഫിയ ചാപ്പ കുത്തുന്നത്.

ലൈവ് ഡൊണേഷൻ പ്രക്രിയ ഇടനിലക്കാരും അവയവദാനം മാഫിയയും പച്ചപിടിക്കാൻ ഏറെ സാധ്യതകളുള്ള മേഖലയാണ്, അതിലൂടെ ചൂഷണം വന്‍തോതില്‍ നടന്നതിന്റെ ഭാഗമായാണ് 1994 ഇത് നിയന്ത്രിക്കാന്‍ ആക്ട്‌ ഇന്ത്യയില്‍ വരുന്നത്.

സാധാരണക്കാരായ മനുഷ്യരെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചും, പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയും
അവയവ കച്ചവടം നടക്കും എന്നതിനാലാണ് കര്‍ശനമായ നിയമങ്ങള്‍.

ഉദാ: പാവപ്പെട്ടവര്‍ക്ക് തുച്ഛമായ തുക ഓഫര്‍ ചെയ്യുന്നു, അവയവം കാത്ത് കഷ്ടപ്പെട്ട് കിടക്കുന്ന രോഗിയിൽ നിന്നും വലിയ തുക വാങ്ങുന്നു ഇടയിൽ നിൽക്കുന്ന ആൾക്കാർ വൻതുക സ്വന്തം പോക്കറ്റിൽ ആക്കുന്ന സംവിധാനം, എന്തിനു ശസ്ത്രക്രിയയ്ക്ക് ശേഷം നിശ്ചയിച്ച തുക കൊടുക്കാത്ത സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്. ഓര്‍ഗന്‍ ട്രാഫിക്കിംഗ് തുടങ്ങി മറ്റു അനവധി അധാര്‍മ്മിക പ്രവണതകള്‍ അനുബന്ധമായും വളരുന്ന സാഹചര്യം.

നിയമ വിരുദ്ധമായ ഇടപാട് ആയത് കൊണ്ട് പരാതിക്കാര്‍ മുന്നോട്ടു വരാതിരിക്കുകയും ചെയ്യുന്നതും കൊണ്ടാണ് നിയമങ്ങള്‍ കര്‍ശനമാക്കിയത്.

പണം കൈമാറ്റം എന്ന കുറ്റവുമായി ബന്ധപ്പെട്ടവര്‍ക്ക് തടവും പിഴയും ഒക്കെ അനുശാസിച്ചിട്ടുണ്ട്. ആക്ടിന്റെ സ്ക്രീന്‍ഷോട്ട് കാണുക.

ലേറ്റസ്റ്റ് റൂള്‍ പ്രകാരം ചില സാഹചര്യങ്ങളില്‍ പരമാവധി 10 വര്ഷം തടവും 1 കോടി രൂപ വരെ പിഴയും ഒക്കെ വിധിക്കാവുന്ന ഒന്നാണ് എന്നാണു ഓര്‍മ്മ.

ഫിറോസിനെ പോലുള്ളവർ അറിഞ്ഞും അറിയാതെയും ഇത്തരം സാധ്യതകളുടെ കൂടെ ഭാഗഭാക്ക് ആവുകയാണ് എന്നത് എല്ലാവരും അറിയേണ്ടതുണ്ട്.

ഇതൊക്കെ കേട്ടിട്ടും അധികാരികൾ എന്തു ചെയ്യുന്നു എന്നതാണ് കാത്തിരുന്ന് കാണേണ്ട കാര്യം.

ഫാൻസിനെ കൊണ്ടു തെറി വിളിപ്പിച്ചും, കേവലം ഉപരിപ്ലവമായ വൈകാരിക പ്രകടനങ്ങൾ കൊണ്ടും
ആളുകളുടെ കണ്ണിൽ പൊടിയിട്ട് മൂടി വെക്കേണ്ട ഒന്നല്ല ഇതൊന്നും.

ദാന ധര്‍മ്മ പ്രവര്‍ത്തി എന്ന ആകര്‍ഷകമായ പരിവേഷം പുതപ്പിച്ചു, നിയമങ്ങള്‍ ബൈ പാസ്‌ ചെയ്ത് സമാന്തര വ്യവസ്ഥിതി സൃഷ്ടിക്കുന്നത് അപകടകരമാണ്.

സ്വകാര്യ ആശുപത്രികൾക്കും വൻതുക ഈടാക്കാനുള്ള സാധ്യത വർദ്ധിക്കുന്നു എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സർക്കാർ മേഖലയിൽ ഏറ്റവുമധികം നടക്കുന്ന അവയവദാന പ്രക്രിയയാണ് കിഡ്നി മാറ്റിവെക്കൽ. ഫിറോസിനെ പോലുള്ളവർ എന്തുകൊണ്ട് സർക്കാർ മേഖലയിലേക്ക് തുച്ഛമായ തുകയിൽ അനധികൃതമായ ഇടപാടുകൾ ഒന്നുമില്ലാതെ ഇത്തരം പ്രക്രിയകൾ നടത്താൻ തുനിയാതെ വൻതുകകൾ കൈമാറ്റം ചെയ്യുന്ന പരിപാടിയുടെ "ഇടനിലക്കാർ" ആകുന്നു എന്നതുമൊക്കെ വിശദമായ അന്വേഷണങ്ങള്‍ക്ക് വിധേയമാക്കേണ്ടതാണ്.

സ്വന്തം പ്രവര്‍ത്തനങ്ങളുടെ സുതാര്യത വെളിപ്പെടുത്തെണ്ടതും നില നിര്‍ത്തെണ്ടതും ശ്രീ ഫിറോസ്‌ ന്റെ തന്നെ ബാധ്യതയാണ്, അതിനു അദ്ദേഹത്തിനു കഴിയട്ടെ എന്ന് ഞാനും പ്രത്യാശിക്കുന്നു.