Friday 30 July 2021 02:09 PM IST : By സ്വന്തം ലേഖകൻ

‘ഓട്ടോ പോയശേഷം 10 മിനിറ്റോളം ആ നിൽപ് തുടർന്നു’; അനാഥാലയത്തിലാക്കി മടങ്ങുന്ന മകനെ നോക്കി നിൽക്കുന്ന അച്ഛൻ, ചിത്രത്തിനു പിന്നിൽ

father-son-orphanage-photo.jpg.image.845.440

‘അനാഥാലയത്തിലാക്കി മടങ്ങുന്ന മകനെ നോക്കി നിൽക്കുന്ന അച്ഛൻ’ എന്ന രീതിയിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പ്രചരിച്ചിരുന്നു. ഫോട്ടോ വൈറലായതോടെ ആ മകനെ പഴിച്ചു കൊണ്ട് നിരവധിപേർ എത്തി. എന്നാൽ സംഭവത്തിന്റെ യഥാർഥ്യം മനസ്സിലാക്കാതെയാണ് ആളുകൾ പ്രതികരിക്കുന്നതെന്ന് ഫോട്ടോയെടുത്തു പോസ്റ്റ് ചെയ്ത ബത് സേഥായുടെ നടത്തിപ്പുകാരൻ ഫാ. സന്തോഷ് പറയുന്നു.

പത്തനംതിട്ട തണ്ണിത്തോട് സ്വദേശിയാണ് ചിത്രത്തിലുള്ളത്. തൃശൂർ ജില്ലയിൽ വനമേഖലയ്ക്കടുത്ത് ടാപ്പിങ് ജോലിയാണ് അദ്ദേഹത്തിന്റെ മകന്. ഭാര്യയുമായി അകന്നു താമസിക്കുന്ന അദ്ദേഹത്തിന് അച്ഛനെ ഒറ്റയ്ക്കാക്കി ജോലിയ്ക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. നാട്ടുകാർ ഇക്കാര്യം പൊലീസിനെ അറിയിച്ചതോടെയാണ് അവരുടെ നിർദേശപ്രകാരം പിതാവിനെ ബത് സേഥായിൽ എത്തിച്ചത്. പത്തനംതിട്ട തുമ്പമണ്ണിനടുത്തു പുന്നകുന്നിലാണ് ബത് സേഥാ പ്രവർത്തിക്കുന്നത്. സംഭവത്തെ കുറിച്ച് ഫാ. സന്തോഷ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.

ഫാ. സന്തോഷ് പങ്കുവച്ച കുറിപ്പ് വായിക്കാം; 

ഞാൻ പകർത്തിയ ഒരു ചിത്രമാണ്.. ഇന്ന് ബത് സേഥായിൽ വന്ന പുതിയ അംഗമാണ്. കൊണ്ടു വന്നാക്കിയവർ മടങ്ങുന്ന ഓട്ടോയും കാണാം. പക്ഷേ, വൃദ്ധനേത്രം പരതിയ ഒരു മുഖം ആ ചെറിയ വാഹനത്തിന്റെ അകത്തേ മറവിൽ തല കുനിച്ചിരുപ്പുണ്ടായിരുന്നു.. തന്റെ സ്വന്തം മകൻ. മകന്റെ നിസ്സഹായതയിലാണ് ഈ പിതാവ് ഇവിടെ എത്തിയത് എന്നതും സത്യമാണ്. ഓട്ടോ പോയ ശേഷം 10 മിനിറ്റോളം ആ നിൽപ് തുടർന്നു.

എവിടെയോ നീറി പുകയുന്ന നഷ്ടബോധ്യങ്ങളുടെ ഓർമകളിലൂടെ ഇന്നത്തെ രാത്രി ഈ പിതാവ് ഉറങ്ങാതെ തീർക്കും. പക്ഷേ ഇവിടെ അദ്ദേഹത്തിന് ദുഃഖിക്കേണ്ടി വരില്ല... തനിച്ചുമായിരിക്കില്ല... 85 വയസ്സുള്ള എന്റെ പിതാവ് തൊട്ടപ്പുറത്തെ മുറിയുടെ വരാന്തയിൽ കസേരയിൽ ഇരുന്ന് ഈ കാഴ്ച കാണുന്നുണ്ടായിരുന്നു. ഞാനങ്ങോട്ട് ചെന്നു പറഞ്ഞു പുതിയ ആൾ വന്നതാണ് എന്ന്. എന്റെ കൈയിൽ ബലം കുറഞ്ഞ ആ കൈകൾ ഒന്നു മുറുകെ പിടിച്ച് എനിക്ക് ഒരു ചിരി നൽകി. ആ ചിരിയിൽ എല്ലാമുണ്ടായിരുന്നു.

Tags:
  • Spotlight
  • Social Media Viral