Friday 10 January 2025 09:44 AM IST : By സ്വന്തം ലേഖകൻ

‘അങ്ങനെ ജയചന്ദ്രൻ മനസില്ലാ മനസോടെ ചിക്കൻ കഴിക്കാൻ തുടങ്ങി’: ദേവരാജൻ മാസ്റ്ററുടെ ഉപദേശം: ഓർമകളിലെ ഭാവഗീതം

jayach5676

പാട്ടിന്റെ ഭാവപൂർണിമ കാലയവനികയ്ക്കുള്ളിൽ മറയുകയാണ്. ആ ഓർമകളെ ഹൃദയത്തോടു ചേർക്കുന്ന സംഗീതാസ്വാദകർക്കു മുന്നിൽ ഭാവഗായകൻ ബാക്കിവച്ചു പോയ ഓർമകൾ കുന്നോളം. പാട്ടിനെ പ്രണയിച്ച ജീവിതത്തിലെ അമൂല്യങ്ങളായ ഏടുകളെക്കുറിച്ച് ജയചന്ദ്രൻ ഒരിക്കൽ മനോരമ ആരോഗ്യം മാസികയോട് വാചാലനായിരുന്നു. ആ ഓർമകൾക്ക് മുന്നിൽ പ്രണാമങ്ങളോടെ... ജയചന്ദ്രൻ അന്നൊരിക്കൽ പങ്കുവച്ച ഓർമ്മത്താളുകൾ ഒരിക്കൽ കൂടി... മനോരമ ആരോഗ്യത്തിൽ പങ്കുവച്ച ലേഖനത്തിന്റെ പ്രസക്ത ഭാഗം ചുവടെ.

––––

ഭക്ഷണത്തിലെ ചിട്ടകൾ

മുൻപ് നല്ലൊരു ഭക്ഷണപ്രിയനായിരുന്നു ജയചന്ദ്രൻ. അന്നു തൃശൂരിൽ പ്രശസ്തമായ ''പത്താൻസ്'' എന്നൊരു ഹോട്ടൽ ഉണ്ടായിരുന്നു. ക്രിക്കറ്റ് മൽസരങ്ങൾക്കൊക്കെ പോയ ശേഷം അവിടെ പോയി ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ അദ്ദേഹം പ്രത്യേകം നിഷ്‌കർഷ പുലർത്തിയിരുന്നതായി കഥകളുണ്ട്.

ജയചന്ദ്രൻ തികഞ്ഞ സസ്യഭുക്കാണ്. ദേവരാജൻ മാസ്റ്റർ ജയചന്ദ്രനെ പുത്രവാൽസല്യത്തോടെ ആണ് സംഗീതലോകത്തു വളർത്തിയെടുത്തത്. ''പാടി പാടി അവൻ ഇന്നൊരു മികച്ച ഗായകനായി'' എന്നു മാസ്റ്റർ ഒരിക്കൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജയചന്ദ്രന്റെ ജീവിതത്തിലും അദ്ദേഹത്തിനു വളരെ സ്വാധീനമുണ്ടായിരുന്നു. ചിക്കൻ കഴിച്ചാൽ പാടാൻ കുറച്ചു കൂടി സുഖമായിരിക്കും എന്നു മാസ്റ്റർ ജയചന്ദ്രനെ ഉപദേശിച്ചു. അങ്ങനെ മനസ്സില്ലാമനസ്സോടെ ജയചന്ദ്രൻ ചിക്കൻ കഴിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അത് തനിക്കു ശരിയാവില്ല എന്നു മനസ്സിലാക്കി ജയചന്ദ്രൻ ചിക്കൻ കഴിക്കുന്നതു പൂർണ്ണമായി നിർത്തി.

നിത്യേന വ്യായാമം

രാവിലെ ഉണർന്നതിനുശേഷം ഒരു കുപ്പി വെള്ളം കുടിക്കുന്നതാണ് പി. ജയചന്ദ്രന്റെ ശീലം. അതു കുറെ വർഷങ്ങളായി ഉള്ള ചിട്ടയാണ്. ഏകദേശം എട്ടു മണി കഴിയുമ്പോൾ അരമണിക്കൂർ വ്യായാമം. ജലദോഷമോ മറ്റോ ഇല്ലെങ്കിൽ തലയിൽ എണ്ണ തേച്ചു വിസ്തരിച്ച് ഒരു കുളി. അതു കഴിഞ്ഞ് ഒൻപതു മണി അടുപ്പിച്ചു ലഘുഭക്ഷണം. മൂന്നു ഇ‍ഡ്‌ലി. കൂട്ടിനു ചട്‌നി അല്ലെങ്കിൽ ഉഴുന്നു പൊടിച്ചുണ്ടാക്കുന്ന പൊടി. സാധാരണ എല്ലാവരും വെളിച്ചെണ്ണ ഒഴിച്ചു കുഴയ്ക്കും. പക്ഷെ ജയചന്ദ്രന് അത് ഇഷ്ടമില്ല. പകരം ചട്‌നി തന്നെ ഒഴിച്ചു കുഴച്ചു അതുപയോഗിക്കും. ചായയോ കാപ്പിയോ നിർബന്ധമില്ല. ചൂടാക്കി തണുപ്പിച്ച വെള്ളം കുടിക്കും. അതു കഴിഞ്ഞു പത്തു മണിയോടെ റിക്കോർഡിങ് ഉണ്ടെങ്കിൽ സ്വന്തമായി ഡ്രൈവ് ചെയ്തു പോകും.

തിരികെ വന്ന് ഏകദേശം ഒരു മണിക്ക് ഉച്ചഭക്ഷണം. തൈരും പപ്പടവും അച്ചാറും അൽപ്പം ചോറും. ഇത്രയും മതി. പിന്നെ ഏതെങ്കിലും ഒരു കറിയും കൂടി ഉണ്ടെങ്കിൽ കുശാൽ. രണ്ടു മണി മുതൽ മൂന്നര മണിവരെ ഉച്ചയുറക്കം. ഒരു ചായ കുടി കഴിഞ്ഞു റിക്കോർഡിങ് ഉണ്ടെങ്കിൽ അതിനു പോകും. ഇല്ലെങ്കിൽ ആറു മണിയടുപ്പിച്ചു ഒരു മണിക്കൂർ നടത്തം. ഏഴു മണി കഴിയുമ്പോൾ രാത്രി ആഹാരം. അതും മൂന്നു ഇ‍ഡ്‌ലി തന്നെ. ചിലപ്പോൾ ഇ‍ഡ്‌ലിക്കു പകരം ദോശയോ ഉപ്പുമാവോ ആപ്പമോ ആയിരിക്കും. അതൊക്കെ വളരെ കുറച്ചു സന്ദർഭങ്ങളിൽ മാത്രം. എട്ടു മണി കഴിഞ്ഞാൽ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട മൂന്നോ നാലോ ആളുകൾ. അവരുമായി ഫോൺ വിളി, ഇഷ്ടഗാനങ്ങൾ, രാഷ്ട്രീയ കാര്യങ്ങൾ, ഗതകാല സ്മരണകൾ, ആനുകാലിക സംഭവങ്ങൾ...അങ്ങനെ നീളുന്നു ചർച്ചകൾ . ഈ വേളകളിൽ പല പാട്ടുകളും പരാമർശിക്കുന്നു, പാടുന്നു, അതിന്റെ ചെറിയ ചെറിയ സ്വരഭേദങ്ങൾ, അതിന്റെ ഭംഗി, അതു തീർത്ത മഹാന്മാരെപ്പറ്റിയുള്ള അനുഭവങ്ങൾ... എല്ലാം പങ്കുവയ്ക്കുന്നു. ഇതാണു അദ്ദേഹത്തിന്റെ സാധകം. രാത്രി പതിനൊന്നരയോടെ ഉറക്കം.

ദേവരാജൻ മാസ്റ്റർ ഉള്ളപ്പോൾ ഗാനമേളകൾക്കു മുൻപുള്ള റിഹേഴ്‌സലിനു കൃത്യമായി പോകുമായിരുന്നു. എന്നാൽ ഇപ്പോൾ ഓർക്കസ്ട്രാക്കാരോടു പരിശീലിച്ചു കൊള്ളാൻ പറയും. അദ്ദേഹം ഗാനമേളയ്ക്കു നേരേ സ്റ്റേജിൽ ചെല്ലുന്നു. അവർ വായിക്കുന്ന ശ്രുതിയിൽ അണുകിട തെറ്റാതെ ഒറിജിനൽ റിക്കോർഡിനേക്കാൾ മനോഹരമായി പാടുന്നു. മറ്റൊരു സവിശേഷത വളരെ ചെറിയ അക്ഷരത്തിൽ പത്തു നൂറു പാട്ടുകൾ സ്വന്തം കൈപ്പടയിൽ എഴുതി സൂക്ഷിച്ചിരിക്കുന്ന ഒരു കുട്ടി ബുക്ക് നോക്കിയാണ് ഇന്നും പാടുന്നത്. ടാബ്, ടച്ച് ഫോൺ, വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, എസ്എംഎസ്സ്.. എല്ലാം അദ്ദേഹത്തിന് അന്യമാണ്. ഇത്രയും ചെറിയ അക്ഷരം വായിക്കുന്നതിന് ഇന്നും കണ്ണടയുടെ ആവശ്യം ഇല്ല. ചെറുതായി ഷോർട് സൈറ്റ് ഉണ്ടായിരുന്നു. അതു മാറുകയും ചെയ്തു. അതിനു ശേഷം ഇന്നുവരെ വായിക്കുവാനായി കണ്ണട ഉപയോഗിച്ചിട്ടില്ല.

പെട്ടെന്നു വികാരവാനാകുന്നയാളാണ് ജയചന്ദ്രൻ. ചെറിയ ചെറിയ കാര്യങ്ങൾക്ക് ഒരുപാട് ഒച്ചവയ്ക്കും. പക്ഷെ വലിയ വലിയ കാര്യങ്ങൾ വളരെ സമാധാനത്തിൽ അഭിമുഖീകരിക്കും. അടുത്തു കഴിഞ്ഞാൽ ഏറ്റവും നല്ല ഒരു ബന്ധുവും, മറ്റുള്ളവരുെട കാര്യങ്ങളിൽ ഒരുപാട് അനുകമ്പയും ശ്രദ്ധയും ഉള്ള ഒരു സാധാരണ മനുഷ്യനാണ് ഈ പാട്ടിന്റെ തമ്പുരാൻ. മധുമാരി ചൊരിഞ്ഞു കൊണ്ട് ആ ഭാവഭംഗി അനുസ്യൂതം പ്രവഹിക്കുമ്പോൾ ധന്യരാകുന്നത് ആസ്വാദകരാണ്.