Thursday 28 January 2021 01:08 PM IST : By സ്വന്തം ലേഖകൻ

മക്കളെ ത്രിശൂലം കൊണ്ടു കുത്തി, ഡംബൽ കൊണ്ട് തലയ്ക്കടിച്ചു: തൊണ്ടയിൽ വിഷം, ശിവന്റെ ജന്മമെന്ന് പത്മജ

padmaja-covid

പുനർജന്മം കാംക്ഷിച്ച് മക്കളെ കൊന്നു തള്ളിയ അധ്യാപക ദമ്പതികള്‍ രാജ്യത്തിനാകെ നാണക്കേടായിരുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് പേടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. നാടിനെ ഞെട്ടിച്ച കൊലപാതകത്തിൽ പത്മജ, അവരുടെ ഭർത്താവ് പുരുഷാേത്തം നായിഡു എന്നിവരാണ് പിടിയിലായിട്ടുള്ളത്. പൊലീസ് ചോദ്യം ചെയ്യലിൽ ഭീതിജനിപ്പിക്കുന്നതും ദൂരൂഹതയുണർത്തുന്നതുമായ നിരവധി വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇരട്ടക്കൊലപാതകം നടന്ന സാഹചര്യങ്ങൾ കുടുംബത്തിന്റെ നിഗൂഢതകളിലേക്കു വിരൽ ചൂണ്ടുന്നതായി പൊലീസ് പറഞ്ഞു.

പൊലീസ് കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ കുട്ടികളുടെ അമ്മയായ പത്മജ കോവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ചു. . താൻ ശിവനാണെന്നും കൊറോണ വൈറസ് തന്നിൽ നിന്നുമാണ് പിറന്നതെന്നും പ്രതിയായ പത്മജ പൊലീസിനോട് പറഞ്ഞു. പെൺമക്കളെ ത്രിശൂലം കൊണ്ടു കുത്തിയെന്നും പിന്നീടു ഡംബൽ കൊണ്ട് മർദ്ദിച്ചെന്നുമാണ് കേസ്. 'ഞാൻ ശിവനാണ്. കൊറോണ വന്നത് എന്റെ ശരീരത്തില്‍ നിന്നാണ്. ചൈനയില്‍നിന്നല്ല. വാക്സീൻ ഉപയോഗിക്കാതെതന്നെ മാർച്ചോടെ ഇത് അവസാനിക്കും. വാക്സീന്റെ ആവശ്യമില്ല. എന്റെ തൊണ്ടയിൽ വിഷമുണ്ട്. എന്നെ കോവിഡ് പരിശോധന നടത്തേണ്ട ആവശ്യമില്ല.’ എന്നായിരുന്നു പദ്മജയുടെ വാദം. പൊലീസും പുരുഷോത്തമും ദീർഘനേരം നടത്തിയ അനുനയ ശ്രമത്തിനൊടുവിലാണ് ഇവർ വഴങ്ങിയത്. ഇരുവരുടേയും കോവിഡ് ഫലം വന്നിട്ടില്ല.

മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് ഇരുവരും മക്കളെ കൊന്നതെന്ന് കരുതപ്പെടുന്നു. കലിയുഗം അവസാനിച്ച്  തിങ്കളാഴ്ച സത്യയുഗം തുടങ്ങുമെന്നും മക്കൾ സൂര്യോദയത്തോടെ പുനർജനിക്കുമെന്നും വിശ്വസിച്ചാണ് കൊലപാതകം നടത്തിയത്. പൊലീസ് വീട്ടിലെത്തുമ്പോള്‍ വാതിലില്‍ തടഞ്ഞ പത്മജ, തിങ്കളാഴ്ച വരെ പുനര്‍ജനിക്കാന്‍ സമയം അനുവദിക്കണമെന്നാണ് പൊലീസിനോടു പറഞ്ഞത്. രക്തത്തില്‍ കുളിച്ച് നഗ്നമായ നിലയിലായിരുന്നു പെണ്‍കുട്ടികളുടെ മൃതദേഹം. രക്തത്തിൽ കുളിച്ചു കിടക്കുന്ന മക്കളുടെ ചുറ്റും ഭ്രാന്തമായി അലറിക്കൊണ്ട് നൃത്തംചവിട്ടുന്ന അമ്മയെയാണ് പൊലീസ് കണ്ടത്.

'ഇന്നൊരു ദിവസം അവര്‍ ഇവിടെ കിടക്കട്ടെ. നാളെ വേണമെങ്കില്‍ കൊണ്ടുപൊയ്‌ക്കോളൂ. എന്തിനാണ് ഷൂസ് ഇട്ട് വീടിനുള്ളില്‍ കറങ്ങുന്നത്. എല്ലായിടത്തും ദൈവമാണുള്ളത്. പൂജാമുറിയിലേക്ക് ഷൂസ് ഇട്ട് പോകുന്നതെന്തിന്?'- എന്നാണു പദ്മജ ചോദിച്ചത്. ഒരു പകല്‍ നല്‍കിയാല്‍ മക്കളെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും എന്ന് മാതാവ് പത്മജ ഉറച്ചു വിശ്വസിച്ചിരുന്നു.

കൊല്ലപ്പെട്ട 27കാരി അലേഖ്യ ഭോപ്പാലിലെ സെൻട്രൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ജോലി ചെയ്തിരുന്നത്. സംഗീതത്തിൽ ബിരുദം പൂർത്തിയാക്കിയ ദിവ്യ എ.ആർ.റഹ്മാന്റെ സംഗീത അക്കാദമിയിൽ പരിശീലനം നേടിയിരുന്നു. പുരുഷോത്തം നായിഡു മദനപ്പള്ളി ആസ്ഥാനമായുള്ള ഗവ. ഡിഗ്രി കോളജ് ഫോർ വിമനിലെ പ്രിൻസിപ്പലാണ്.

ചോദ്യം ചെയ്യലിൽ പൊരുത്തമില്ലാത്തതും വിചിത്രവുമായ മൊഴികളാണു ദമ്പതികൾ നൽകുന്നത്. പ്രകൃതിയുടെ അദൃശ്യശക്തികളാണു മക്കളെ കൊല്ലാൻ നിർദേശം നൽകിയതെന്നും പുനരുജ്ജീവിപ്പിക്കാൻ 24 മണിക്കൂർ സമയം നൽകണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. കൃത്യം നടത്തിയവരുടെ മാനസിക പ്രശ്നങ്ങൾക്ക് എന്തെങ്കിലും ചികിത്സ ആവശ്യമുണ്ടോ എന്നു പരിശോധിക്കുകയാണെന്നു ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ.രവി മനോഹർ ആചാരി പറഞ്ഞു.