Friday 11 January 2019 02:31 PM IST : By സ്വന്തം ലേഖകൻ

കളിയും ചിരിയും നിറഞ്ഞ ബസ് ഇന്നൊരു മരണ വീടുപോലെ; കണ്ടക്ടറുടെ മരണം; യാത്രക്കാരിയുടെ നെഞ്ചുലയ്ക്കുന്ന കുറിപ്പ്

bus

ജീവിതത്തിന്റെ ഏതെങ്കിലുമൊരു ക്രോസ് റോഡിൽ വച്ച് നാം അടുത്ത് പരിചയിക്കുന്ന ചില വ്യക്തികളുണ്ട്, ചില സംഭവങ്ങളുണ്ട്. ജീവിതാന്ത്യം വരേയും അവർ നമുക്ക് അത്രയേറെ പ്രിയപ്പെട്ടവരായിരിക്കും. ഒന്നുകിൽ മനസറിഞ്ഞൊരു പുഞ്ചിരിയുടെ രൂപത്തിൽ അതുമല്ലെങ്കിൽ ഹൃദയംതൊടുന്നൊരു സഹായത്തിന്റെ രൂപത്തിൽ. അങ്ങനെ ഹൃദയത്തോടൊട്ടി നിൽക്കുന്ന ജീവിത മുഹൂർത്തങ്ങൾ നിരവധി.

സ്ഥിരം യാത്ര ചെയ്യുന്ന ബസും അതിലെ സഹയാത്രികരും നമുക്ക് പ്രിയപ്പെട്ടവരാകുന്നതും അതിശയോക്തിയെന്നു പറയാനാകില്ല. അളന്നു മുറിക്കാനാത്ത ആത്മബന്ധം കൊണ്ട് അവർ നമുക്ക് ഏറെ പ്രിയപ്പെട്ടവരായിരിക്കും. വർഷങ്ങളുടെ കാലദൈർഘ്യം വേണ്ടാതെതന്നെ ചുരുങ്ങിയ നാളുകൾകൊണ്ട് അവരെല്ലാം പരിചിതരുമാകും.

സ്ഥിരമായി യാത്ര ചെയ്തുകൊണ്ടിരുന്ന ബസിലെ കണ്ടക്ടറുടെ വിയോഗം ആരതി ജഹനാര എന്ന യുവതി പങ്കുവയ്ക്കുമ്പോൾ പ്രകടമാകുന്നതും ഇതേ ആത്മബന്ധം. ഓർത്തു വയ്ക്കാൻ എപ്പോഴും മനസു നിറഞ്ഞൊരു പുഞ്ചിരി പങ്കുവയ്ക്കുന്ന ആ മനുഷ്യന്റെ അപ്രതീക്ഷിത വിയോഗം ഏൽപ്പിച്ച വേദന നിഴലിച്ചു നിൽക്കുന്നു ആരതിയുടെ കുറിപ്പിൽ. സ്ഥിരമായി തന്നെ നോക്കി പുഞ്ചിരിക്കുന്ന ആ മുഖം ഇനിയില്ലെന്ന നോവും കണ്ണീരോടെയാണ് ആരതി എഴുതിയിട്ടുണ്ട്.

ആരതിയുടെ കുറിപ്പ് വായിക്കാം;

ജോലി കിട്ടിയതു മുതൽ സ്ഥിരം കയറുന്ന ബസ്സുണ്ടായിരുന്നു. റൂട്ടിൽ വളരെ കുറച്ചോടുന്ന വണ്ടികളെന്ന നിലയിൽ രാവിലെ സ്ഥിരം കയറുന്ന ജോലിക്കാർ നിറഞ്ഞ വണ്ടി. സമാധാനപ്രിയനായ ഡ്രൈവറും വളരെ സാധുവായ ഒരു കണ്ടക്ടറും. സാധാരണ കാണുന്ന മൂരാച്ചി കണ്ടക്ടർമാരിൽ നിന്ന് വ്യത്യസ്തനായി സ്കൂൾ കുട്ടികളെ മുഴുവൻ കയറ്റുകയും അവരെ സീറ്റിലിരിക്കാൻ അനുവദിക്കുകയും എല്ലാവരേയും സ്റ്റോപ്പിലിറക്കി വിട്ട് ടാറ്റായും കൊടുത്തു വിടുന്ന ഒരു മനുഷ്യൻ. ചെറുപ്പക്കാരൻ..

ഒന്നോ രണ്ടോ മിനിറ്റ് ലേറ്റ് ആയാലും സ്ഥിരം കയറുന്ന ആളുകൾക്കായി കുറച്ചുനേരം കാത്ത് അവരേയും കൊണ്ടു പൊയ്ക്കോണ്ടിരുന്നവർ.

കഴിഞ്ഞ കുറേ മാസങ്ങളായി സ്കൂട്ടറിലാണ് യാത്ര. സ്ഥിരം റൂട്ട് ആയതുകൊണ്ട് ഇടയ്ക്കിടെ ആ ബസ്സ് കാണുമായിരുന്നു. വണ്ടീലിരുന്ന് ചിരിച്ചോ കൈ പൊക്കി കാണിച്ചോ ഒക്കെ സ്നേഹം പ്രകടിപ്പിച്ചിരുന്നു.

ഇന്ന് സ്കൂട്ടറെടുക്കാതെ ബസ്സിനു കയറാൻ വന്നു രാവിലെ. ബസ്സ് ദൂരേന്ന് വരുന്നതിനു മുന്നേ തന്നെ മുന്നിൽ വച്ചിരുന്ന സ്റ്റിക്കർ 'ആദരാഞ്ജലികൾ'. ആ ചിരിക്കുന്ന കൈ കാട്ടുന്ന മുഖം തന്നെ.. അകത്തു കയറി പുതിയ കണ്ടക്ടറോട് കാര്യം ചോദിച്ചു.ഇന്നലെ സ്വയം അവസാനിപ്പിച്ചുത്രേ.. എന്നും പാട്ടും ബഹളവും കളീം ചിരീം ആയി പോകുന്ന ബസ്സ് മരണവീട് പോലെ.. കണ്ണൊക്കെ നിറഞ്ഞ് ഓരോന്നോർത്ത് സ്റ്റോപ്പ് കഴിഞ്ഞ് മാറി പോയിറങ്ങി..

ഇനി അതിൽ കയറുമ്പോഴൊക്കെ ഓർക്കണം, 'സ്വപ്നം കണ്ടിരിക്കുവാണോ, റയിൽവേ എത്തി' എന്ന് വിളിച്ചിറക്കാൻ എനിക്ക് ആളില്ല എന്ന്.. 

തൊണ്ടയിലിരുന്നു വിങ്ങുന്ന സങ്കടം മുഴുവനും നിങ്ങളാണ്.