Thursday 13 December 2018 12:45 PM IST : By സ്വന്തം ലേഖകൻ

പെയിന്റിങ് ബ്രഷ് നിർമാണത്തിന് കീരികളെ കൊന്നൊടുക്കുന്നു; രോമമെടുക്കുന്നത് ജീവനോടെ! 3500 ബ്രഷുകൾ പിടിച്ചെടുത്തു

mangoose-brush

പെയിന്റിങ് ബ്രഷ് നിർമാണത്തിനായി കീരികളെ കൊന്നൊടുക്കുന്നതു തീരുന്നില്ല. ഒറ്റദിവസം രാജ്യമെമ്പാടും നടത്തിയ റെയ്ഡിൽ പിടികൂടിയത് ഇത്തരം 3500 ബ്രഷുകൾ. വൈൾഡ് ലൈഫ് ക്രൈം കൺട്രോൾ ഡിവിഷനും സംസ്ഥാനങ്ങളിലെ വനംവകുപ്പും ചേർന്നു നടത്തിയ റെയ്ഡിലാണിത്. കീരികളെ കൊന്നൊടുക്കി ബ്രഷ് നിർമാണം നടത്തുന്ന ലോബികളെക്കുറിച്ചു വൈൾഡ്‌ലൈഫ് ഓഫ് ഇന്ത്യയ്ക്കു (ഡബ്യുഐഐ) ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു ഇത്.

ഹിമാചൽ പ്രദേശ്, ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ 13 കേന്ദ്രങ്ങളിൽ ഒരേസമയമായിരുന്നു റെയ്ഡ്. കേരളത്തിലും ഇത്തരം ലോബികൾ സജീവമാണെന്ന് ഡബ്യുഐഐ വ്യക്തമാക്കുന്നു. നേരത്തെ കൊച്ചിയിൽനിന്നു 15,000 ബ്രഷുകൾ പിടിച്ചെടുത്തിരുന്നു. ബ്രഷ് നിർമാണത്തിനു വിൽക്കുന്ന കീരി രോമത്തിനു കിലോയ്ക്ക് 3000 മുതൽ 3500 രൂപ വരെയാണ് വില. ഒരു കിലോ രോമത്തിനായി 50 കീരികളെയെങ്കിലും കൊന്നൊടുക്കണമെന്നാണു കണക്ക്. വൈൽഡ് ലൈഫ്(പ്രൊട്ടക്‌ഷൻ) ആക്ടിന്റെ (1972) സംരക്ഷണമുള്ള ജീവികളുടെ പട്ടികയിലാണ്(2) കീരികളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ ആറിനം കീരികളാണുള്ളത്. എല്ലാം സംരക്ഷിത വിഭാഗത്തിലാണ്.

ഇവയെ കൊല്ലുകയോ രോമമെടുക്കുകയോ ചെയ്തതായി തെളിഞ്ഞാൽ 7 വർഷം വരെ തടവും 10,000 രൂപ വരെ പിഴയും ശിക്ഷയുണ്ട്. ഇത്തരം ബ്രഷ് ഉപയോഗിക്കുന്നതിൽ ആളുകൾ സ്വയം പിന്മാറണമെന്നും ഡബ്യുഐഐ ആവശ്യപ്പെട്ടു. വന്യജീവികളെ കടത്തുന്നതുമായി ബന്ധപ്പെട്ട വിവരം കേരള വനംവകുപ്പിന്റെ ടോൾഫ്രീ നമ്പറിൽ അറിയിക്കാം– 1800 425 4733

കീരിക്കടത്ത് കേരളത്തിലും; ഒപ്പം കൂടരുത് കുടുങ്ങും

നമ്മളില്‍ പലരും കണ്ടിട്ടുണ്ടാകും വീട്ടുമുറ്റത്തോ പറമ്പിലോ സ്ഥിരം അതിഥികളായെത്തുന്ന കീരികളെ. ചിലപ്പോൾ ഒറ്റയ്ക്ക്, അല്ലെങ്കിൽ ഇണയ്ക്കൊപ്പം. അതുമല്ലെങ്കിൽ കുഞ്ഞുങ്ങൾക്കൊപ്പം. അവയങ്ങനെ രോമക്കുപ്പായവും ചുറ്റി കുഞ്ഞു കണ്ണുകൾ കൊണ്ട് ചുറ്റിലും പരതി വീട്ടുപരിസരത്ത് നടക്കുന്നത് കാണുമ്പോൾ തന്നെ ഒരു ധൈര്യമാണ്-കാരണം കീരിയുള്ള പറമ്പിൽ പാമ്പ് കയറില്ലെന്നാണ് വിശ്വാസം. പാമ്പുമായുള്ള പോരാട്ടസമയത്ത് ഇവയുടെ മേലുള്ള കട്ടിരോമം എഴുന്നേറ്റുനിൽക്കുന്നതിനാൽ ദേഹത്ത് പൂർണമായ കടിയേൽക്കാനുള്ള സാധ്യത കുറവാണെന്നത് ഇവയ്ക്ക് ഏറെ സഹായകരമാണ്. പക്ഷേ ആ രോമക്കുപ്പായം ഉരിച്ചു കളഞ്ഞാലോ? അതും അവ ജീവനോടെയിരിക്കെത്തന്നെ!

പെയിന്റിങ് ബ്രഷ് നിർമാണത്തിനു വേണ്ടി കീരിരോമം കടത്തുന്ന ഉത്തരേന്ത്യൻ ലോബി കേരളത്തിലും സജീവമാകുന്നതായാണ് പുതിയ റിപ്പോർട്ട്.  നാടോടികളെയും നാട്ടുകാരെയും വരെ ഉപയോഗിച്ചാണ് ഇവർ കീരികളെ കൊന്ന് രോമമെടുക്കുന്നത്. എന്നാൽ കീരിരോമം കൊണ്ടു തയാറാക്കിയ ബ്രഷുകളെക്കാൾ ഈടുനിൽക്കുന്നതും ഉന്നതഗുണനിലവാരമുള്ളതുമായ സിന്തറ്റിക് ഫൈബർ ബ്രഷുകൾ കുറഞ്ഞ വിലയ്ക്കിപ്പോൾ വിപണിയിൽ ലഭ്യമാണെന്നതാണു സത്യം. ഇരുതലമൂരിയും, വെള്ളിമൂങ്ങയുമൊക്കെപ്പോലെ ഇല്ലാത്ത ഗുണങ്ങൾ പറഞ്ഞ് ധനികർക്കു വേണ്ടി മാത്രമായാണ് പാവം കീരികളെ കൊന്ന് രോമമെടുക്കുന്നത്. ഇന്ത്യയിൽ തന്നെ പല ആർട്സ് കോളജുകളിലും ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പെയിന്റിങ് ബ്രഷുകൾ വാങ്ങുന്നതിൽ ജാഗ്രത പാലിക്കുന്നുണ്ട്. ഒരു പാവം കീരിയുടെ ജീവനുരിച്ചെടുത്തതുകൊണ്ടാണ് തങ്ങളുടെ ചിത്രരചനയെന്നത് ഇത്തരം ബ്രഷ് ഉപയോഗിക്കുന്ന ഭൂരിപക്ഷം ചിത്രകാരന്മാർക്കും അറിവുമില്ല. ഇതുതിരിച്ചറിഞ്ഞ പലരും വിവിധ വന്യജീവി സംഘടനകളുമായി േചർന്ന് ഈ ക്രൂരതയ്ക്കെതിരെയുള്ള ക്യാംപെയ്നുകളിലും സജീവമാണിപ്പോൾ.

ചിത്രരചനയ്ക്കും മെയ്ക്കപ്പ് കിറ്റുകളിലും ഉപയോഗിക്കുന്ന ബ്രഷിലെ രോമത്തിനു വേണ്ടിയുള്ള കീരിവേട്ട നേരത്തേത്തന്നെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി സംസ്ഥാന പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (വൈൽഡ് ലൈഫ്) ജി.ഹരികുമാർ ‘മനോരമ ഓൺലൈനോ’ട് പറഞ്ഞു. കഴിഞ്ഞ വർഷം കൊച്ചിയിൽ നിന്ന് കീരിരോമം കൊണ്ടു നിർമിച്ച 14000ത്തിലേറെ ബ്രഷുകൾ പിടിച്ചെടുത്തിയിരുന്നു. ഈനാംപേച്ചി പോലുള്ള മൃഗങ്ങളെയും കേരളത്തിൽ നിന്നു കടത്തുന്നുണ്ട്. എന്നാൽ ഇവയുടെ വിപണി മൂല്യം ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ഇത്തരം ജീവികളുടെ നിലനിൽപു തന്നെ അപകടത്തിലാകുമെന്ന സ്ഥിതിയാണ്. അതിനാൽ കീരികളെയും ഈനാംപേച്ചിയെയുമെല്ലാം കടത്തുന്നത് തടയുന്ന വാർത്തകള്‍ ‘ഗ്ലാമറൈസ്’ ചെയ്യേണ്ടെന്നാണ് വനംവകുപ്പ് തീരുമാനം.

ഈ ജീവികളെ പിടികൂടുന്നതൊരു കുറ്റകൃത്യമാണെന്ന കാര്യം വ്യക്തമാക്കുന്നതുൾപ്പെടെയുള്ള ബോധവത്കരണ പരിപാടികൾക്കാണ് പ്രാമുഖ്യം നൽകുന്നത്. ഒപ്പം ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ പൊലീസുമായും വിജിലൻസുമായും സഹകരിച്ച് നടപടികളുമെടുക്കുന്നുണ്ട്. വന്യജീവികളെ കടത്തുന്നതുമായി ബന്ധപ്പെട്ട വിവരം അറിയിക്കാൻ വനംവകുപ്പിന്റെ ടോൾഫ്രീ നമ്പറുമുണ്ട്-1800 425 4733. വന്യജീവിക്കടത്ത് തടയായി വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും പ്രവർത്തിക്കുന്നു. കീരി, ഈനാംപേച്ചി പോലുള്ള സംരക്ഷിത ജീവികളെ ആരെങ്കിലും കെണി വച്ചുപിടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഇക്കാര്യം ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ഫോറസ്റ്റ് ഓഫിസിലോ അറിയിക്കണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ കൂടിയായ ജി.ഹരികുമാർ അറിയിച്ചു. ഇന്ത്യയിൽ കാണപ്പെടുന്ന ആറിനം കീരികളും സംരക്ഷിത വിഭാഗത്തിലുള്ളതാണ്. ഇവയെ കൊല്ലുകയോ രോമമെടുക്കുകയോ ചെയ്തതായി തെളിയിക്കപ്പെട്ടാൽ മൂന്നു മുതൽ ഏഴു വർഷം വരെയാണ് ശിക്ഷ. 10,000 രൂപ വരെ പിഴയും.

1972ലെ വൈൽഡ് ലൈഫ്(പ്രൊട്ടക്‌ഷൻ) ആക്ടിൽ ഉൾപ്പെടുത്തിയാണ് കീരികളെ സംരക്ഷിക്കുന്നത്. 1991 മുതൽ ഈ നിയമത്തിന്റെ ഷെഡ്യൂൾ 4ലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ കീരികളുടെ രോമമെടുക്കാൻ ഇന്ത്യയൊട്ടാകെ ഒരു സംഘടിത മാഫിയാസംഘം തന്നെയുണ്ടെന്ന് തെളിഞ്ഞതോടെ അവയെ കൂടുതൽ സംരക്ഷണം ആവശ്യമുള്ള ഷെഡ്യൂൾ 2വിലേക്കു മാറ്റി. കീരിവേട്ടയുടെ കാണാപ്പുറങ്ങള്‍ വ്യക്തമാക്കി 2001ൽ സയിദ് ഫയസ് തയാറാക്കിയ ‘എ ബ്രഷ് വിത്ത് ഡെത്ത്’ എന്ന ഡോക്യുമെന്ററിയാണ് കീരികളുടെ സംരക്ഷണം കൂടുതൽ ഉറപ്പാക്കിയത്. വംശനാശ ഭീ‌ഷണിയുള്ള മൃഗങ്ങളുടെ പട്ടികയായ ‘റെഡ് ലിസ്റ്റി’ൽ കേരളത്തിൽ നിന്ന് കീരിയുമുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള ‘കൺവൻഷൻ ഓൺ ഇന്റർനാഷനൽ ട്രേഡ് ഇൻ എൻ‍ഡെയ്ഞ്ചേഡ് സ്പീഷീസ് ഓഫ് വൈൽഡ് ഫ്ലോറ ആൻഡ് ഫോണ’ കൂട്ടായ്മ പ്രകാരവും കീരികളുടെയും അവയുടെ ശരീരഭാഗങ്ങളുടെയും എല്ലാവിധത്തിലുമുള്ള വിപണനം രാജ്യാന്തരതലത്തിൽ തന്നെ നിരോധിച്ചിട്ടുണ്ട്.

രോമമെടുക്കുന്നത് ജീവനോടെ...

കൈത്തണ്ടയിൽ നിന്ന് ഒരു രോമം പറിച്ചെടുക്കുമ്പോഴുള്ള വേദന തന്നെ പലപ്പോഴും നമുക്ക് സഹിക്കാറില്ല. പക്ഷേ പാതിജീവനിൽ നിർത്തിയാണ് പലപ്പോഴും കീരികളുടെ രോമം പറിച്ചെടുക്കുക. വേട്ടക്കാർ കാടുകളിലേക്ക് കയറുമ്പോൾ പകച്ച് ചുറ്റിലും ഓടുന്ന കീരികളെ കല്ലെറിഞ്ഞും വടികൊണ്ടടിച്ചുമാണ് വീഴ്ത്തുക. അപ്പോഴും ജീവൻ പോകാതെ നോക്കും. പിന്നെ പതിയെപ്പതിയെ രോമം മുഴുവനായിത്തന്നെ പറിച്ചെടുക്കും. ഒടുവിൽ വെറും മാംസപിണ്ഡം മാത്രമായി അവയങ്ങനെ ഒരിറ്റു വെള്ളം പോലും കിട്ടാതെ കിടക്കും. ആ കിടപ്പിൽ മിക്കവയും ചത്തുപോകുകയാണ് പതിവ്. കൂടുതൽ രോമങ്ങളുള്ള ഭാഗത്തു നിന്ന് മാത്രം പറിച്ചെടുത്ത് കീരികളെ വിട്ടുകളയുന്നവരുമുണ്ട്. അതിനാൽത്തന്നെ സംസ്ഥാനത്ത് പലയിടത്തും പാതി രോമം കൊഴിഞ്ഞ കീരികളെ കാണപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത് എന്തെങ്കിലും രോഗമാണെന്നു കരുതി കീരികളെ ആട്ടിയോടിക്കുകയാണു പലരും ചെയ്യുക. ഇങ്ങനെ ജീവന്റെ പ്രതിരോധ കവചം തന്നെ നഷ്ടപ്പെടുന്ന അവ അധികകാലം ജീവിച്ചിരിക്കുകയുമില്ല.

കീരികളുടെ കൃത്യമായ സെൻസസ് ഇന്ത്യയിൽ ഇതുവരെ നടത്തിയിട്ടില്ലെങ്കിലും ഡബ്ല്യുടിഐയുടെ ഏകദേശ കണക്കു പ്രകാരം പ്രതിവർഷം അരലക്ഷത്തിലേറെ കീരികൾ ഇന്ത്യയിൽ കൊല്ലപ്പെടുന്നുണ്ട്. എന്നാൽ അതിനെല്ലാമെതിരെയുണ്ടായിട്ടുള്ള നടപടിയോ? വിരലിലെണ്ണാവുന്നയത്രയും! കേരളം, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, തമിഴ്നാട്, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നു ശേഖരിക്കുന്ന കീരികളുടെ രോമം ബ്രഷ് ആക്കിമാറ്റുന്നത് ഗാസിയാബാദിലും കാൺപൂരിലും മീററ്റിലും നാസിക്കിലും ചെന്നൈയിലും മുംബൈയിലും ഡൽഹിയിലും സിലിഗുരിയിലുമെല്ലാമാണ്. പശ്ചിമബംഗാളിലാകട്ടെ ദശാബ്ദങ്ങളായി കീരിവേട്ട നടത്തുന്ന വിഭാഗക്കാ‌ർ പോലുമുണ്ട്. ഇതു പിന്നീട് നേപ്പാൾ, ബംഗ്ലദേശ് അതിർത്തി വഴി പുറംലോകത്തേക്കു കടക്കും.

അത് അണ്ണാന്റെ രോമമല്ലേ...

വാട്ടർ കളറിനൊപ്പമുള്ള ബ്രഷിൽ വിരലോടിക്കുമ്പോൾ ചെറുപ്പം മുതലേ പല കുട്ടികളും മുതിർന്നവർ പറഞ്ഞതു കേട്ടിട്ടുണ്ടാകും-‘അത് അണ്ണാന്റെ വാലിലെ രോമമാണെന്ന്...’ സത്യത്തിൽ അങ്ങനെ പറഞ്ഞു നാമറിഞ്ഞിട്ടുള്ളത് കീരിയുടെ രോമമാണ്. കറുപ്പും വെളുപ്പും ചാരനിറവും ചെമ്പൻനിറവുമെല്ലാം ചേർന്നതാണ് ഈ രോമം.  നിയമം ശക്തമാക്കിയതോടെ 2009ൽ ഡൽഹിയിൽ നിന്ന് മുപ്പതിനായിരത്തോളം ഇത്തരം ബ്രഷുകളാണ് പിടിച്ചത്. 2013ൽ കൊൽക്കത്തയിൽ നിന്ന് 20000വും പിടിച്ചെടുത്തു, കഴിഞ്ഞ വർഷം 14000 കേരളത്തിൽ നിന്നും. വളർച്ചയെത്തിയ ഒരു കീരിയിൽ നിന്ന് ശരാശരി 40 ഗ്രാം രോമം മാത്രമേ ലഭിക്കൂ. ഇതിൽത്തന്നെ ബ്രഷുകൾ തയാറാക്കാൻ ഉപയോഗപ്പെടുത്താവുന്നത് വെറും 20 ഗ്രാം മാത്രം. അങ്ങനെ നോക്കുമ്പോള്‍ ഒരു കിലോഗ്രാം രോമത്തിനു വേണ്ടി 50 കീരികളെയെങ്കിലും കൊന്നൊടുക്കണം.

ഉത്തരേന്ത്യയിൽ വിളവെടുപ്പുകാലമായ ഏപ്രിൽ-മേയ് സമയങ്ങളിലാണ് കീരിവേട്ട സജീവമാകുന്നത്. വയലുകളിൽ ധാരാളമായി കാണാനാകുന്ന എലികൾ, പെരുച്ചാഴികള്‍, തവളകള്‍, പാമ്പുകൾ, പ്രാണികൾ തുടങ്ങിയവയെയെല്ലാം കൊന്നു തിന്നുന്നത് ഇവയാണ്. അതുവഴി കർഷകരുടെ കൂട്ടുകാരനായാണ് കീരികളെ പലരും കാണുന്നത്. എന്നാൽ ഇതുപോലും പരിഗണിക്കാതെയാണിപ്പോൾ കീരികളുടെ കൂട്ടക്കൊല. അടുത്ത തവണ നിങ്ങളുടെ പരിസരത്ത് പാതി രോമം നഷ്ടപ്പെട്ട നിലയിലോ പാതിജീവനോടെയോ കീരികളെ കണ്ടാൽ മനസിലാക്കുക, പ്രദേശത്ത് കീരിവേട്ടക്കാർ സജീവമാണ്. കീരികളെ ആരെങ്കിലും കെണിവച്ച് പിടികൂടുന്നതായി ശ്രദ്ധയിൽപ്പെട്ടാലും അധികൃതരെ അറിയിക്കുക, മറക്കരുത്. ആ കുഞ്ഞുജീവി നമുക്ക് നല്ലത‌ുമാത്രമേ ചെയ്യുന്നുള്ളൂ...

more...