Friday 14 September 2018 10:45 AM IST

‘ഈ ചിത്രങ്ങളിൽ എന്റെ മനസ് ഉടക്കി നിൽക്കുകയാണ്’; സാറാ ഹുസൈന്റെ ചിത്രങ്ങളിൽ സച്ചിൻ ഭ്രമിച്ച കഥയിങ്ങനെ

Shyama

Sub Editor

painting ഫോട്ടോ: ശ്യാം ബാബു

സാറ ഇപ്പോഴും സംശയിക്കുന്നു അത് സ്വപ്നമോ സ ത്യമോ എന്ന്. ക്രിക്കറ്റിലെ ദൈവം സച്ചിൻ തെണ്ടുൽക്കർ ആയിരുന്നു മുന്നിൽ. ‘‘എനിക്ക് വരയെ കുറിച്ച് ആധികാരികമായി സംസാരിക്കാനറിയില്ല എന്നാലും ലോകം മുഴുവൻ സഞ്ചരിച്ചിട്ടും പലതരം പെയിന്റിങ്ങുകൾ കണ്ടിട്ടും എന്റെ മനസ്സ് ഈ ചിത്രങ്ങളിൽ ഉടക്കി നില‍്‍ക്കുന്നു.’’ സാറാ ഹുസൈൻ എന്ന കലാകാരിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അംഗീകാരമായിരുന്നു ഈ വാക്കുകൾ. തന്റെ വീട്ടിൽ വയ്ക്കാൻ സാറയുടെ മൂന്നു പെയിന്റിങ്ങുകൾ പറഞ്ഞ വിലയ്ക്കു വാങ്ങിയാണ് അന്ന് സച്ചിൻ മടങ്ങിയത്.

pain2


വരയാണ് വഴി എന്ന തിരിച്ചറിവ്


‘‘എനിക്ക് 12 വയസ്സുള്ളപ്പോൾ ഉപ്പ ഹുസൈൻ മരിച്ചു. അതിനു ശേഷം എന്നെയും ഇളയ സഹോദരങ്ങളേയും ഉമ്മ സാജിത വളരെ കഷ്ടപ്പെട്ടാണ് വളർത്തിയത്. ചെമ്മീൻ കമ്പനിയിൽ പണിക്കു പോയി കിട്ടുന്ന തുക കൊണ്ടാണ് കുടുംബം മുന്നോട്ടു പോയത്. ചെറുപ്പം മുതൽക്കെ വരയോട് താൽപര്യമുണ്ടായിരുന്നു. മത്സരങ്ങളിലൊക്കെ പങ്കെടുക്കാൻ അന്നു പേടിയായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ ഒപ്പം പഠിക്കുന്നവർക്കും സീനിയേഴ്സിനുമൊക്കെ പടം വരച്ചു കൊടുക്കും. പത്താം ക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രിക്ക് തൃശ്ശൂർ  ഇസ്‌ലാമിക  കോളേജിൽ  നിന്നു പഠിക്കുന്ന കാലത്ത് ചെവിയിൽ കടുത്ത ഇൻഫെക്‌ഷൻ വന്നു. ഓപ്പറേഷൻ ചെയ്യേണ്ട അവസ്ഥയായി. പിന്നീട് യാത്ര ചെയ്യാൻ പാടില്ലാത്തതു കൊണ്ടും മടി കൊണ്ടും പ്രീഡിഗ്രി മുഴുമിപ്പിച്ചില്ല. അസുഖം വന്ന് വീട്ടിലിരിക്കുമ്പോഴും പടം വരയ്ക്കുന്നതിലായിരുന്നു ശ്രദ്ധ മുഴുവൻ.


  ഉമ്മുമ്മയ്ക്ക് ഞാൻ വരയ്ക്കുന്നതൊക്കെ വലിയ ഇഷ്ടമായിരുന്നു. പുറത്തു പോയി വരുമ്പോൾ ഉണങ്ങിയ ആലില കൊണ്ടു വന്നു തന്നിട്ട് ‘നീയിതൊന്നു വരച്ചേ.. ’എന്നൊക്കെ പറയും. മടിച്ചു മടിച്ചാണ് വര പഠിക്കണമെന്ന ആഗ്രഹം ഉമ്മയോട് പറഞ്ഞത്. ആദ്യം തൃപ്പൂണിത്തുറ ആർ.എൽ.വി. കോളജിൽ പോയി അന്വേഷിച്ചു. അവിടെ  പ്രീഡിഗ്രിയോ  പ്ലസ്ടുവോ ഇല്ലാതെ ചേരാൻ പറ്റില്ലെന്നറിഞ്ഞു. മനസ്സു വിഷമിച്ചിരിക്കെ ഉമ്മയും ഉമ്മുമ്മയും കൂടി എവിടെയൊ പോകുന്ന വഴിക്കാണ് ഒരു പ്രൈവറ്റ് ആർട്ട് കോളജിന്റെ പരസ്യം കാണുന്നത്. അങ്ങനെ അവിടെ ചേർന്നു പഠിച്ചു. മാസം 100 രൂപയാണ് ഫീസ്. അതും ബസ് കാശുമൊക്കെ കൊടുക്കാൻ തന്നെ പാടുപെട്ടിരുന്നു. എന്നാലും എങ്ങനെയെങ്കിലും പഠിച്ചു ഒരു ജോലി സ മ്പാദിച്ച് വീട്ടുകാരെ നോക്കണം എന്നായിരുന്നു ചിന്ത. സ്കൂളിലൊക്കെ ഡ്രോയിങ്ങ് മാഷുമ്മാരില്ലേ? അതു പോലെ കുട്ടികളെ വര പഠിപ്പിക്കാം എന്നാണ് ഓർത്തത്.

pain1


മാറിയൊഴുകിയപ്പോൾ


പഠനത്തിനു ശേഷമാണ് ഓണിക്സ് പൗലോസ് സാറിനെ കണ്ടുമുട്ടുന്നത്. സാർ ചിത്രകാരനും ശിൽപിയുമാണ്. ഇപ്പോ 16 വർഷമായി അദ്ദേഹത്തിനൊപ്പം. ആദ്യകാലത്തൊക്കെ അ ദ്ദേഹത്തെ സഹായിക്കുക മാത്രമായിരുന്നു എന്റെ ജോലി. ഒരു ദിവസം അദ്ദേഹം കുറേ ചായങ്ങളും കാൻവാസും പേപ്പറും വാങ്ങി തന്നു, ഞാൻ മനസ്സിൽ തോന്നിയ ഒരുപാടു ചിത്രങ്ങൾ വ രച്ചു കൂട്ടി. ആ ചിത്രങ്ങളുടെ പ്രദർശനം 2004ൽ എറണാകുളത്തു സംഘടിപ്പിച്ചു. അതിനു ശേഷം സ്വന്തമായി  വർക്കുകൾ കിട്ടിത്തുടങ്ങി. 12  വർഷമായി  മട്ടാഞ്ചേരിയിൽ സ്വന്തമായി സ്റ്റുഡിയോ തുടങ്ങിയിട്ട്. ജൂതപ്പള്ളിക്കെതിർവശമുള്ള മോക്ക കഫേയുമായി ചേര‍്‍ന്നൊരു ഗാലറിയുമുണ്ട്.


വാട്ടർകളറും ഓയിൽ പെയിന്റുമൊക്കെയുപയോഗിക്കുന്നുണ്ടെങ്കിലും അക്രലിക്കിലാണ് കൂടുതൽ ചിത്രങ്ങളും വരയ്ക്കുന്നത്. പാലറ്റ് നൈഫ് ഉപയോഗിച്ചുള്ള വരയാണിപ്പോൾ ശീലിക്കുന്നത്. ചുറ്റും കാണുന്ന കാഴ്ച്ചകളാണ് വരക്കുക. തെരുവുകളും ബോട്ടുകളും മനുഷ്യജീവിതങ്ങളും... ആളുകൾക്കു സന്തോഷം തരുന്ന കാഴ്ചകളും നിറങ്ങളും ചിത്രമാക്കാനാണ് ഇഷ്ടം.  


എല്ലാ മതങ്ങൾക്കും ആദരവു നൽകണമെന്നാണ് മനസ്സി ൽ. ഒരുപാട് ഗണപതി ചിത്രങ്ങൾ വരച്ചിട്ടുണ്ട്, പള്ളിയിലെ മദ്ബഹകളിലും എന്റെ ചിത്രങ്ങളുണ്ട്. ഇറ്റലി, ലണ്ടൻ, മലേഷ്യ, ജർമനി തുടങ്ങിയ രാജ്യങ്ങളിലേക്കും ചിത്രങ്ങൾ കൊണ്ടുപോയിട്ടുണ്ട്. ഇത്രയധികം നാടുകളിലേക്ക് എന്റെ വര സഞ്ചരിക്കുന്നതു തന്നെയാണ് ഏറ്റവും വലിയ സന്തോഷം.
സച്ചിൻ തെണ്ടുൽക്കർ കൊച്ചിയിൽ വന്നപ്പോൾ  താമസിച്ച ഹോട്ടലിലെ ചിത്രങ്ങൾ കണ്ടാണ് അദ്ദേഹം വിളിക്കുന്നത്. മുംബൈയിൽ ചിത്രപ്രദർശനം നടത്തിയാൽ സഹായങ്ങൾ ചെയ്യാം എന്നൊക്കെ പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.

pain3


പഠിക്കാൻ മടിയായിരുന്നെങ്കിലും ചിത്രംവരയ്ക്കിടയ്ക്ക് ബിഎസ്‌സി മൾട്ടിമീഡിയയും ബാച്ചിലർ ഒാഫ് ഫൈൻ ആർട്സും എടുത്തു. ഇനി പോസ്റ്റ്ഗ്രാജുവേഷൻ എടുക്കണമെന്നുണ്ട്. ഇൻഷാ അല്ലാഹ്!