Friday 13 December 2019 03:53 PM IST : By സ്വന്തം ലേഖകൻ

കാർ ഇടി‌ച്ചിട്ട കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിയിൽ ഇറക്കിവിട്ടു; ഒടുവിൽ ദാരുണാന്ത്യം!

pkd0-accident

കാറിടിച്ചു വീണ് ഗുരുതരാവസ്ഥയിലായ സ്കൂൾ വിദ്യാർഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അതേ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു. മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടു. പാലക്കാട് ചിറ്റൂരിലാണ് ക്രൂരത അരങ്ങേറിയത്. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. ചിറ്റൂര്‍ നല്ലേപ്പിള്ളി സുദേവന്റെ മകന്‍ സുജിതാണ് മരിച്ചത്.   

ഇന്നലെ വൈകീട്ട് നാലരയോടെ കൈതക്കുഴിക്കു സമീപം റോഡരികിൽ നിൽക്കുകയായിരുന്ന സുജിത്തിനെ കാ‍ർ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നു സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. റോഡിലേക്ക് തെറിച്ചുവീണ കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഇടയ്ക്കു വച്ചു ടയർ പഞ്ചറായെന്ന കാരണം പറഞ്ഞ് ഇറക്കിവിടുകയായിരുന്നു. കുട്ടിയെ ഇറക്കിവിട്ട ഉടനെ കാർ യാത്രക്കാർ സ്ഥലം വിട്ടെന്ന് ദൃക്‌സാക്ഷിയായ പരമൻ പറയുന്നു.

ആറു കിലോമീറ്റർ അകലെയുള്ള നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാനാണു പറഞ്ഞതെങ്കിലും ചെവിക്കൊള്ളാതെ ഡ്രൈവർ പാലക്കാട് ഭാഗത്തേക്കാണ് പോയതെന്നും പരമൻ പറയുന്നു. എന്നാൽ, അരകിലോമീറ്റർ മുന്നോട്ടു പോയപ്പോഴാണ് ടയർ പഞ്ചറായെന്നും ഇറങ്ങി മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിക്കാനും ഡ്രൈവർ പറഞ്ഞത്. ഇതോടെ, പെട്ടെന്ന് ഇറങ്ങി എതിരെ വന്ന വാൻ കൈകാണിച്ചു നിർത്തി നാട്ടുകല്ലിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് പരമൻ പറഞ്ഞു.

അതേസമയം കുട്ടിയെ ഇടിച്ചിട്ടശേഷം വഴിയില്‍ ഉപേക്ഷിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം പുത്തനത്താണി സ്വദേശി അഷറഫിന്റേതാണ് കാറെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അപ്പുപ്പിള്ളയൂർ എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ സുജിത് ക്ലാസ് കഴിഞ്ഞ ശേഷം, ഇരട്ടക്കുളത്തെ തറവാട്ടിൽ മുത്തശ്ശന്റെ ചരമവാർഷികച്ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു. ബാഗ് വീട്ടിൽ വച്ച ശേഷം സമീപത്തു കളിക്കുകയായിരുന്ന കൂട്ടുകാരുടെ അടുത്തേക്കു പോകാൻ റോഡരികിൽ നിൽക്കുമ്പോഴാണ് അപകടം.

അമ്മ: രാധ. സഹോദരൻ: സൂരജ്. കുട്ടിയെ ഇടിച്ച കാറിലെ യാത്രക്കാരെ തിരിച്ചറിഞ്ഞതായും ടയർ പഞ്ചറായതു കൊണ്ടുതന്നെയാണ് വഴിയിൽ ഇറക്കിയതെന്ന് അവർ പറഞ്ഞതായും കസബ എസ്ഐ വിപിൻ കെ. വേണുഗോപാൽ അറിയിച്ചു. കാർ ഇന്ന് സ്റ്റേഷനിലെത്തിച്ചു തെളിവെടുക്കും.

Tags:
  • Spotlight