Friday 13 December 2024 11:16 AM IST : By സ്വന്തം ലേഖകൻ

‘4 പേരും പോയി, ഇനി ഞാൻ മാത്രം...’ കൂട്ടുകാർ അവസാനനിമിഷം കൈമാറിയ നനഞ്ഞ കുട നെഞ്ചോടുചേർത്ത് അജ്ന

palakkad-accident വാഹനാപകടത്തിൽനിന്ന് രക്ഷപ്പെട്ട അജ്ന ഷെറീൻ (ഇടത്), അപകടത്തിൽ മരിച്ച റിദ ഫാത്തിമ, നിദ ഫാത്തിമ, എം.എസ് ആയിഷ, ഇർഫാന ഷെറിൻ എന്നിവർ. അഞ്ചു കൂട്ടുകാരും ചേർന്ന് ഈ വർഷത്തെ ഓണാഘോഷത്തിനിടെ എടുത്ത ചിത്രം

കൂട്ടുകാർക്കൊപ്പമെടുത്ത സെൽഫി മൊബൈൽ ഫോണിൽ കാണിച്ച് അജ്ന വിതുമ്പി: ‘4 പേരും പോയി, ഇനി ഞാൻ മാത്രം...’ വാക്കുകൾ മുറിഞ്ഞു പിടഞ്ഞു. കുഞ്ഞുന്നാൾ മുതലുള്ള കൂട്ടുകാരെ ഒറ്റനിമിഷം കൊണ്ടാണ് അജ്നയുടെ കൈപ്പിടിയിൽ നിന്ന് വിധി തട്ടിത്തെറിപ്പിച്ചത്. കൂട്ടുകാർ അവസാനനിമിഷം കൈമാറിയ നനഞ്ഞ കുടയും റൈറ്റിങ് ബോർഡും നെഞ്ചിലടക്കിപ്പിടിച്ച് ആന്തലോടെ നിൽക്കുകയാണ് അജ്ന.പരീക്ഷയെഴുതി സ്കൂളിൽനിന്നു വീട്ടിലേക്കു നടന്നുപോവുമ്പോൾ ലോറി ദേഹത്തേക്കു മറിഞ്ഞാണു കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ, ചെറുള്ളി അബ്ദുൽ സലാമിന്റെ മകൾ ഇർഫാന ഷെറിൻ, അബ്ദുൽ റഫീഖിന്റെ മകൾ റിദ ഫാത്തിമ, സലാമിന്റെ മകൾ നിദ ഫാത്തിമ, ഷറഫുദ്ദീന്റെ മകൾ എ.എസ്.ആയിഷ എന്നിവർ മരിച്ചത്. ഇവരുടെ സഹപാഠി അജ്ന ഷെറിൻ പരുക്കില്ലാതെ രക്ഷപ്പെട്ടു. പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ഒട്ടേറെ അപകടമരണങ്ങൾ നടന്ന കരിമ്പ പനയംപാടം വളവിൽ ഇന്നലെ 3.40നായിരുന്നു അപകടം. അരക്കിലോമീറ്ററിനുള്ളിലാണ് മരിച്ച 4 പേരുടെയും വീടുകൾ.  മൃതദേഹങ്ങൾ ഇന്നു രാവിലെ 8.30നു തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും.

തുടർന്ന് തുപ്പനാട് ജുമാമസ്ജിദിൽ കബറടക്കം. പാലക്കാട്ടുനിന്നു മണ്ണാർക്കാട് ഭാഗത്തേക്കു സിമന്റ് കയറ്റിപ്പോയ ലോറി എതിർദിശയിൽ വന്ന ലോറിയുടെ പിൻഭാഗത്ത് ഇടിച്ച് ഇടതുവശത്തേക്കു പാഞ്ഞു കയറി വിദ്യാർഥിനികളുടെ ദേഹത്തേക്കു മറിയുകയായിരുന്നു. അപകടം നടന്നയുടൻ സിമന്റ്പൊടി പറന്നതിനാൽ കുറച്ചു നേരത്തേക്ക് ഒന്നും വ്യക്തമായില്ല. പിന്നീടു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സിമന്റ് ലോഡ് മാറ്റി ലോറി ഉയർത്തിയ ശേഷമാണ് അടിയിൽ കുടുങ്ങിയ വിദ്യാർഥിനികളെ പുറത്തെടുക്കാനായത്. തുടർന്ന് ക്രെയിൻ ഉപയോഗിച്ചു ലോറി മാറ്റി കൂടുതൽ പേർ അടിയിൽ ഇല്ലെന്ന് ഉറപ്പാക്കി. 5 പേരും പതിവായി ഒരുമിച്ചാണ് സ്കൂളിൽ പോയി വന്നിരുന്നത്. നാട്ടുകാരാണു രക്ഷാപ്രവർത്തനത്തിനു തുടക്കമിട്ടത്. പൊലീസും അഗ്നിരക്ഷാ സേനയും പങ്കാളികളായി.അപകടങ്ങൾക്കു പരിഹാരമില്ലാത്തതിൽ പ്രതിഷേധിച്ചു വഴിതടഞ്ഞ നാട്ടുകാർ സ്കൂൾ ബസുകളും ആംബുലൻസും മാത്രമാണു കടന്നുപോകാൻ അനുവദിച്ചത്. അധികൃതർ നൽകിയ ഉറപ്പിൽ സമരം അവസാനിപ്പിച്ചു. എംഎൽഎമാരായ കെ.ശാന്തകുമാരി, രാഹുൽ മാങ്കൂട്ടത്തിൽ, കലക്ടർ ഡോ.എസ്.ചിത്ര, ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് എന്നിവർ സ്ഥലത്തെത്തി.