Friday 02 December 2022 12:09 PM IST : By സ്വന്തം ലേഖകൻ

ചങ്കുപിടയുന്ന വേദനയോടെ പ്രിയപ്പെട്ടവന് റംസീനയുടെ സല്യൂട്ട്, നൊമ്പരമായി മകൾ അഫ്സീന: ജവാന്‍ ഹക്കീമിന് വിട

hakeem

 ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് കമാൻഡോ മുഹമ്മദ് ഹക്കീമിനു സല്യൂട്ടിന്റെ സ്നേഹമുദ്രകൾ അർപ്പിച്ച് നാടിന്റെ വിട. സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി ഭാര്യ റംസീനയും മകൾ 4 വയസ്സുകാരി അഫ്സീന ഫാത്തിമയും ഹക്കീമിന് അവസാനമായി സല്യൂട്ട് നൽകിയപ്പോൾ നാട് കണ്ണീരണിഞ്ഞു. സുക്മ ജില്ലയിലെ ചിന്റഗുഫ വനത്തിൽ സ്ഥാപിച്ച സൈനിക ക്യാംപിനു നേരെ 29നു വൈകിട്ടുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിലാണു പാലക്കാട് ധോണി പയറ്റാംകുന്ന് ദാറുസ്സലാം വീട്ടിൽ മുഹമ്മദ് ഹക്കീം വീരമൃത്യു വരിച്ചത്.

hakeem-jawan

മുഹമ്മദ് ഹക്കീമിന്റെ ഭൗതികശരീരം കബറടക്കത്തിനായി ഉമ്മിനി പള്ളി കബർസ്ഥാനിലെത്തിച്ചപ്പോൾ, സിആർപിഎഫ് നൽകിയ ഗാർഡ് ഓഫ് ഓണർ.

ഉമ്മിനി ഗവ.ഹൈസ്കൂളിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടി ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്കും കേരള പൊലീസിനു വേണ്ടി ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥും പുഷ്പചക്രം അർപ്പിച്ചു. 

പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, ബിജെപി മേഖല സെക്രട്ടറി വി.നടേശൻ, സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ്, സംസ്ഥാന നിർവാഹക സമിതി അംഗം വി.ചാമുണ്ണി, അകത്തേത്തറ പഞ്ചായത്ത് അധ്യക്ഷ സുനിത അനന്തകൃഷ്ണൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. 

രാവിലെ 9നു ധോണി പയറ്റാംകുന്നിലെ വീട്ടിൽ നിന്നു തുറന്ന വാഹനത്തിലാണു മൃതദേഹം ഉമ്മിനി സ്കൂളിലെത്തിച്ചത്. വഴിനീളെ പൂക്കൾ വിതറി നാട്ടുകാർ ധീര ജവാന് ആദരമർപ്പിച്ചു. വിവിധ കേന്ദ്ര സേന വിഭാഗങ്ങളും കേരള പൊലീസും ഗാർഡ് ഓഫ് ഓണർ നൽകി. രാവിലെ 10.45നു പൂർണ ബഹുമതികളോടെ ഉമ്മിനി ജുമാ മസ്ജിദിൽ കബറടക്കി. 

തീവ്രപരിശീലനം ലഭിച്ച കോബ്ര ബറ്റാലിയൻ എലൈറ്റ് യൂണിറ്റിലെ ഹെഡ് കോൺസ്റ്റബിളായിരുന്നു ഹക്കീം. 2007ലാണു സിആർപിഎഫിൽ ചേർന്നത്. 2000–03 കാലഘട്ടത്തിൽ സംസ്ഥാന ജൂനിയർ ഹോക്കി ടീമിൽ അംഗമായിരുന്നു.

More