Monday 30 May 2022 03:41 PM IST : By സ്വന്തം ലേഖകൻ

മൂത്തമകള്‍ തല്ലിയിറക്കി, ആത്മഹത്യ ചെയ്യാനുറച്ച് അമ്മ; സംരക്ഷിക്കാന്‍ ത്രാണിയില്ലെങ്കിലും സ്വന്തം കൂരയിലേക്ക് അമ്മയെ ഒപ്പംകൂട്ടി ഇളയമകന്‍, നോവ്

mother-coplaint.jpg.image.845.440

മൂത്തമകള്‍ വീട്ടില്‍ നിന്ന് തല്ലിയിറക്കിയെന്ന പരാതിയുമായി എണ്‍പത്തിയെട്ടുകാരിയായ അമ്മ. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിറങ്ങിയ അമ്മയ്ക്ക് തുണയായത് ഓട്ടോറിക്ഷക്കാരും ഇളയമകനും. പാലക്കാട് പുതുശ്ശേരി സ്വദേശിനി കാര്‍ത്യായനിയമ്മയാണ് ആര്‍ഡിഒയെക്കണ്ട് തനിക്ക് ഏല്‍ക്കേണ്ടി വന്ന പീഡനങ്ങള്‍ രേഖാമൂലം എഴുതിനല്‍കി മകനൊപ്പം മടങ്ങിയത്.

ഏഴ് മക്കളെ നൊന്തു പ്രസവിച്ച അമ്മയ്ക്കാണ് സംരക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയുണ്ടായത്. നാല് പെണ്ണും മൂന്ന് ആണ്‍മക്കളുമാണ് കാര്‍ത്യായനിയമ്മയ്ക്ക്. നാല് പെൺമക്കളുടെയും വിവാഹം നല്ല നിലയില്‍ നടത്തി. ഭർത്താവ് മരിക്കുന്നതിന് മുന്‍പ് തന്നെ സ്വത്തുക്കൾ പെണ്‍മക്കള്‍ കൈവശപ്പെടുത്തിയെന്നാണ് അമ്മ പറയുന്നത്. ആണ്‍മക്കളുടെ വീട്ടിലേക്ക് പോകാനും വിലക്കുണ്ടായിരുന്നുവെന്നാണ് ആക്ഷേപം.

വാരിക്കോരി സ്നേഹവും സ്വത്തുമെല്ലാം നല്‍കിയെങ്കിലും മൂത്തമകള്‍ തല്ലിയിറക്കിയെന്ന് അമ്മ പറയുന്നു. നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഗേറ്റ് കടക്കുമ്പോള്‍ മരണത്തെക്കുറിച്ചായിരുന്നു ചിന്ത. വേച്ച് വേച്ച് നടന്നുനീങ്ങുന്ന അമ്മയെ ഓട്ടോറിക്ഷക്കാരാണ് ചേര്‍ത്തുനിര്‍ത്തി ദാഹജലം നല്‍കിയത്. പിന്നാലെ ഇളയമകനെ വിവരമറിയിക്കുകയായിരുന്നു. 

കൂലിപ്പണിക്കാരനായ ഇളയമകന് അമ്മയെ സംരക്ഷിക്കാനുള്ള ത്രാണിയില്ല. എങ്കിലും പ്രതിസന്ധിയില്‍ ഉപേക്ഷിക്കാതെ അമ്മയെ ചേർത്തുപിടിച്ചു. സഹിക്ക വയ്യാതെയാണ് കാര്‍ത്യായനി അമ്മ ആര്‍ഡിഒ ഓഫിസിലെത്തി പരാതി നല്‍കിയത്. മക്കളോട് നേരിട്ടെത്താന്‍ ആര്‍ഡിഒ ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ അമ്മ സുരക്ഷിതയാണ്, ഇളയമകന്റെ ചോർന്നൊലിക്കുന്ന കൂരയിൽ.

Tags:
  • Spotlight
  • Relationship