Wednesday 21 October 2020 03:04 PM IST

'കല ആസ്വദിക്കാം, പണം ചോദിച്ചാൽ ചീത്തവിളി, അധിക്ഷേപം; കലാകാരനും മനുഷ്യനാണ്': തിക്താനുഭവം പങ്കിട്ട് പാലക്കാട് ശ്രീറാം

V N Rakhi

Sub Editor

sreeram-musician77565

കലാകാരന്മാരുടെ കല ആസ്വദിക്കാം, പണം ചോദിച്ചാൽ തെറി വിളി, അധിക്ഷേപം. ഇത്തരത്തിലുള്ള തിക്താനുഭവം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നയാളാണ് പ്രശസ്ത സംഗീതജ്ഞനായ പാലക്കാട് ശ്രീറാം. അടുത്തിടെ ഫെയ്സ്ബുക്ക് ലൈവ് ചെയ്ത് കുറച്ച് പണം സ്വരൂപിച്ച് കൊടുക്കാമോ എന്ന് ചോദിച്ച് ഒരു ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാരവാഹി വിളിച്ചു. ചെയ്യാമെന്നും ഇത്രയാണ് ചാർജ് എന്നും പറഞ്ഞു. അതോടെ കലാകാരനോടുള്ള ബഹുമാനമെല്ലാം കാറ്റിൽ പറന്നു. പിന്നെ  കലയെയും കലാകാരനെയും കുറിച്ചുള്ള നിർവചനങ്ങളും പണം ചോദിച്ചതിലുള്ള അപരാധവും തുടങ്ങി ശ്രീറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനടിയിൽ കമന്റുകളുടെയും ചീത്തവിളിയുടെയും ബഹളമായി.

‘‘മ്യുസിഷൻ എന്നാൽ ശങ്കരാഭരണത്തിലെ സോമയാചുലുവിനെപ്പോലെയാകണം എന്നാണ് എല്ലാവരുടെയും സങ്കൽപം. പാട്ടുകാരോട് സംസാരിക്കുമ്പോൾ, സംഗീതം ഒരു വരദാനം, ഈശ്വരകൃപം, ഗുരുഭക്തി തുടങ്ങിയ വാക്കുകള്‍ ദയവു ചെയ്ത് ഒഴിവാക്കുക. അയാള്‍ ഒരു മനുഷ്യൻ കൂടിയാണ് എന്നോർക്കുക. അയാൾക്കും ജീവിക്കണമല്ലോ.’’ -ശ്രീറാം പറയുന്നു.  

കോവിഡ് കാലത്ത് പൊട്ടിമുളച്ച കുറേ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളുണ്ട്. അമ്പലത്തിന്റെയോ പള്ളിയുടെയോ ഒക്കെ പേരിൽ ഗ്രൂപ്പുണ്ടാക്കി യാതൊരു ഒഫിഷ്യൽ സർട്ടിഫിക്കറ്റുമില്ലാതെ മ്യുസിഷനെ വിളിച്ച് ലൈവ് ചെയ്യാൻ പറയുക. സ്റ്റേജ്, സൗണ്ട് സിസ്റ്റം, ആർട്ടിസ്റ്റിന്റെ യാത്രാ ചെലവ്, താമസം തുടങ്ങിയ കാര്യങ്ങൾക്ക് ഒരു പൈസ പോലും ചെലവാക്കേണ്ട കാര്യമില്ല. എന്നിട്ടാണ് ഫ്രീയായി ലൈവ് ചെയ്യാൻ പറയുന്നത്. ഒരു പരിപാടിക്ക് ചെലവാക്കേണ്ടി വരുന്നതിന്റെ പത്തിലൊന്നേ ചോദിച്ചുള്ളൂ. 

ലൈവ് ചെയ്യുന്നതിനോ ചാരിറ്റിക്കോ എതിരല്ല. വെറുതെ ഒരു ഗ്രൂപ്പുണ്ടാക്കി, ലൈവ് ചെയ്യാമോ എന്ന് ചോദിച്ചാൽ എങ്ങനെ ശരിയാകും? ഇവരുടെ ഉദ്ദേശ്യശുദ്ധി കൂടി ബോധ്യപ്പെടണമല്ലോ. നേരത്തേ കച്ചേരികൾ ചെയ്ത അമ്പലങ്ങളിൽ നിന്ന് നമുക്ക് നേരിട്ട് അറിയുന്നവർ വിളിച്ച് നവരാത്രിയല്ലേ, ആഘോഷത്തിന് ഒരു കൃതി പാടിത്തരാമോ എന്ന് ചോദിക്കുമ്പോൾ ഒരു പൈസ പോലും വാങ്ങാതെ പാടിക്കൊടുത്തിട്ടുണ്ട്. 

മലയാളം സിനിമ മേഖലയുടെ കാര്യം പറയുകയാണെങ്കിൽ, മലയാളം സിനിമ തുടങ്ങിയ കാലം മുതൽ തന്നെ ഇവിടെ ഏറ്റവും കുറഞ്ഞ ബജറ്റിലാണ് പടങ്ങൾ ചെയ്തിരുന്നത്.ബിജിബാലും എം ജയചന്ദ്രനും ഉൾപ്പെടെ അടുത്തിടെ ഞാൻ ഒരുമിച്ചു വർക് ചെയ്തവരെല്ലാം വരെ ഏറ്റവും കുറഞ്ഞ വരുമാനത്തിൽ പാട്ടുകൾ ചെയ്തുകൊടുക്കുന്നവരാണ്. മുംബൈയിൽ നിന്ന് ഗായകരെ കൊണ്ടു വരുമ്പോൾ  അവർക്കുള്ള പണം കൂടാതെ മാനേജർമാർക്കും യാത്രാ ചെലവും ഉൾപ്പെടെ വേറെയും ചെലവുകൾ വരും.  

വിജയ് യേശുദാസ് പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. എന്നു വച്ച് വിജയിന്റെ കാര്യത്തിൽ മറ്റുള്ളവർ എടുത്ത നിലപാടിനോട് ഞാൻ യോജിക്കുന്നില്ല. വിജയ് പറഞ്ഞത് ഏറ്റവും മിനിമൽ ആയ കാര്യമാണ്. ഒരാൾ വരുമാനമില്ലാതെ ജോലി ചെയ്യേണ്ട കാര്യമില്ലല്ലോ. ഒരാൾക്ക് സ്വന്തം വരുമാനം തീരുമാനിക്കാൻ അവകാശമുണ്ട്. പക്ഷെ തെലുങ്കിലോ കന്നഡയിലോ പാട്ടുകൾ പാടുമ്പോള്‍ കിട്ടുന്ന വരുമാനത്തോട് ഇവിടത്തെ വരുമാനം താരതമ്യം ചെയ്യാനാവില്ല. കാരണം അവിടെ ഒരു പാട്ട് പാടുമ്പോൾ കിട്ടുന്ന സ്വീകാര്യതയല്ല, മലയാളത്തിന് കിട്ടുന്നത്. തെലുങ്ക് പടം പത്ത് പേര് കാണുമ്പോൾ മലയാളം രണ്ടോ മൂന്നോ പേരാകും കാണുന്നത്. 

ഹരീഷ് ഇട്ട എഫ് ബി പോസ്റ്റും ഞാൻ കണ്ടിരുന്നു. അതിനോട് പരിപൂർണമായും യോജിക്കുന്നു. ആറാം ക്ലാസ് മുതൽ സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ച് പണം കണ്ടെത്തിയിരുന്ന ആളാണ് ഞാൻ. എല്ലാ കലാകാരന്മാരെയും അവർ അർഹിക്കുന്ന പണം നൽകിത്തന്നെയാണ് പരിപാടിക്ക് വിളിക്കേണ്ടത്. കൊറോണയ്ക്കു ശേഷം കലാകാരന്മാരുടെ മനസ്സ് ആധി കൊണ്ട് നിറഞ്ഞിരിക്കുന്ന സമയമാണ്. അങ്ങനെയിരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള അവഹേളനങ്ങൾ.

Tags:
  • Spotlight