Friday 14 January 2022 11:14 AM IST : By സ്വന്തം ലേഖകൻ

‘പാൽ കുടിക്കാൻ പോലും മടി’; അമ്മപ്പുലിക്കായി ഇനി കാത്തിരിക്കില്ല, ഒറ്റയ്ക്കായ കുഞ്ഞിപ്പുലിക്ക് വനപാലകരുടെ ചികിത്സ

palakkad-leopard-cibs.jpg.image.845.440

അമ്മപ്പുലിക്കായി കാത്തിരിക്കില്ല; ഒറ്റയ്ക്കായ കുഞ്ഞിപ്പുലിക്കു വിദഗ്ധചികിത്സ നൽകാൻ വനപാലകർ തീരുമാനിച്ചു. കുഞ്ഞിപ്പുലിയെ വിദഗ്ധ ചികിത്സയ്ക്കായി വടക്കാഞ്ചേരി അകമല അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി സർജന്റെ ഓഫിസിലേക്കു മാറ്റി. കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന പുലി ഇന്നലെ പാൽ കുടിക്കാൻ പോലും മടികാണിച്ചു. കഴിഞ്ഞ ദിവസം വയറിളക്കവും ഉണ്ടായിരുന്നു.

അമ്മയുടെ സാന്നിധ്യമില്ലാത്തതു കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഇന്നലെ തൃശൂരിൽ നിന്നു വനംവകുപ്പിന്റെ വെറ്ററിനറി ഡോക്ടർ പരിശോധിച്ചു. ചെറിയ തോതിൽ വയറിളക്കമുണ്ടായിരുന്നെങ്കിലും കുറഞ്ഞിട്ടുണ്ട്. പ്രസവിച്ച് ഒരാഴ്ച മാത്രം പ്രായമുള്ളതിനാൽ അമ്മയുടെ ചൂടു ലഭിക്കാത്തതു പൊതുവേയുള്ള ആരോഗ്യത്തെ ബാധിക്കും.

പാലക്കാട് ധോണി ഉമ്മിനി പപ്പാടിയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നു ഞായറാഴ്ച ഉച്ചയോടെയാണു രണ്ടു പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. അമ്മപ്പുലിയെ കണ്ടെത്താൻ കുഞ്ഞുങ്ങളെ കൂട്ടിലാക്കി കെണിയൊരുക്കിയെങ്കിലും ഒന്നിനെ മാത്രം പുലി കൊണ്ടുപോകുകയായിരുന്നു. അവശേഷിച്ച കുഞ്ഞിനെ ചൊവ്വാഴ്ച വീണ്ടും കെണിയിൽ വച്ചെങ്കിലും പുലി വന്നില്ല. 

ഇതിനെ ഉപേക്ഷിച്ചതാകാമെന്നാണു നിഗമനം. ഇനി അമ്മയെ ആകർഷിക്കാൻ കുഞ്ഞിനെ കൂട്ടിൽ വയ്ക്കേണ്ടതില്ലെന്നാണു തീരുമാനം. പുലിയും കടുവയും ഉൾപ്പെടുന്ന പട്ടികയിലെ മൃഗങ്ങൾ പിടിയിലായാൽ വനം ഡിവിഷന്റെ പരിധിക്കു പുറത്തു കൊണ്ടുപോകാൻ മുഖ്യവനപാലകന്റെ അനുമതി വേണമെന്നു നിയമമുണ്ട്.

Tags:
  • Spotlight