Monday 26 October 2020 01:00 PM IST : By സ്വന്തം ലേഖകൻ

'പറക്കമുറ്റും മുന്നേ ആത്മഹത്യ ചെയ്ത പിതാവ്, അവരെ ചിറകിനുള്ളില്‍ പൊതിഞ്ഞ് വിധിയെ തോല്‍പ്പിച്ച അമ്മ'; രമാദേവി അഭിമാനതാരം; കുറിപ്പ്

panja-ratna

മലയാളി മനസു തൊട്ട് അനുഗ്രഹിച്ച അഞ്ച് രത്‌നങ്ങള്‍... പ്രാര്‍ത്ഥനകളില്‍ ഓര്‍ത്ത ഒരു അമ്മ. പഞ്ചരത്‌നങ്ങള്‍ മലയാളികള്‍ക്ക് വീട്ടിലെ കുട്ടികളെ പോലെയാണ്. അവരുടെ അമ്മ പ്രതിസന്ധികളോടു പോരാടിയ ധീരയായ വനിതയും. പഞ്ചരത്‌നങ്ങളില്‍ മൂന്ന് പേരുടെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുക്കുമ്പോള്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് 'താടിക്കാരന്‍ ചങ്ങായി'. വിധിയുടെ ക്രൂരതയില്‍ തളര്‍ന്നു വീഴാതെ അഞ്ചു മക്കളേയും ഇതുവരെ എത്തിച്ച രമാദേവി എന്ന അമ്മ അഭിമാനതാരമാണെന്ന് കേരള ഹോട്ടല്‍ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. അമ്മയുടെ ആത്മധൈര്യമാണ് ഞങ്ങള്‍ക്ക് ഈ സൗഭാഗ്യങ്ങള്‍ തന്നതെന്ന മകള്‍ ഉത്തരയുടെ വാക്കുകള്‍ കടമെടുത്തു കൊണ്ടാണ് കുറിപ്പ്.

പഞ്ചരത്‌നങ്ങളില്‍ മൂന്നു പേരുടെ കല്യാണം ഗുരുവായൂര്‍ ക്ഷേത്രത്തിലാണ് നടന്നത്. ഉത്തര, ഉത്തമ, ഉത്ര എന്നിവരുടെ വിവാഹമാണ് നടന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

രമാദേവി എന്ന അമ്മയാണ് ഇന്നത്തെ അഭിമാന താരം ...

ഒറ്റ പ്രസവത്തിൽ അഞ്ചു മക്കൾ. ഒരാണും നാലു പെണ്ണും. ഉത്ര, ഉത്തര, ഉത്തമ, ഉത്രജ, ഉത്രജൻ. പറക്കമുറ്റും മുന്നേ പിതാവ് ആത്മഹത്യ ചെയ്തു. എന്നാൽ തളർന്നു പോകാതെ അഞ്ചു പേരെയും തൻ്റെ ചിറകിനുള്ളിൽ പൊതിഞ്ഞ് വിധിയെ പൊരുതി തോൽപ്പിച്ച് ഇന്ന് അവരിൽ മുന്നു പേരെ അഭിമാനത്തോടെ വിവാഹം കഴിപ്പിച്ചയച്ചു..

ഒരാളുടെ വിവാഹം വരൻ വിദേശത്തായതിനാൽ പിന്നീട് നടത്തും. ഈ അഞ്ചു മക്കളെയും വിധിയുടെ ക്രൂരതയിൽ തളർന്ന് വീഴാതെ ഇത്രയും വരെ എത്തിച്ച രമാദേവി എന്ന അമ്മയാണ് ഇന്നത്തെ അഭിമാന താരം ...

കടന്നുവന്ന വഴികളെക്കുറിച്ച് ഉത്തരയുടെ വാക്കുകൾ ഇങ്ങനെ, അമ്മയാണ് ഞങ്ങൾക്കെല്ലാം അമ്മയുടെ ശക്തികൊണ്ടാണ് ഇവിടം വരെ എത്തിയത്. ഒരുപാട് പ്രതിസന്ധികളിലൂടെ ആണ് അമ്മ ഞങ്ങളെ വളർത്തിയത്, അതൊന്നും ഒരിക്കലും മറക്കാനാവില്ല.

ഞങ്ങൾ കുഞ്ഞുങ്ങൾ ആയിരുന്നപ്പോൾ ചില രാത്രികളിൽ അമ്മയ്ക്ക് വയ്യാതാവും ആയിരുന്നു ആ അവസ്ഥയിലും അമ്മയുടെ ആത്മധൈര്യം ആണ് മുന്നോട്ടു നയിച്ചത്. ഞങ്ങളെ വളർത്താൻ അമ്മ കഷ്ടപ്പാടുകൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട്.

ഞങ്ങൾ എല്ലാവർക്കും ഏകദേശം ഒരേ സമയത്താണ് ആലോചന വരുന്നത്, ഒരേ ദിവസം തന്നെ വിവാഹിതരാകാൻ ആണ് ആഗ്രഹം എന്ന് ആദ്യമേ പറഞ്ഞിരുന്നു. അത് എല്ലാവർക്കും സമ്മതമായി. ഞങ്ങളുടെ ഭാവി വരന്മാരുടെ വീട്ടുകാരും ഈ സ്നേഹം ഇതുപോലെ തന്നെ നിലനിർത്തണം എന്ന് തന്നെയാണ് പറയുന്നത്.

അച്ഛനില്ലാത്തതിന്റെ കുറവ് നികത്തുന്നത് ഉത്രജൻ ആണ്, അവനാണ് ഞങ്ങളുടെ ബലം. അവനു വിദേശത്ത് ജോലി ശരിയായിട്ടുണ്ട്. ഞങ്ങളുടെ വിവാഹ ശേഷം അവനും അവിടേക്കു പോകും.

മക്കളുടെ വിവാഹത്തെക്കുറിച്ച്:- ജീവിതത്തോട് പൊരുതി ആണ് ഇവിടെ വരെ എത്തിയത്. ഞങ്ങളുടെ കഥയെല്ലാം എല്ലാവർക്കും അറിയുന്നതാണ്. ഒരുപാടുപേർ താങ്ങും തണലുമായി നിന്നിട്ടുണ്ട് അതൊന്നും മറക്കാനാകില്ല..

അമ്മയ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും..

ഒപ്പം മൂന്നു പേർക്കും ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകൾ ...