Saturday 01 January 2022 10:53 AM IST : By സ്വന്തം ലേഖകൻ

നോക്കുവിദ്യ പാവകളി കലാകാരി പങ്കജാക്ഷിയമ്മയുടെ വീട്ടിലേക്ക് പത്മശ്രീ എത്തി; പുതുവത്സര സമ്മാനമായി കൈമാറിയത് കലക്ടർ

പങ്കജാക്ഷിയമ്മയുടെ വീട്ടിലേക്ക് പത്മശ്രീ എത്തി. പുതുവത്സര സമ്മാനം പോലെ കലക്ടർ ഡോ.പി.കെ.ജയശ്രീ ബഹുമതി കൈമാറിയപ്പോൾ മുതിർന്ന കലാകാരിയുടെ മുഖത്ത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും തിളക്കം. നോക്കുവിദ്യ പാവകളിയെ സംരക്ഷിക്കുകയും തലമുറകൾക്കു കൈമാറുകയും ചെയ്ത പങ്കജാക്ഷിയമ്മയ്ക്കു 2020ലാണ് പത്മശ്രീ ലഭിച്ചത്. കോവിഡും ലോക്ഡൗൺ നിയന്ത്രണങ്ങളും കാരണം പുരസ്കാരസമർപ്പണം വൈകി.

നവംബർ എട്ടിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പത്മ പുരസ്കാരങ്ങൾ ഡൽഹിയിൽ സമ്മാനിച്ചെങ്കിലും എൺപത്തിയാറാം വയസ്സിൽ ദൂരയാത്ര ചെയ്യാനാവത്തതിനാൽ പങ്കജാക്ഷിമ്മയ്ക്കു പങ്കെടുക്കാനായില്ല. മുൻപ്  പാവകളി അവതരിപ്പിക്കാൻ പാരിസ് വരെ വിമാനയാത്ര ചെയ്തയാളാണ് പങ്കജാക്ഷിയമ്മ. ബഹുമതി കലക്ടർ മോനിപ്പള്ളിയിലെ വീട്ടിലെത്തിച്ചു കൈമാറുകയായിരുന്നു. മീനച്ചിൽ തഹസിൽദാർ എസ്.ശ്രീജിത്ത്, മോനിപ്പള്ളി വില്ലേജ് ഓഫിസർ ബിനോ തോമസ് എന്നിവരും മൂഴിക്കൽ വീട്ടിൽ എത്തി. വാഹനം എത്താൻ വഴിയില്ലാത്ത വീട്ടിലേക്കു  നടന്നെത്തുകയായിരുന്നു ഉദ്യോഗസ്ഥരും ജനപ്രതിനിധികളും.

ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി.സ്റ്റീഫൻ, പഞ്ചായത്ത് അംഗം ന്യൂജെന്റ് ജോസഫ്, പങ്കജാക്ഷിയമ്മയുടെ മകൾ രാധാമണി, കൊച്ചുമക്കളായ രഞ്ജിനി, രഞ്ജിത്ത്, കുടുംബാംഗം സഫ്ന എന്നിവരുടെ സാന്നിധ്യത്തിലാണ് ബഹുമതി സമ്മാനിച്ചത്. രാമായണ കഥയാണ് പ്രധാനമായും അവതരിപ്പിക്കുന്നത്. മകൾ എം.എസ്.രാധാമണി, കൊച്ചുമകൻ രഞ്ജിത്ത്, കൊച്ചുമകൾ രഞ്ജിനി എന്നിവർക്ക് ഒപ്പമാണ് താമസം. മുത്തശ്ശിയിൽ നിന്നു നോക്കുവിദ്യ പാവകളി പഠിച്ച രഞ്ജിനി  അവതരണത്തിൽ സജീവമാണ്. 

Tags:
  • Spotlight
  • Inspirational Story