Thursday 07 June 2018 11:08 AM IST

റബ്ബർ ടാപ്പിങ് നിർത്തി പപ്പായ ടാപ്പിങ് തുടങ്ങിയാലോ? ഏക്കറിൽ നിന്ന് വരുമാനം ഇരുപത്തി അയ്യായിരം രൂപ വരെ!!

Binsha Muhammed

papaya-cover-img-final

പപ്പായയുടെ കുരു ഔഷധമാണ്, പപ്പായ കഴിച്ചാൽ ഡെങ്കിപ്പനിയിൽ നിന്നും രക്ഷ നേടാം തുടങ്ങി ഫോർവേഡ് മെസേജുകൾ നാം ദിവസേന കാണുന്നവയാണ്. പപ്പായ കഴിച്ചാണ് മമ്മൂട്ടി യുവത്വം നിലനിർത്തുന്നതെന്നും കേട്ടിട്ടുണ്ടാകും. അതിനുമപ്പുറം മെക്സിക്കോക്കാരനായ പപ്പായയെക്കുറിച്ചുള്ള ഗുണം ആർക്കുമറിയില്ല. ഇപ്പോഴിതാ പപ്പായ പുത്തൻ അവതാരപ്പിറവിയുമായി കേരളം കീഴടക്കിത്തുടങ്ങുകയാണ്.

റബർ വിലയിടിവ് കണ്ട് അന്തിച്ചു നിൽക്കുന്ന കർഷകന് പുതിയ വരദാനമാവുകയാണ് പപ്പായ ടാപ്പിങ്. പഴയ പ്രതാപത്തിലേക്ക് റബർ തിരിച്ചു പോകുമോ എന്ന് ചോദിച്ചാൽ മുഖത്തോട് മുഖം നോക്കുകയേ നിവൃത്തിയുള്ളൂ. റബർ വിലസ്ഥിരതയും കയറ്റുമതി ഇറക്കുമതി നൂലാമാലകളും അധികാരികളുടെ ചുവപ്പു നാടയിൽ വിശ്രമിക്കുന്നടത്തോളം കാലം പഴയ പ്രതാപകാലത്തെയോർത്ത് നെടുവീർപ്പിടുകയേ നിവൃത്തിയുള്ളൂ.

മലയാളിയെ തേനും പാലും ഒഴുക്കാൻ സഹായിച്ച റബർ കറയും സംഭരണവുമൊന്നും ഇപ്പോൾ കേൾക്കാൻ കൂടിയില്ല. ഈ സാഹചര്യത്തിലാണ് ചെലവു കുറഞ്ഞതും എന്നാൽ വരുമാനം കൂടിയതുമായ പുത്തനൊരു കൃഷിരീതി കർഷകന്റെ കണ്ണു തുറപ്പിക്കുന്നത്. നമ്മുടെ തൊടിയിലും പറമ്പിലുമെല്ലാം വിളഞ്ഞു പാകമായി നിൽക്കുന്ന പപ്പായയാണ് താരം. ഒരുകാലത്ത് വിപണി ൈകയടക്കിയിരുന്ന റബറിന്റെ സ്ഥാനത്തേക്ക് പപ്പായ കൃഷിയെ മാറ്റി പ്രതിഷ്ഠിക്കുമ്പോൾ റബ്ബറുമായി സമാനതയുണ്ടായത് യാദൃശ്ചികമാകാം. റബർ പോലെ പപ്പായയുടെയും കറയാണ് കറയായിരിക്കും കർഷകന്റെ പണപ്പെട്ടി നിറയ്ക്കുന്നത്.

കേൾക്കുമ്പോൾ അത്ഭുതമെന്ന് തോന്നിയേക്കാം. പപ്പായക്കറയിൽ നിന്നും ഒരേക്കറിൽനിന്ന് ഒരുമാസം കുറഞ്ഞത് 25000 രൂപ വരെ വരുമാന മാർഗമുണ്ടാക്കാവുന്ന നവീന കൃഷിരീതിയാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. തമിഴ്നാട്ടിലും കർണാടകത്തിലും പരീക്ഷിച്ച് നൂറുമേനി വിളവും ലക്ഷങ്ങളുടെ വിപണി മൂല്യവും കൊയ്തെടുത്ത പപ്പായ കൃഷിയുടെവഴിയേ കേരളത്തിലെ പല കർഷകരും നടന്നു തുടങ്ങിയിരിക്കുന്നു. അവരിലൊരാളാണ് പപ്പായ കൃഷിയിൽ നൂറുമേനി കൊയ്ത വയനാട്ടിലെ കർഷകൻ അയൂബ് തോട്ടോളി. അയൂബ് പറയുന്നു പപ്പായ കറയിൽ നിന്നും പൊന്നു വിളയിക്കുന്ന ട്രേഡ് സീക്രട്ട്!

papaya4

ഒരു മെക്സിക്കൻ അപാരത

‘ഇടവിള കൃഷി, ടെറസിലെ കൃഷി, ഫ്ളോറി കൾച്ചർ (പുഷ്പ കൃഷി) തുടങ്ങി കൃഷിയിൽ പരീക്ഷണങ്ങൾക്ക് മുതിരുന്നരാണ് മലയാളികൾ. എന്തൊക്കെയായിരുന്നാലും ആദായകരമല്ലാത്ത കൃഷിക്ക് മലയാളികളെ കിട്ടില്ല. ഇനി അഥവാ കൃഷിയിൽ പരീക്ഷണങ്ങൾക്ക് കേരളത്തിലെ കർഷകർ മുതിരുന്നുവെങ്കിൽ തന്നെ അത് എവിടെയെങ്കിലും പരീക്ഷിച്ച് വിജയിക്കുന്നവയായിരിക്കണം. പപ്പായ കൃഷിയും അങ്ങനെ തന്നെയാണ് ഇവിടേക്ക് എത്തുന്നതും’– അയൂബ് പറഞ്ഞു തുടങ്ങുകയാണ്.

‘പറമ്പിലും തൊടിയിലും വെറുതേ കളയുന്ന പപ്പായയുടെ കറയിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കാം എന്നു കേട്ടപ്പോൾ ഏവർക്കും അത്ഭുതമായിരുന്നു. എങ്ങനെ, എപ്പോൾ, എത്ര വരുമാനം കിട്ടും അങ്ങനെ കുറേ ചോദ്യങ്ങളായിരുന്നു സാധാരണ കർഷകനെ പോലെ എനിക്കുമുണ്ടായിരുന്നത്. എളുപ്പത്തിലുള്ള ഈ കൃഷിരീതിയെക്കുറിച്ച് കേട്ടറിഞ്ഞപ്പോൾ താത്പര്യമേറി. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഐസ്റ്റഡ് എന്ന ഏജൻസിയാണ് കർഷകരെ ഈ പുതിയ വഴിയേ നടക്കാൻ പ്രേരിപ്പിച്ചത്. മുളയിൽ നിന്നുള്ള ബാഗ് ഉത്പ്പന്നങ്ങൾ, ഉരുക്ക് വെളിച്ചെണ്ണ തുടങ്ങിയ മൂല്യ വർധിത ഉത്പ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ച് വിജയിപ്പിച്ചവരാണ് ഐസ്റ്റഡ് അതു കൊണ്ടു തന്നെ കണ്ണും പൂട്ടി ഈ പരീക്ഷണത്തിന് ഞാൻ മുതിർന്നു.’–അയൂബ് പപ്പായ കൃഷിയിലേക്ക് തിരിഞ്ഞ നാളുകൾ ഓർത്തെടുക്കുന്നു.

പപ്പായ അല്ലെടാ... പണപ്പായ!

‘നേരമ്പോക്കിന് പറമ്പിലും തൊടിയിലും വച്ചു പിടിപ്പിക്കുന്ന ഒന്നോ രണ്ടോ പപ്പായ മരങ്ങൾ കൊണ്ട് ഒരു കാര്യവുമില്ല. നല്ല വെയിൽ ലഭിക്കുന്ന വെള്ളത്തിന്റെ ശല്യമില്ലാത്ത സ്ഥലമുളളവർക്ക് പപ്പായ കൃഷിയെക്കുറിച്ച് ചിന്തിച്ച് തുടങ്ങാം. ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമാണ് പപ്പായ കൃഷിയെന്നത് അനുകൂല ഘടകമാണ്. ഏറ്റവും കൂടുതൽ കറ ലഭിക്കുന്ന ഫിലിപ്പൈൻസ് വെറൈറ്റിയായ സിന്തയാണ് കൃഷിക്ക് അനുയോജ്യം. CO3 എന്ന വെറൈറ്റിയും പരീക്ഷിക്കാം. കൃഷിയുടെ കാര്യത്തിൽ ശ്രദ്ധ വേണമെന്നതൊഴിച്ചാൽ കാര്യമായ പരിചരണമൊന്നും ഇതിന് ആവശ്യമില്ല. സാധാരണ രീതിയിൽ ആറുമാസം കൊണ്ടോ എട്ടുമാസം കൊണ്ടോ പപ്പായ വിളഞ്ഞ് പാകമാകും. പാകമായി എന്നുറപ്പായാൽ ടാപ്പിംഗ് ആരംഭിക്കാവുന്നതാണ്’. റബറിലേതു പോലെ പുലർക്കാലമാണ് ടാപ്പിംഗിന് ഏറ്റവും അനുകൂലം.

പപ്പായയിൽ നിന്നും കറയെടുക്കുന്ന രീതി–വിഡിയോ


ലക്ഷം ലക്ഷം പിന്നാലെ

‘പപ്പായയുടെ കറ അഥവ സത്ത് (Papain) എന്നതാണ് നമ്മുടെ കൃഷിയുടെ വിളവെടുപ്പ്. നമ്മൾ ശേഖരിക്കുന്ന പപ്പായയുടെ കറ ശേഖരിക്കാനും സംഭരിക്കാനും സർക്കാരിനു കീഴിൽ തന്നെ അംഗീകൃത ഏജൻസികളുണ്ട്. വിലയും മറ്റു കാര്യങ്ങളും നേരത്തെ തന്നെ കറയെടുക്കുന്ന കമ്പനിയുമായി പറഞ്ഞുറപ്പിച്ച് എഗ്രിമെന്റ് വച്ചിട്ടുള്ളതിനാൽ പറ്റിക്കപ്പെടുമെന്ന പേടി വേണ്ട.’– പപ്പായ കൃഷിക്ക് അയൂബിന്റെ ഗ്യാരണ്ടി. ‘നിലവിൽ ഒരേക്കറിലാണ് എന്റെ പപ്പായ കൃഷിയിടം. ഒരു മാസം പതിനയ്യായിരം രൂപ മുതൽ 25 ആയിരം രൂപയുടെ വരെ വരുമാനം ഇന്ന് കൃഷിയിടത്തിൽ നിന്നും ലഭിക്കുന്നുണ്ട്’–അയൂബ് പറയുന്നു

papaya5

പപ്പായ രൂപം മാറുകയാണ്

‘കർഷകന്റെ കൈയ്യിൽ നിന്നും സംഭരണ കേന്ദ്രത്തിലേക്ക് പോകുന്ന പപ്പായ അവിടെ വച്ചാണ് അടിമുടി രൂപം മാറുന്നത്. പപ്പായ കറയെ (Papaine) പൗഡർ രൂപത്തിലേക്ക് മാറ്റുന്നതാണ് അടുത്ത ഘട്ടം. ഒരു ടൺ പപ്പായ കറയിൽ നിന്നും 40 കിലോ പൗഡർ ലഭിക്കുമെന്നാണ് കണക്ക്. ഒരു കിലോ പൗഡറിന് ഒരു ലക്ഷമാണ് ഇന്ന് ആഗോള വിപണി മൂല്യം. ഈ കണക്കുകൾ ഏജൻസികൾ നമ്മോട് പറയുന്നതാണ്. എന്നാൽ ശരിക്കുമുള്ള വിപണി മൂല്യം അതിനുമപ്പുറമായിരിക്കും’. ഇനി ഇതെല്ലാം കഴിഞ്ഞ പപ്പായയുടെ കായ് ബാക്കിയായാലും അതിനും വിലയുണ്ട്. ഒരു പപ്പായ 4 രൂപ നിരക്കിൽ കമ്പനികൾ ഏറ്റെടുക്കാനുണ്ട്. ബേക്കറികളിലെ താരമായ ടൂട്ടി ഫ്രൂട്ടിയുടെ നിർമ്മാണത്തിനും മറ്റും നമ്മുടെ ഈ പപ്പായ തന്നെയാണ് പ്രധാന ഘടകം.

papaya6

പപ്പൈനിൽ വിരിയുന്നു മൂല്യ വർദ്ധിത ഉത്പ്പന്നങ്ങൾ’

ഇവിടെയാണ് പപ്പായയെക്കുറിച്ചുള്ള ശരിക്കുമുള്ള ധാരണ പലർക്കും മാറാൻ പോകുന്നത്. തിന്നാനല്ലാതെ പപ്പായ എന്തിന് കൊള്ളാം എന്ന ചോദ്യവും അപ്രസക്തമാകും. ഇന്ന് നാം ഭൂരിഭാഗവും ഉപയോഗിക്കുന്ന സൗന്ദര്യ വർദ്ധക വസ്തുക്കളിലെ പ്രധാന ഘടകം പപ്പായക്കറയിൽ നിന്നും ലഭിക്കുന്ന പപ്പൈൻ പൗഡറാണ്. ക്രീമുകൾ, പൗഡറുകൾ, മരുന്നുകൾ, ബേബി പൗഡറുകൾ എന്നിവയിലെല്ലാം പപ്പായയുടെ അദൃശ്യ സാന്നിദ്ധ്യമുണ്ട്. പാക്ക് ചെയ്തു വരുന്ന ഇറച്ചിയിലും ഗ്രേപ്പ് വാട്ടറിലും പപ്പൈൻ തന്നെയാണ് അവിഭാജ്യ ഘടകം. എന്തിനേറെ കോഴിത്തീറ്റയിൽ പോലും പപ്പായയുടെ പൗഡർ എത്തുന്നുണ്ട്. പപ്പൈൻ ഉപയോഗിച്ചുള്ള ഇത്തരം ഉത്പ്പന്നങ്ങൾക്ക് പാർശ്വ ഫലങ്ങളില്ല എന്നുള്ളത് മറ്റൊരു സത്യം.– അയൂബിലെ കർഷകന്റെ മുഖത്ത് തികഞ്ഞ ചാരിതാർത്ഥ്യം.

papaya2

പപ്പായ കൃഷിയിൽ നൂറുമേനി കൊയ്ത കർഷകൻ എന്ന പെരുമ പേറുന്നതു കൊണ്ടാകണം അയൂബിനെ തേടി കൂടുതൽ ഓർഡറുകൾ എത്തുന്നുണ്ട്. പരീക്ഷിച്ച് വിജയിച്ച ഈ പപ്പായ കൃഷിയുടെ ബാലപാഠങ്ങള്‍ സ്വായത്തമാക്കാൻ എത്തുന്ന യുവ കർഷകർ വേറെയും. അയൂബിനെ പോലുള്ള കർഷകരുടെ ഈ വിജയഗാഥയുടെ ചുവടു പിടിച്ച് പ്രാഥമിക ഘട്ടമെന്നോണം ഈ പദ്ധതി പല ജില്ലയിലും സർക്കാർ പരീക്ഷിച്ചു വരികയാണ്. കാസർഗോഡ്, മലപ്പുറം, വയനാട്, തൃശൂർ, ഇടുക്കി, കൊല്ലം ജില്ലകളെയാണ് ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്. വരും വർഷങ്ങളിൽ മറ്റു ജില്ലകളിലും ഈ നൂതന കൃഷിരീതി അവലംബിക്കാൻ നൂറുകണക്കിന് പേർ എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

അയൂബിന്റെ നമ്പർ: 9387752145