Monday 14 January 2019 04:14 PM IST : By സ്വന്തം ലേഖകൻ

കരിക്ക് കുടിക്കാൻ പ്ലാസ്റ്റിക് സ്ട്രോ ഇല്ലെങ്കിലെന്താ, പകരം പപ്പായത്തണ്ട് സ്ട്രോ ഉണ്ടല്ലോ!

straw-thangam

അതിവേഗത്തിൽ പ്ലാസ്റ്റിക് നിരോധനം നടപ്പിൽ വരുത്തിയ സംസ്ഥാനമാണ് തമിഴ്‌നാട്. 2019 ജനുവരി ഒന്നു മുതൽ നിയമം കൂടുതൽ കർശ്ശനമാക്കി. പ്ലാസ്റ്റിക് പൂര്‍ണമായും നിരോധിച്ചു. ഇതോടെ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നവരും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നവരും വെട്ടിലായി. പിന്നീട് വ്യാപാരികളിൽ ഏറെയും പേപ്പർ ബാഗുകളും വാഴയിലയും വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. 

എന്നാൽ ചില ഉൽപ്പന്നങ്ങൾക്ക് പകരം മറ്റൊന്ന് കൊണ്ടുവരുക തീർത്തും കഷ്ടമാണ്. അത്തരത്തിൽ ഒന്നാണ് പ്ലാസ്റ്റിക് സ്ട്രോ. അതേസമയം ഈ ഉൽപ്പന്നത്തിനും ഒരു കിടിലൻ പകരക്കാരനെത്തി. മറ്റൊന്നുമല്ല, നമ്മുടെ പപ്പായത്തണ്ട്. കരിക്ക് വില്‍ക്കുന്ന ആളുകളാണ് പ്ലാസ്റ്റിക് സ്ട്രോക്ക് പകരം വ്യത്യസ്തമായ പപ്പായത്തണ്ട് സ്ട്രോ പരീക്ഷിച്ചത്. 

മധുര സ്വദേശി തങ്കം പാണ്ട്യന്‍ എന്നയാളുടെ ഫെയ്‌സ്ബുക്  കുറിപ്പിലൂടെയാണ് പപ്പായത്തണ്ട് സ്ട്രോ സമൂഹ മാധ്യമങ്ങളിൽ തരംഗമായത്. കരിക്കിനൊപ്പം പപ്പായത്തണ്ട് സ്ട്രോയുടെ ചിത്രവും തങ്കം പാണ്ട്യന്‍ പങ്കുവച്ചിട്ടുണ്ട്. വെയിലത്തിട്ട് ചെറുതായി ഉണക്കിയ പപ്പായത്തണ്ടുകളാണ് സ്ട്രോയായി ഉപയോഗിക്കുന്നത്. പപ്പായത്തണ്ടുകള്‍ മാത്രമല്ല മുളയുടെ തണ്ടുകളും തമിഴ്‌നാട്ടിൽ സ്ട്രോ ആയി ഉപയോഗിക്കുന്നുണ്ട്.