Wednesday 23 January 2019 04:35 PM IST

ആവി പറക്കുന്ന പുട്ടും ബീഫും, ഒപ്പം മണ്ണാർത്തൊടി ജയകൃഷ്ണനും മഴയെ പ്രണയിച്ച ക്ലാരയും! പപ്പേട്ടന്റെ ഓർമകളുടെ ഗന്ധർവ്വലോകം ഈ കഫേ

Binsha Muhammed

cafe-1

‘നിന്നെ ഞാന്‍ പ്രണയിക്കുന്നു എന്നതിനേക്കാള്‍ നിന്നെ ഞാന്‍ പ്രണയിച്ചിരുന്നു എന്ന് പറയാന്‍ ആണ് എനിക്കിഷ്ടം. വര്‍ഷങ്ങള്‍ക്കുശേഷം നീ അത് കേള്‍ക്കുമ്പോള്‍ അത്ഭുതത്തോടെ പുഞ്ചിരിക്കും എനിക്കത് മതി’...

പെയ്തൊഴിയാത്ത ആ പ്രണയവരികൾ വായിച്ചു മുഴുമിപ്പിച്ചില്ല, അപ്പോഴേക്കും ആവി പറക്കുന്ന പഴം പൊരിയും ബീഫും മുന്നിലേക്കെത്തുകയാണ്. ടേബിളിനഭിമുഖമായിരുന്ന് രുചിയളന്നു കുറിക്കുമ്പോൾ മുന്നിലതാ, മലയാളി മനസുകളിൽ പ്രണയ കുടീരം തീർത്ത ക്ലാരയും ജയകൃഷ്ണനും. മനസു നിറച്ചു തന്ന പുട്ടിനും ബീഫിനും നന്ദി പറഞ്ഞിറങ്ങുമ്പോൾ ഇക്കണ്ട മൊഹബത്തിന്റെയെല്ലാം സൂത്രധാരൻ അവിടുത്തെ വെള്ളച്ചുമരിലിരുന്ന് നമ്മളെ നോക്കി പുഞ്ചിരിതൂകുകയാണ്. മലയാളിയുടെ ഇന്നലെകളിൽ സിനിമാ വസന്തം തീർത്ത കലാകാരൻ, പത്മരാജൻ ! മലയാളിയുടെ ടിപ്പിക്കൽ പ്രണയസങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ ആ കഥാകാരന്റെ വിയോഗത്തിന് 28 വർഷം പൂർത്തിയാകുമ്പോൾ കൊച്ചിയിൽ ഒരു കഫേ ആ ഓർമ്മകളെ ഓരോ ദിവസവും സജീവമാക്കി നിർത്തുന്നു. ക്ലാരയും മണ്ണാർത്തൊടി ജയകൃഷ്ണനുമെല്ലാം ചുവരുകളിൽ നിറഞ്ഞു നിൽക്കുന്ന കഫേയുടെ പേര്, പപ്പേട്ടൻസ് കഫേ...

സ്മരണയുടെ കോണിലൊവിടെയോ മലയാളി സമാധിയുറക്കുന്ന പത്മരാജൻ ഓർമ്മകളും ഒരു ഹോട്ടലും തമ്മിലെന്താണ് ബന്ധം? ചോദ്യമെറിയുക സ്വാഭാവികം. അസ്ഥിക്ക് പിടിച്ച സിനിമാ ജ്വരവും അളന്നു കുറിക്കാനാകാത്ത പത്മരാജൻ പ്രേമവും കൈമുതലുള്ള ഈ യുവാവ് ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന് അദ്ദേഹത്തിന്റെ ചങ്ങാതിമാർ പറയും. ശബരി എന്ന സിനിമാക്കാരന്റെ ‘പപ്പേട്ടന്‍സ് കഫെ’യുടെ കിസകളെക്കുറിച്ച് പറയാനാണെങ്കിൽ ഏറെയുണ്ട്. രുചിഭേദങ്ങൾ തേടി കൊച്ചി പനമ്പിളി നഗറിലെ ശബരിയുടെ പപ്പേട്ടൻസ് കഫേയിലെത്തിയാൽ നെയ്യപ്പം തിന്നാലെന്ന പോലെ രണ്ടുണ്ട് കാര്യം. വയറും മനസും നിറയ്ക്കുന്നതിനൊപ്പം മലയാളികളുടെ പ്രിയപ്പെട്ട പപ്പേട്ടൻ അനുഭവവേദ്യമാക്കിയ ആ ഗന്ധർവ ലോകത്തേക്ക് ഇത്തിരി നേരത്തേക്ക് കടന്നു ചെല്ലാം.

c7

പഴകുന്തോറും വീര്യമേറുന്ന പത്മരാജൻ ഓർമ്മകളുടേയും രുചിയിടങ്ങളിൽ പുതുമ തീർക്കുന്ന പപ്പേട്ടൻസ് കഫേയുടേയും നടുവിൽ നിന്ന് ശബരി മനസു തുറക്കുന്നു...പത്മരാജന്റെ ഓർമകളിലേക്ക് പപ്പേട്ടൻസ് കഫേയുടെ രുചിപ്പെരുമയിലേക്ക്...

സിനിമയ്ക്കു വേണ്ടി ‘പപ്പേട്ടൻ’

സാധാരണ സൂപ്പർ താരങ്ങളൊക്കെ സിനിമയിലെത്തി പച്ചപിടിച്ചതിനു ശേഷം റെസ്റ്റോറന്റ് ശൃംഖലയുമായി വരുന്ന പതിവുണ്ട്. എന്റെ കഥയൽപ്പം ഡിഫറന്റാണ്. പത്മരാജൻ കഥകൾ പോലെ– ചെറുചിരിയോടെ ശബരി പറഞ്ഞു തുടങ്ങുകയാണ്.

പല സിനിമകളിലും അസോസിയേറ്റ് ചെയ്ത ശേഷമാണ് സ്വന്തം സിനിമയുടെ പണിപ്പുരയിലേക്ക് കടന്നു വരുന്നത്. ഷോർട്ട് ഫിലിമുകൾ ചെയ്തുള്ള പരിചയവും ആവോളമുണ്ട്. സ്വന്തം സിനിമ സ്വപ്നത്തിൽ നിന്നും യാഥാർത്ഥ്യത്തിന്റെ ട്രാക്കിലേക്ക് മാറിയെത്തുമ്പോൾ സ്വപ്നം മാത്രം പോര കാശും വേണമെന്ന ബോധോദയമുണ്ടാകുകയാണ്. അങ്ങനെയാണ് സിനിമയ്ക്കൊപ്പം ഒരു വരുമാന മാർഗവും വേണമെന്ന ചിന്തയുദിക്കുന്നത്. വീട്ടുകാരേയും എത്രയെന്നു വച്ചാ ബുദ്ധിമുട്ടിക്കുന്നത്. പപ്പേട്ടൻസ് കഫേയെന്ന ആശയം പിറവിയെടുക്കന്നത് അവിടെ നിന്നു തന്നെ.

c3

റെസ്റ്റോറന്റുകളും കോഫി ഷോപ്പുകളുമൊക്കെയാണ് സിനിമാക്കാരുടെ ബൂുദ്ധികേന്ദ്രങ്ങളെന്നത് പറയേണ്ട കാര്യമില്ലല്ലോ. എന്നെപ്പോലുള്ള പുതുമുഖ സിനിമാക്കാരുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകൾക്കും പശ്ചാത്തലമൊരുക്കുന്ന ഇടം. അങ്ങനെയുള്ള ഞാൻ ഒരു കുഞ്ഞ് റെസ്റ്റോറന്റ് തുടങ്ങാൻ തീരുമാനിച്ചു. ആ സ്വപ്നത്തിലേക്ക് എന്റെ സിനിമാ സ്വ്പനങ്ങളിലെ നായകൻ പദ്മരാജനെ കൊണ്ടു വരുന്നതോടെയാണ് സംഭവം കളറാകുന്നത്. പത്തനാപുരത്തു നിന്നും സിനിമ സ്വപ്നം കണ്ടിറങ്ങിയ യുവാവ് പപ്പേട്ടൻസ് കഫേയുടെ ‘മുതലാളിയാകുന്നതും’ അങ്ങനെയാണ്– ശബരിയുടെ മുഖത്ത് നിഷ്ക്കളങ്കമായ ചിരി.

ഹോട്ടലിലേക്ക് ‘പപ്പേട്ടൻ’ എത്തുന്നു

സിനിമാക്കാരും സിനിമാ ബുദ്ധിജീവികളുമൊക്കെ ചേർന്നതു തന്നെയാണ് ഞങ്ങളുടെ സൗഹൃദക്കൂട്ടം. കഫേയ്ക്കു വേണ്ടിയുള്ള കൊണ്ടുപിടിച്ച ചർച്ചകൾ നടക്കുന്നതിനിടെ ഞങ്ങളുടെ കൂട്ടത്തില്‍ ആരോ ഒരാള്‍ പത്മരാജന്‍ കഥകള്‍ വായിക്കുകയായിരുന്നു. അങ്ങനെയാണ് ഹോട്ടലിന്റെ ഇന്റീരിയറും തീമും എങ്ങനെയാകണം എന്ന ആശയം കിട്ടിയത്. പേരും അവരിലാരോ പറഞ്ഞതാണ്. എല്ലാം വളരെ പെട്ടെന്നായിരുന്നു. കൊച്ചിയില്‍ ധാരാളമുണ്ടല്ലോ സിനിമ സ്വപ്നം കണ്ടു നടക്കുന്നവര്‍. മിക്കവര്‍ക്കും ഇഷ്ടം ഇതുപോലെ കട്ടന്‍ചായ ഒക്കെ കഴിച്ചിരുന്നു സംസാരിക്കാന്‍ കഴിയുന്നൊരു ഇടമാണ്. ഞങ്ങള്‍ക്കും അതുതന്നെയാണ് ഇഷ്ടം. അപ്പോള്‍ സ്വന്തമായി ഒരെണ്ണം തുടങ്ങിയാല്‍ വട്ടച്ചെലവിനുള്ള കാശും ഒത്തുകൂടാന്‍ ഒരിടവും ആകും. അങ്ങനെയാണ് ഇങ്ങനെയായത്’ - ശബരി പറയുന്നു.

c2

പപ്പേട്ടൻസ് കഫേയിലെ ചിറ്റപ്പൻ സ്പെഷ്യൽ

കഫേ തുടങ്ങിയെങ്കിലും പാചകത്തിന്റെ എബിസിഡിയെക്കുറിച്ചൊന്നും വലിയ ധാരണയില്ലായിരുന്നു. പക്ഷേ ചീഫ് കുക്കിനെ തേടി അധികം ഓടി നടക്കേണ്ടി വന്നില്ല എന്നുള്ളതാണ് സത്യം. കക്ഷിയെ സ്വന്തം വീട്ടില്‍നിന്നുതന്നെ പൊക്കി. സ്വന്തം ചിറ്റപ്പന്‍ തന്നെ പ്രധാന പാചകക്കാരനായി. ഇപ്പോള്‍ പുട്ടും ബീഫും പഴംപൊരിയുമൊക്കെ വിളമ്പി സിനിമാക്കാരുടെ മൊത്തം ചിറ്റപ്പനായി കക്ഷി ഓടി നടപ്പുണ്ട്. കൊച്ചിക്കാരുടെ മാത്രമല്ല കേരളക്കരയുടെ മുഴുവൻ ഫേവറിറ്റായ പഴംപൊരിയും ബീഫുമാണ് കഫേയിലെ മറ്റൊരു ഹൈലൈറ്റ്. ആവശ്യക്കാരെ പരിഗണിച്ച് ചപ്പാത്തിയും ഇപ്പോൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തിരി വെറൈറ്റികളേ ഉള്ളുവെങ്കിലും ഒത്തിരിക്കാലത്തേക്ക് ഓർത്തു വയ്ക്കുന്ന രുചി പപ്പേട്ടൻസ് കഫേയുടെ ഗ്യാരണ്ടി. പിന്നെ കടലു പോലെ പരന്നു കിടക്കുന്ന പദ്മരാജൻ ഓർമ്മകളും സ്പെഷ്യലായി.

c4

മണ്ണാർതൊടിയും ജയകൃഷ്ണനും പിന്നെ ക്ലാരയും

പദ്മരാജൻ കഥാപാത്രങ്ങളുടെ രേഖാചിത്രങ്ങളും ഡയലോഗുകളുമാണ് കഫേയ്ക്ക് ആ സിനിമാറ്റിക് ടച്ച് നൽകുന്നത്. ‘ഓര്‍മകളായി മാറുമ്പോഴല്ലേ എന്തിനും ചന്തം കൂടുക’ എന്ന ഡയലോഗിനൊപ്പമാണ് ഇവിടെ പപ്പേട്ടൻ സ്ഥാനം പിടിച്ചിരിക്കുന്നത്. ‘മണ്ണാര്‍തൊടിയിലെവിടെയോ ഇപ്പോഴുമവള്‍ പെയ്യുവാന്‍ കൊതിച്ചൊരു കാര്‍മേഘമായി കാത്തുനില്‍പ്പുണ്ട്’ എന്ന ക്ലാരയുടെ എപ്പിക് ഡയലോഗ് നൽകുന്ന ഫീൽ വേറെയാണെന്ന് പലരും പറഞ്ഞിട്ടുണ്ട്.

‘നിന്നെ ഞാന്‍ പ്രണയിക്കുന്നു എന്നതിനേക്കാള്‍ നിന്നെ ഞാന്‍ പ്രണയിച്ചിരുന്നു എന്ന് പറയാന്‍ ആണ് എനിക്കിഷ്ടം. വര്‍ഷങ്ങള്‍ക്കുശേഷം നീ അത് കേള്‍ക്കുമ്പോള്‍ അത്ഭുതത്തോടെ പുഞ്ചിരിക്കും എനിക്കത് അത് മതി’– എന്ന ഡയലോഗും ഹോട്ടലിന്റെ ചുമരുകളിലുണ്ട്. പപ്പേട്ടനു പിന്നാലെ പോയാൽ പിന്നാലെ പോയാൽ ഇനിയും ഏറെ കിട്ടാനുണ്ടാകും. അതിന് ഇതിലും വലിയ ചുമരുകളും ഹോട്ടലുകളും വേണ്ടി വരും.– നർമം കലർത്തി ശബരിയുടെ വാക്കുകൾ.

c6 പത്മരാജന്റെമകന്‍ അനന്തപത്മനാഭന്‍ പപ്പേട്ടൻസ് കഫേയിൽ

ആയിരം ഇഷ്ടങ്ങൾ

കഫേ തുടങ്ങി അധിക ദിവസം കഴിയും മുന്‍പേ സോഷ്യല്‍ മീഡിയയില്‍ അത്യാവശ്യം പോസറ്റ് ഒക്കെ വന്നുതുടങ്ങി. അങ്ങനെയാണ് പത്മരാജന്‍ സാറിന്റെ മകന്‍ അനന്തപത്മനാഭന്‍ ഇതു കാണുന്നതും അതുവഴി ലാല്‍ ജോസ് സാര്‍ അറിയുന്നതും. അദ്ദേഹം ഇവിടെ വന്നിരുന്നു. എവിടെയാണ് കൃത്യം സ്ഥലം എന്നറിയില്ലായിരുന്നുവെങ്കിലും കണ്ടുപിടിച്ചു വന്നു. അനന്തപത്മനാഭനും വന്നിരുന്നു. സംവിധായകരായ സജിത് ജഗത്‌നന്ദന്‍, സാജിത് യഹിയ, ടോം ഇമ്മട്ടി, നിര്‍മാതാവ് സാന്ദ്രാ തോമസ് അങ്ങനെ കുറേപ്പേര്‍. എന്നെപ്പോലെ സിനിമ സ്വപ്‌നം കാണുന്ന അസിസ്റ്റന്റ് ഡയറക്ടര്‍മാരും സ്ഥിരം വരുന്നുണ്ട്. പത്മരാജന്‍ സാറിന്റെ പുസ്തകങ്ങളും ഇവിടെയുണ്ട്. ഇവിടെ അടുത്തുള്ള ആക്ട് ലാബിലെ കുട്ടികളൊക്കെ വരാറുണ്ട്. അവര്‍ പുസ്തകങ്ങളൊക്കെ വായിച്ചിരിക്കും. ഹോട്ടൽ വലിയൊരു സ്പേസിലേക്ക് മാറണമെന്ന് ആഗ്രഹമൊക്കെയുണ്ട്. അങ്ങനെ സംഭവിച്ചാൽ അദ്ദേഹത്തിന്റെ പുസ്തകങ്ങളും കുറേ ചിത്രങ്ങളും നൽകാമെന്ന് അനന്ത പദ്മനാഭൻ സാർ അറിയിച്ചിട്ടുണ്ട്. മറ്റൊരു വിശേഷം എന്തെന്നാൽ‌ പപ്പേട്ടൻസ് കഫേ എന്ന പേരിൽ ഒരു ഫെയ്സ്ബുക്ക് പേജ് തുടങ്ങിയിട്ടുണ്ട്, അത് ആയിരം ലൈക്ക്സിലേക്ക് അടുക്കുന്നതും നാളെയാണ്. അദ്ദേഹത്തിന്റെ ഓർമ ദിവസത്തിൽ.

c5

മനസു നിറയെ സിനിമ

സിനിമ സ്വപ്നം കണ്ടു നടന്ന ചെക്കനെ ഗൾഫിലേക്ക് പാക്ക് ചെയ്ത ഒരു ഭൂതകാലമുണ്ട് എന്റെ ജീവിതത്തിൽ. ഗള്‍ഫില്‍ ജോലി ശരിയായെങ്കിലും അതിനു നിന്നാല്‍ സിനിമ പറ്റില്ല എന്നറിയാവുന്നതു കൊണ്ട് ജോലി കിട്ടിയില്ലെന്നു പറഞ്ഞ് നാട്ടിലേക്കു പോന്നു. എന്നാലും വീട്ടുകാർ വിടാനുള്ള ഉദ്ദേശ്യമില്ലായിരുന്നു. വീണ്ടും ജോലിയുമായി വിശാഖപട്ടണത്തേക്ക്. എന്തായാലും അവിടെനിന്നു മൂന്നു കിടിലന്‍ കൂട്ടുകാരെ കിട്ടി. അവരോടൊപ്പം ചേര്‍ന്നാണ് ഈ കഫേ തുടങ്ങിയത്.

നാട്ടിലെത്തി സിനിമാ സ്വപ്‌നവുമായി നടക്കുമ്പോഴാണ് ഒരു ആര്‍ട് ഡയറക്ടറെ പരിചയപ്പെടുന്നത്. അദ്ദേഹം വഴി മണ്ണാങ്കട്ടയും കരിയിലയും എന്ന ചിത്രത്തിലെത്തി. അവിടെ സഹായിയായി പ്രവർത്തിച്ചായിരുന്നു തുടക്കവും. അധ്വാനവും സിനിമയോടുള്ള അടങ്ങാത്ത താത്പര്യവും കണ്ടറിഞ്ഞതു കൊണ്ടായിരിക്കണം, അവിടെ വച്ച് മേൽവിലാസവും മാറി. അസിസ്റ്റന്റ് ഡയറക്ടറുടെ രൂപത്തിൽ ആദ്യ പ്രൊമോഷൻ.

സൈജുകുറുപ്പാണ് സാജിദ് യഹിയയുടേയും മിഥുന്‍ മാനുവല്‍ തോമസിന്റെയും നമ്പർ നൽകുന്നത്. അങ്ങനെയാണ് എന്റെ സിനിമ സ്വപ്‌നം വളര്‍ന്നു തുടങ്ങിയത്. ഓറഞ്ച് വാലിയാണ് രണ്ടാമത് അസിസ്റ്റ് ചെയ്ത ചിത്രം. 2019 ല്‍ സ്വന്തമായി ഒരു സിനിമ ചെയ്യണം എന്നാണു ലക്ഷ്യം. അതിനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍. അതിനൊരു വടക്കേ ഇന്ത്യന്‍ യാത്ര അത്യാവശ്യമാണ്. അതിനുള്ള പണമാണ് കഫേയിലൂടെ നേടാന്‍ നോക്കുന്നത്. പപ്പേട്ടന്റെ അനുഗ്രഹവും കഫേയും എന്റെ സ്വപ്നം സഫലമാക്കും, ഉറപ്പ്...