Saturday 23 February 2019 03:44 PM IST : By സ്വന്തം ലേഖകൻ

‘നീ അവനെ കണ്ടു പഠിക്ക്, എന്തോരം കഴിവുകളാ’; മക്കളെ ‘ബുദ്ദൂസ്’ ആക്കുന്നതിന് മുൻപ് മാതാപിതാക്കൾ അറിയാൻ!

mother134e5576

‘‘നീ അവനെ കണ്ടു പഠിക്ക്. എന്തോരം കഴിവുകളാ. നന്നായിട്ട് പഠിക്കും പാട്ടു പാടും ചിത്രം വരയ്ക്കും. ഭാവിയിൽ അവനാളൊരു മിടുക്കനാകുമെന്നുറപ്പല്ലേ... ജന്മനാ കിട്ടിയ കഴിവുകളാ എല്ലാം...’’- സ്കൂൾ കാലം മുതൽ ജീവിതത്തിന്റെ ഒരു ഘട്ടം വരെ അച്ഛനമ്മമാരിൽ നിന്നോ, അധ്യാപകരിൽ നിന്നോ ഇത്തരമൊരു ഡയലോഗ് കേൾക്കാത്തവർ ചുരുക്കമാണ്.

സ്കൂളില്‍ തുടങ്ങി കോളജ് വരെയുള്ള പഠനത്തിൽ മിക്കയിടങ്ങളിലും ഇത്തരം പ്രശംസകൾക്കു പാത്രമാകുന്ന ഒരു പ്രതിഭയുണ്ടാകും. അവരെ പൊതുവായി വിശേഷിപ്പിക്കപ്പെടുക ‘ജന്മനാ മിടുക്കൻ’ എന്നാണ്. പാട്ട്, ചിത്രം വര, നൃത്തം തുടങ്ങി കലാ- കായിക രംഗങ്ങളിൽ പഠനത്തോടൊപ്പം ഉത്സാഹം കാട്ടുന്നവർ. അവർ ഭാവിയിൽ ഒരു വലിയ സംഭവമാകുമെന്നു കരുതുന്നവരാണ് മിക്കവരും.

മറ്റൊരു വിഭാഗമാകട്ടെ, ശരാശരിയിലും അതിൽ താഴെയും പ്രതിഭയുള്ളവരെന്നു തോന്നിപ്പിക്കുന്ന കുട്ടികളാണ്. പരമാവധി, ആരുടെയും കണ്ണിൽ പെടാതെ, തന്നെക്കൊണ്ടാകും വിധം ചിലതൊക്കെ ചെയ്ത് ഒതുങ്ങിക്കൂടി പോകാൻ താൽപര്യപ്പെടുന്നവര്‍. ‘ബുദ്ദൂസ്’ എന്ന വിളിയാണ് അവർക്ക് പൊതുവിൽ ചാർത്തിക്കിട്ടുന്ന പട്ടം. ഒപ്പം, ‘കഴിവുകളൊക്കെ ജൻമനാ കിട്ടണം. ഇല്ലങ്കിൽ പോക്കാ...’ എന്നൊരു ഉപദേശവും.

എന്നാൽ കാലം കാത്തുവച്ചിരിക്കുന്നത് മറ്റൊന്നാകും. കുട്ടിക്കാലത്ത് പ്രതിഭയുടെ കിരണങ്ങൾ പ്രസരിപ്പിക്കുന്നവർ ഭാവിയിൽ വളരെ സാധാരണമായ ജീവിത പരിസരങ്ങളിലേക്ക് ചുരുങ്ങുമ്പോൾ, ശരാശരിക്കാരും അതിൽ താഴെയുള്ളവരും അതിശയകരമായ സ്ഥാനമാനങ്ങളിലൂടെ വിജയകരമായ ഒരു ജീവിതത്തിലേക്ക് എത്തിച്ചേർന്നിട്ടുണ്ടാകും. അപൂർവമായി മാത്രമാണ് തിരിച്ചു സംഭവിക്കുക. ഇതൊരു വലിയ തിരിച്ചറിവാണ്. ‘ഗിഫ്റ്റഡ് ചൈൽഡ്’ എന്നത് ഒരു മിത്ത് മാത്രമാണെന്നും ജന്മനാ പ്രതിഭയുള്ളവരും അല്ലാത്തവരുമെന്ന തരംതിരിവ് വെറും സങ്കൽപ്പമാണെന്നും ഇത് ബോധ്യപ്പെടുത്തും.

ജന്മനാ പ്രതിഭയുള്ളവരും അല്ലാത്തവരുമെന്ന തരംതിരിവ് അർത്ഥ ശൂന്യമാണ്. ജൻമസിദ്ധമായ കഴിവുകളോടെയാണ് എല്ലാ കുട്ടികളും ജനിക്കുക. എങ്കിൽ പോലും, പാടുക, നൃത്തം ചെയ്യുക, ചിത്രം വരയ്ക്കുക തുടങ്ങി ഒരു കുട്ടി പ്രകടിപ്പിക്കുന്ന വിവിധങ്ങളായ കഴിവുകൾ ജനിക്കുമ്പോഴേ അവരിലുള്ളതാണെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ല താനും. അപ്പോൾ, എന്തുകൊണ്ടാണ് ചില കുട്ടികളെങ്കിലും വിവിധ മേഖലകളിൽ പ്രതിഭ പ്രകടിപ്പിക്കുന്നതെന്നു ചോദിച്ചാൽ, അവർക്ക് ചെറുപ്പം മുതൽ തന്നെ ആ മേഖലകളിൽ ആവശ്യത്തിന് അവസരങ്ങളും പ്രോത്സാഹനങ്ങളും കിട്ടുന്നു എന്നതാണ് കാരണം.

ഉദാഹരണത്തിന്, ഒരു കുട്ടി ജനിക്കുമ്പോൾ മുതൽ ധാരാളം പാട്ടുകൾ കേൾക്കുന്നു എന്നിരിക്കട്ടെ. അവൻ അല്ലെങ്കിൽ അവൾ സംഗീതത്തിലേക്ക് അടുക്കാനും ആ മേഖലയിൽ കഴിവ് പ്രകടിപ്പിക്കാനും സാധ്യതയേറെയാണ്. ചിത്രം വരയോ നൃത്തമോ ഒക്കെ ഇത്തരത്തിൽ കുട്ടികളെ സ്വാധീനിക്കാം. അച്ഛനമ്മമാർക്ക് എന്തെങ്കിലും കഴിവുകളുണ്ടെങ്കിൽ കുട്ടികളും അതിലേക്കെത്താനുള്ള സാധ്യത കൂടുതലാണ്.

parents-scolded-children

കുട്ടിയുടെ താൽപര്യം മറ്റൊരു പ്രധാന ഘടകമാണ്. അതായത്, ഡാൻസ് ഇഷ്ടമല്ലാത്ത ഒരു കുട്ടിയെ അതു പഠിപ്പിക്കുന്നു എന്നിരിക്കട്ടെ, അവൻ അല്ലെങ്കിൽ അവൾ അതിൽ ഒരിക്കലും ശോഭിക്കാൻ സാധ്യതയില്ല. ചുറ്റുപാടുകള്‍ ഒരു സുപ്രധാന സാധ്യതയാണ്. തന്റെ ഇഷ്ടങ്ങളിലേക്കു ശ്രദ്ധ ചെലുത്താനാകാത്ത തരത്തിൽ കുട്ടികളുടെ സമയം അപഹരിക്കുന്ന മറ്റെന്തെങ്കിലും ചുറ്റുമുണ്ടെങ്കിൽ അവരുടെ ചിന്ത ഏകാഗ്രമായിരിക്കില്ല.

പരിശീലനമാണ് മറ്റൊന്ന്. നിരന്തരമായ പരിശീലനം കഴിവുകളെ ഊട്ടിയുറപ്പിക്കും. അല്ലാത്തപക്ഷം, സ്വന്തം കഴിവുകളിൽ നിന്ന് മിക്കവരും അകന്നു പോകാനുള്ള സാധ്യത ഇരട്ടിയിലധികമാണ്. ഇതു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നതും എടുത്തു പറയണം.

തന്റെ കുട്ടിയെ ജീവിതത്തിൽ വലിയ വിജയങ്ങൾ സ്വന്തമാക്കണമെന്നാഗ്രഹിക്കുന്നവരാണ് മിക്ക മാതാപിതാക്കളും. അതിന്, സ്കൂൾ കാലം മുതൽ കുട്ടികളുടെ കഴിവുകളിൽ ശ്രദ്ധ ചെലുത്തി അവരെ ആ രീതിയിൽ വാർത്തെടുക്കുക എന്നത് പ്രധാനമാണ്. അത് വളരെയധികം ഗുണകരമാകും. 15 വർഷത്തിനിടെ 3000 കുട്ടികളിൽ നടത്തിയ പഠനത്തിലൂടെ ലണ്ടനിലെ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി ഇതു തെളിയിച്ചിട്ടുണ്ട്. അത്തരം പരിശീലനം കിട്ടിയ കുട്ടികൾ പിന്നീടുള്ള ജീവിതത്തിൽ സമൂഹത്തിൽ ഗുണകരമായ ഇടപെടലുകൾ നടത്തിയിട്ടുള്ളതായി ഈ പഠനം തെളിയിക്കുന്നു.

കുട്ടികൾക്ക് അനുകരണീയമായ ഒരു മാതൃകയുണ്ടായിരിക്കുക പ്രധാനമാണ്. ഒന്നുമില്ലായ്മയിൽ നിന്ന് വളർന്നു വന്ന് വലിയ വിജയങ്ങൾ നേടിയ എല്ലാവർക്കും ഒരു റോൾ മോഡലുണ്ടാകും. അത് മാതാപിതാക്കളോ മറ്റാരെങ്കിലുമോ ആകാം. ചിലർ കുട്ടികളെ നിശബ്ദരായി സ്വാധീനിക്കുമ്പോൾ, മറ്റു ചിലർ ഭാവിയിൽ വിജയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവർക്ക് പറഞ്ഞു കൊടുത്തവരാകാം.

നിരന്തര പ്രയത്നം പ്രധാനമാണ്. തന്നിൽ ഒരു കഴിവുണ്ടെന്നു മനസ്സിലായിട്ടും അതിൽ പ്രതിഭ തെളിയിക്കാനുള്ള ശ്രമങ്ങളില്ല എങ്കിൽ എന്തുകാര്യം ? അതിനാൽ പ്രയത്നം അത്യന്താപേക്ഷിതമാണ്. ഇന്നത്തെ കാലത്ത് കുട്ടികളുടെ ശ്രദ്ധ മാറാൻ ഏറെ അവസരങ്ങളുണ്ട്. അതിൽ തന്നെ മറ്റൊരു പ്രധാന കാര്യം, അവരുടെ പ്രതിഭയെ പലതിലേക്ക് ചിതറിക്കാതെ, ഏറ്റവും മികവുള്ള ഒന്നിലേക്ക് കേന്ദ്രീകരിപ്പിക്കുക എന്നതാണ്. അവിടെയും കഠിനമായ പരിശീലനം തന്നെയാണ് പ്രധാനം.

ചെറിയ വിജയങ്ങളിൽ കുട്ടികളെ അമിതമായി പുകഴ്ത്താതിരിക്കുക. അതൊക്കെ അവനെ അല്ലെങ്കിൽ അവളെക്കൊണ്ടു സാധിക്കുന്നതാണെന്ന തരത്തിൽ മിതമായി സംസാരിക്കുകയും കൂടുതൽ വിജയങ്ങൾക്കായി പ്രേരിപ്പിക്കുകയും ചെയ്യുക. ഇതാണ് ഏറ്റവും വലുതെന്നു തോന്നിപ്പിക്കാതിരിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പ്രധാനം. രക്ഷകർത്താക്കളുടെ ആഗ്രഹം കുട്ടികളിൽ അടിച്ചേൽപ്പിക്കാതെ, അവരുടെ കഴിവ് തിരിച്ചറിയാൻ അവരെ പ്രോത്സാഹിപ്പിക്കുകയെന്നതും പ്രധാനമാണ്. ചുരുക്കത്തിൽ, ജന്മനാ ലഭിക്കുന്ന കഴിവുകൾ എന്ന സങ്കൽപ്പം കൊണ്ടു മാത്രം ഒരു കുട്ടിയെയും അളക്കുവാനാകില്ല. അതിന് പലവിധ കാരണങ്ങൾ കൂടിയുണ്ടെന്ന് തിരിച്ചറിയുന്നതാണ് പ്രധാനം.