Tuesday 18 February 2020 04:50 PM IST : By സ്വന്തം ലേഖകൻ

‘അവർ പരീക്ഷ എഴുതട്ടേ, പക്ഷേ റിസൾട്ട് ലോകാവസാനമാണെന്ന് മാത്രം കരുതരുത്’; ‘തല്ലിപ്പഴുപ്പിക്കുന്ന’ മാതാപിതാക്കളോട്; കുറിപ്പ്

ajith

പരീക്ഷക്കാലം പടിവാതിൽക്കലെത്തിയതോടെ എന്തെന്നില്ലാത്ത പരവേശമാണ് വിദ്യാർത്ഥികൾക്ക്. കുഞ്ഞുങ്ങളുടെ പേടിയും അനാവശ്യ ടെൻഷനും പങ്കിട്ടെടുക്കാൻ മാതാപിതാക്കളും കൂടിയെത്തുന്നതോടെ ആകെപ്പാടെ ബഹളമയം. ജീവിതത്തിന്റെ നാഴികക്കല്ലെന്നും, വഴിത്തിരിവെന്നുമൊക്കെ പബ്ലിക് പരീക്ഷയെ വാഴ്‍ത്തുന്ന മാതാപിതാക്കൾ ഇതിനിടയ്ക്ക് കുഞ്ഞുങ്ങളുടെ മനസു കാണാൻ ശ്രമിക്കാറുണ്ടോ? പരീക്ഷയ്ക്കും സിലബസിനും മുന്നിൽ കുട്ടികളുടെ അഭിരുചികളെ അടിയറ വയ്ക്കുന്നത് നല്ലതാണോ? പ്രസക്തമായ ഈ ചോദ്യവും അതിനുള്ള ഉത്തരവും സരസമായി പങ്കുവയ്ക്കുകയാണ് മാധ്യമപ്രവർത്തകൻ അജിത് എബ്രഹാം . പരീക്ഷ കുട്ടി എഴുതട്ടെ. അതിന്റെ റിസൾട്ട് ലോകാവസാനമാണെന്ന് മാത്രം കരുതല്ലേയെന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ അജിത് കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

എന്റെ സഹപ്രവർത്തകരും ചങ്ങാതിമാരുമായ മൂന്ന് അമ്മമാർ കഴിഞ്ഞ ദിവസങ്ങളിൽ ലീവിലായിരുന്നു. പബ്ളിക് പരീക്ഷ എഴുതുന്ന മക്കൾക്ക് കരുത്ത് പകരാൻ. ശരിയാണ് 'ഞങ്ങൾ ഒപ്പമുണ്ട് ' എന്ന മാതാപിതാക്കളുടെ ഉറപ്പ് കുട്ടികൾക്ക് പകരുന്ന ആത്മ ധൈര്യം ചെറുതല്ല. പ്രാർഥന, കൂട്ടിരിപ്പ്, തണ്ണീർ മത്തൻ ദിനങ്ങൾ... ഇൗ അമ്മമാർക്ക് സല്യൂട്ട് .(നാളെയും ഇവരുടെ ഒപ്പം ഞാൻ ജോലി ചെയ്യേണ്ടതാണേ.)

ഇനി പറയുന്നത് വഴിയിൽ കേട്ടത്: കാഞ്ഞിരപ്പള്ളിയിലെ പ്രശസ്ത സ്കൂളിലെ ഒരു അധ്യാപിക പറഞ്ഞത്. 'മക്കൾക്ക് , ഇവിടെ പ്ളസ് വണ്ണിന് അഡ്മിഷൻ കിട്ടിയാൽ ഉടൻ വാടകയ്ക്ക് വീട് സംഘടിപ്പിച്ച് 2 വർഷത്തേക്ക് ഓഫീസിൽ നിന്ന് ലീവ് എടുത്തു, പരീക്ഷയ്ക്ക് തയാറാക്കാൻ അവരുടെ ഒപ്പം കഴിയുന്ന മാതാപിതാക്കളുണ്ട്. 2 വർഷത്തെ 'തല്ലി പഴുപ്പിക്കലിന് ' സ്ഥലം വാങ്ങിയവരും വീട് വാങ്ങിയവരുമുണ്ടേ. '

എത്ര മിടുക്കരായ വിദ്യാർഥിക്കും പരീക്ഷ അടുക്കുമ്പോൾ ടെൻഷൻ സ്വാഭാവികം. അതിന്റെ മുകളിൽ മാതാപിതാക്കളുടെ ആധി കൂടി ചുമക്കുന്ന ഒരു കുട്ടി ചങ്കിടിപ്പോടെ പറയുന്നു. 'അപ്പാ വല്ലതും വരുത്തി വയ്ക്കും. ..'
കേരളത്തിൽ സ്കൂളുകളിൽ വാർഷിക പരീക്ഷകൾ എഴുതുന്ന 37,000ത്തിലധികം വിദ്യാർഥികളുടെ ഒരു പാവം പ്രതിനിധി.

33 വർഷം മുൻപത്തെ ഒരു നേരനുഭവം കൂടെയുണ്ട്. എന്റെ ബിരുദ ക്ളാസ് ബാച്ചിൽ ഒരു മിടുമിടുക്കിയുണ്ടായിരുന്നു. മാന്നാനം കെ.ഇ കോളജിലെ മികച്ച അഞ്ചു പേരേ തിരഞ്ഞെടുത്താൽ അതിൽ ഒരാൾ. ആ കുട്ടി ഫൈനൽ ഇയറിൽ അവസാനത്തെ 2 പരീക്ഷകൾ എഴുതിയില്ല. ഇവിടെ വില്ലനായത് ടെൻഷൻ .
ഞാൻ ബിരുദ പരീക്ഷയ്ക്ക് എഴുതിയ സപ്ലികൾ എല്ലാം കൂടി കൂട്ടിയാൽ ആ കുട്ടി ആദ്യ രണ്ടു വർഷം നേടിയ മാർക്കിനേക്കാൾ കുറവായിരുന്നു.

ഇനി ചില പോസിറ്റീവ് സ്ട്രോക്സ്:
ഒൻപതാം ക്ലാസ്സിൽ 'so poor marks' സ്വന്തമാക്കിയ ഒരു പെൺകുട്ടി. സ്കൂളിലെ രണ്ടു ക്ലാസ്സുകളിലെ കുട്ടികൾ കാൺകെ ആ പെൺകുട്ടിക്കിട്ട് പ്രിൻസിപ്പൽ ചൂരൽ പ്രയോഗം നടത്തുന്നു. (ഇന്നാണെങ്കിൽ പ്രിൻസിപ്പൽ നിയമ നടപടി നേരിടേണ്ടി വന്നേനേ.).

പിന്നെ, ചുരുങ്ങിയ കാലത്തിനുള്ളിൽ സംഭവിച്ചതാണ് സിനിമകളിൽ കാണും പോലെ കിടു. പ്ലസ് ടുവിന് ഈ പെൺകുട്ടി ഒരു വിഷയത്തിന് ആ സ്കൂളിലെ ടോപ്പർ ആയി. മുൻപ് ചൂരൽ പ്രയോഗം നടത്തിയ പ്രിൻസിപ്പൽ, സ്കൂളിലെ സ്റ്റേജിൽ നിന്നു ഈ മിടുക്കിക്ക് ട്രോഫി നൽകുമ്പോൾ കൈയ്യടിക്കാൻ ഞാനും സദസ്സിൽ ഉണ്ടായിരുന്നു. കനൽ വഴികൾ ചുട്ട് പാകപ്പെടുത്തിയ ആത്മ വിശ്വാസ കരുത്തിൽ അവൾ ഇപ്പോഴും കുതിച്ചു പായുന്നു. ദൈവത്തിന് നന്ദി.

ദാ വേറിട്ട ഒരു നാദ സുന്ദരാനുഭവം. മക്കളെ വയലിനും കീ ബോർഡും പഠിപ്പിക്കാൻ എന്റെ വീട്ടിൽ വന്നിരുന്ന ജോസഫ് സാറിന്റെ മകൻ ജോബിൻ എം കോം ഫസ്റ്റ് റാങ്ക് ഹോൾഡർ ആണ്. എംബിഎ യും കൂട്ടിനുണ്ട്. പക്ഷേ, ജോബിൻ തനിക്ക് താൽപര്യമുള്ള സംഗീത വഴിയിൽ മനോഹര നാദമായി. ബഹറിൻ രാജാവിന്റെ പോലീസ് ഓർകസ്ട്ര യിൽ വയലിനിസ്റ്റ് ആണ് ജോബിൻ. തല്ലി പഴുപ്പി ക്കാത്ത മാമ്പഴത്തിന് രുചിയും ഗുണവും കൂടും. കോട്ടയത്ത് അമ്മഞ്ചേരിയിലെ വീട്ടിലിരുന്നും വർഷത്തിലൊരിക്കൽ ബഹറിനിൽ നേരിട്ട് ചെന്നും ആ സന്തോഷം ആസ്വദിക്കുന്നു ജോസഫ് സാറും ഭാര്യയും.

ചങ്ങാതിമാരെ, സ്കൂൾ ഡ്രോപ്പ് ഔട്ട് ആയ എ.ആർ. റഹ്മാനെ ആരെങ്കിലും നിർബന്ധിച്ച് പഠിപ്പിച്ചിരുന്നെങ്കിൽ.... ലോകമറിയുന്ന ഒരു സംഗീത മാന്ത്രികൻ, ഓസ്കർ ജേതാവ് നമുക്ക് ഉണ്ടാകുമായിരുന്നോ...

പറഞ്ഞു വരുന്നത് ഇത്രയേ ഉള്ളൂ. പരീക്ഷ കുട്ടി എഴുതട്ടെ. അതിന്റെ റിസൾട്ട് ലോകാവസാനമാണെന്ന് മാത്രം കരുതല്ലേ.
ഏതു കുട്ടിക്കും ഏതെങ്കിലും ഒരു കഴിവ് ദൈവം നിക്ഷേപിച്ചിട്ടുണ്ട്. അതു കണ്ടെത്താനുള്ള കണ്ണും കാതും മാതാപിതാക്കൾക്കുണ്ടായാൽ മതി. അതായത് പതിവ് ലവൽസ് ഒന്നു മാറ്റി പിടിച്ചാലോ എന്ന്. ഗെയിം ഡവലപ്പർ, സ്പോർട്സ്, നീന്തൽ അക്കാദമി, ഇന്റർനാഷണൽ ഷെഫ്, സംഗീതം... അനന്ത സാധ്യതകൾ കുട്ടികളുടെ വിരൽ തുമ്പിലുണ്ട്. താൽപര്യമുള്ളിടത്തേക്ക് കുട്ടികൾ വണ്ടി വിടാൻ ഒരുങ്ങുമ്പോൾ നമ്മൾ പച്ചക്കൊടി കാണിച്ചാൽ മതി... പ്ലീസ്.

ഇനി ഇതൊന്നും ശരിയായില്ലെങ്കിലും വഴിയുണ്ട്. മേൽപ്പടി സംഭവങ്ങൾ ആൾക്കൂട്ടത്തിനു മുമ്പിൽ സുന്ദരമായി അവതരിപ്പിച്ചാൽ മതി മാഷേ.
₹5,000- ₹10,000 സന്തോഷത്തോടെ പോക്കറ്റിൽ വീഴും. ഒരു ജൂനിയർ മോട്ടിവേഷണൽ സ്പീക്കർ എന്നോട് പറഞ്ഞതാണ്. ഇതിൽ കൂടുതൽ എങ്ങനെ മോട്ടിവേറ്റ് ചെയ്യണം സുഹൃത്തുക്കളേ....

മക്കൾ ഭയങ്കര സംഭവമാണ് എന്നതിനേക്കാൾ എനിക്കിഷ്ടം അവർ അവർക്ക് താൽപര്യമുള്ള മേഖലയിൽ ആവേശ ത്തൊടെ, മിന്നുന്നു എന്നതാണ്.

Ajit Abraham Valiaveettil