താമസിക്കാൻ വീടില്ല. പോകാൻ സ്ഥലവുമില്ല. വാടക കൊടുക്കാൻ ഇല്ലാത്തതിനാൽ താമസിച്ച വീട്ടിൽ നിന്ന് ഇറക്കിവിട്ട അമ്മയും മക്കളും അഭയം തേടിയത് കോഴിക്കോട് മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിൽ. 3 പെൺകുട്ടികളുടെ മാതാവ് സ്റ്റേഡിയം പൂതേരി സത്രം കോളനിയിലെ ആർ.പാർവതി (47) ആണ് കെഎസ്ആർടിസി ടെർമിനലിൽ കഴിയുന്നത്. കുറ്റിക്കാട്ടൂരിൽ ഫ്ലാറ്റിൽ താമസിക്കവെ കോവിഡ് കാലത്ത് വാടക കൊടുക്കാനില്ലാത്തതിനാൽ സാധനങ്ങളെല്ലാം അവിടെനിന്ന് കൊണ്ടുപോകാൻ സമ്മതിച്ചില്ല.
പിന്നീട് കുറ്റിക്കാട്ടൂരിൽ മറ്റൊരു സ്ഥലത്ത് താമസിച്ചെങ്കിലും വാടക കൊടുക്കാനില്ലാത്തതിനാൽ അവിടെ നിന്ന് ഇറക്കിവിട്ടു. വീടു നിർമിക്കാനായി ലൈഫ് പദ്ധതിയിൽ കോർപറേഷൻ ഫണ്ട് അനുവദിച്ചിരുന്നു. ഇതു പ്രകാരം കണ്ണാടിക്കലിൽ 3 സെന്റ് സ്ഥലം വാങ്ങിയെങ്കിലും പാറക്കെട്ടായതിനാൽ അതു പൊട്ടിക്കാതെ തറയിടാൻ പറ്റില്ലെന്നായി. പാറ പൊട്ടിക്കണമെങ്കിൽ ചുരുങ്ങിയത് ഒരു ലക്ഷം രൂപ വേണമെന്നാണ് പറയുന്നത്. തറയിടാനായി കോർപറേഷൻ അനുവദിച്ച ഒരു ലക്ഷം രൂപ പാറ പൊട്ടിക്കാൻ പോലും തികയാത്ത അവസ്ഥയാണെന്നു പാർവതി പറഞ്ഞു.
മൂത്ത മകളുടെ വിവാഹം കഴിഞ്ഞതാണ്. വിദ്യാർഥികളായ രണ്ടു മക്കളിൽ ഒരാൾ ബന്ധു വീട്ടിൽ നിന്നും ഹോസ്റ്റലിൽ നിന്നുമാണ് പഠിക്കുന്നത്. വീട്ടു ജോലി എടുത്താണ് പാർവതി കഴിഞ്ഞിരുന്നത്. ആരോഗ്യ പ്രശ്നങ്ങൾ മൂലം പലപ്പോഴും ജോലിക്കു പോകാൻ പറ്റാത്ത സാഹചര്യത്തിലാണ്. രോഗം കൂടുമ്പോൾ ബീച്ച് ആശുപത്രിയിലും അല്ലാത്ത ദിവസങ്ങളിൽ രാവും പകലുമെന്നോണം കെഎസ്ആർടിസി സ്റ്റാൻഡിലും കഴിയുകയാണ് ഇവർ. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മാവൂർ റോഡ് ശാഖയിൽ 3870059542 നമ്പറായി അക്കൗണ്ടുണ്ട്. IFSC CBIN0282404. ഫോൺ. 9605706328.