Tuesday 16 April 2019 10:02 AM IST : By സ്വന്തം ലേഖകൻ

അഴകിന് പേസ്റ്റ് രൂപത്തിലുള്ള മൈലാഞ്ചി വാങ്ങിയിട്ടു; പൊള്ളിവീർത്ത് കൈത്തണ്ടയും വിരലുകളും!

Ernakulam News

ആലുവ കടുങ്ങല്ലൂർ സ്വദേശിയായ യുവതി അഴകിനു വേണ്ടി മൈലാഞ്ചിയിട്ടതു വിനയായി. പൊള്ളിവീർത്ത കൈത്തണ്ടയും വിരലുകളും മൂന്നാഴ്ച കഴിഞ്ഞിട്ടും പൂർണ സുഖം പ്രാപിച്ചിട്ടില്ല. അധ്യാപികയായ മുപ്പത്തിരണ്ടുകാരി കടയിൽ നിന്നു വാങ്ങിയതാണ് പേസ്റ്റ് രൂപത്തിലുള്ള മൈലാഞ്ചി. പുരട്ടി അര മണിക്കൂർ കഴിയുമ്പോഴേയ്ക്കും ഉണങ്ങും. തുടർന്നു സ്റ്റിക്കർ പോലെ പറിച്ചെടുക്കാം. വരകളും പൂക്കളും അതിനകം ടാറ്റൂ പോലെ പതിയും. രാത്രിയാണ് മൈലാഞ്ചിയിട്ടത്. പിറ്റേന്നു രാവിലെ ചൊറിച്ചിലും പ്രയാസങ്ങളും തുടങ്ങി.

താമസിയാതെ കൈ നീരുവച്ചു വീർത്തു. വളയും മോതിരങ്ങളും അതിൽ കുടുങ്ങി. കളമശേരിയിലെ ത്വക്‌രോഗ വിദഗ്ധയുടെ ചികിൽസയിലാണിപ്പോൾ. യുവതി ഗർഭിണിയായതിനാൽ മരുന്നുകൾ കഴിക്കാൻ നിയന്ത്രണമുള്ളതുകൊണ്ടാണ് സുഖം പ്രാപിക്കാൻ താമസം നേരിട്ടത്. ഓയിൻമെന്റ് മാത്രമേ പുരട്ടാനാവൂ. മൈലാഞ്ചിയിലെ കൃത്രിമ രാസപദാർഥങ്ങൾ ചർമം വലിച്ചെടുത്തതാണ് പൊള്ളലിനു കാരണമെന്നു ഡോക്ടർ പറഞ്ഞു.