Monday 29 April 2019 05:30 PM IST : By സ്വന്തം ലേഖകൻ

മരണം കൊണ്ടു വന്നവൻ, ആ ചാവേറിനെ പള്ളിയിലേക്ക് ക്ഷണിച്ചത് ഞാൻ; ഞെട്ടൽ മാറാതെ സ്റ്റാൻലി

stanley

രക്തപങ്കിലമായ ലങ്കയെ ഓർത്ത് കണ്ണീർ വാർക്കുകയാണ് ലോകം. ഈസ്റ്റർ ഞായറാഴ്ച നടന്ന സ്ഫോടനത്തിൽ ഈയാംപാറ്റകളെ പോലെ മരിച്ചു വീണ സാധാരണക്കാർ മനസാക്ഷി മരവിച്ചിട്ടില്ലാത്തവരുടെ നെഞ്ചിലെ വിങ്ങലായ് അവശേഷിക്കുകയാണ്. ഇപ്പോഴിതാ ആ നടുക്കുന്ന ഓർമകൾ നെഞ്ചടിപ്പോടെ ഓർക്കുകയാണ് പാസ്റ്ററായ ബ്രദർ സ്റ്റാൻലി.സ്ഫോടനം നടന്ന പള്ളികളിലൊന്നായ സിയോൺ പള്ളിയിലേക്ക് ചാവേറായെത്തിയ ആളെ പ്രാർഥനക്കായി ക്ഷണിച്ചത് താനാണെന്ന് സ്റ്റാൻലി കണ്ണീരോടെ പറയുന്നു. ആശുപത്രിയിൽവെച്ച് ബിബിസി തമിഴിന് നൽകിയ അഭിമുഖത്തിലാണ് സ്റ്റാൻലി ഇക്കാര്യം പറഞ്ഞത്.

''പ്രാർഥന എപ്പോഴാണ് തുടങ്ങുക എന്നയാൾ ചോദിച്ചത് ഞാനോർക്കുന്നു. ഒമ്പത് മണിക്ക് തുടങ്ങും, അകത്തേക്ക് കയറിയിരിക്കാന്‍ പറഞ്ഞ് അയാളെ ഞാൻ ക്ഷണിച്ചു. ഫോൺ വരാനുണ്ടെന്നും പിന്നീട് വരാമെന്നും അയാൾ പറഞ്ഞു. മറ്റുള്ളവര്‍ക്ക് വേണ്ടി കാത്തുനിൽക്കുകയായിരുന്നു ഞാൻ. തോളിലൊരു ബാഗും കാമറയും കയ്യിലുണ്ടായിരുന്നു.

''ചർച്ചിന് മുന്നിലെ ഓഫീസിന് സമീപമാണ് അയാൾ നിന്നത്. കുട്ടികളാണ് പറഞ്ഞത്, ബോംബുമായി പൊട്ടിത്തെറിച്ചത് അയാളാണെന്ന്. പ്രാർഥന തുടങ്ങിയപ്പോൾ ഞാൻ പള്ളിക്കകത്തേക്ക് പോയി. ഒന്നോ രണ്ടോ മിനിട്ട് കഴിഞ്ഞപ്പോൾ പള്ളിക്ക് പുറത്ത് സ്ഫോടനം കേട്ടു. സൺഡേ ക്ലാസുകൾ കഴിഞ്ഞ് കുറെ കുട്ടികൾ വെള്ളം കുടിക്കുന്നുണ്ടായിരുന്നു. ആ സമയത്താണ് ബോംബ് പൊട്ടിയത്. 

''സ്ഫോടനത്തില്‍ സമീപത്തെ വാഹനങ്ങൾക്കും ജനറേറ്ററുകൾക്കും തീപിടിച്ചു.  തീ കാരണം ഞങ്ങൾക്ക് പരുക്കേറ്റവരെ രക്ഷിക്കാനിയില്ല. ഒന്നോ രണ്ടോ കുട്ടികളെ രക്ഷപെടുത്തി. പിന്നാലെ പറ്റാവുന്നവരെയെല്ലാം രക്ഷിച്ചു. ഇതിന് ശേഷം വലിയൊരു സ്ഫോടനമുണ്ടായി. പരിഭ്രാന്തരായി ഓടി രക്ഷപെടുകയായിരുന്നു ഞങ്ങൾ. എന്റെ മകനെയും ഭാര്യയെയും കാണാതായി. ആശുപത്രിയിലാണ് പിന്നീടവരെ കണ്ടെത്തിയത്''- സ്റ്റാൻലി പറഞ്ഞു.

14 കുട്ടികളടക്കം 29 പേരാണ് സിയോൺ പള്ളിയിലുണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത്. ശ്രീലങ്കയിൽ എട്ടിടങ്ങളിലായി നടന്ന സ്ഫോടനങ്ങളിൽ ഇതുവരെ 253 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറോളം പേർക്ക് പരുക്കേറ്റു.