Thursday 12 July 2018 03:55 PM IST

വാർധക്യത്തെ ഓടിത്തോൽപ്പിച്ച് പോളേട്ടൻ! നൂറു മൈൽ കഴിഞ്ഞിട്ടും നോൺ സ്‌റ്റോപ് ഈ കൊച്ചി എക്സ്പ്രസ്

Binsha Muhammed

paul cover

‘പേരക്കുട്ടികളെയും കളിപ്പിച്ച് വീട്ടിലിരുന്നാൽ പോരെ. ആവതില്ലാത്ത പ്രായത്തിൽ ഈ കാടും മലയും കയറേണ്ട വല്ല കാര്യവുമുണ്ടോ?.’ പിഐ പോളിനോട് ഭാര്യ സുജ നിരവധി തവണ ഈ ചോദ്യമെറിഞ്ഞിട്ടുണ്ടാകണം.

കൊച്ചിൻ പോർട് ട്രസ്റ്റിലെ എഞ്ചിനീയറിംഗ് ജോലിയിൽ നിന്ന് വിരമിച്ച പോള്‍ അക്ഷരാർഥത്തിൽ ‘പൊളിച്ചടുക്കുക’യാണ്. മാന്യമായ പെൻഷൻ, മെച്ചപ്പെട്ട ബാങ്ക് ബാലൻസ്, മക്കളൊക്കെ നല്ല നിലയിൽ, പിന്നെ എന്തിനാണ് കാട് കയറുന്നതെന്ന് ചോദിക്കുന്നവരോട് ‘പോയി പണി നോക്കാനാകും’ പോളിന്റെ ഉപദേശം. `വീട്ടിലിരുന്നുടേ മനുഷ്യാ...` എന്നു ചോദിച്ച ഭാര്യയോടും പോൾ പറഞ്ഞു, ‘എ ബിഗ് നോ’.

കൊച്ചി മരട് പടിഞ്ഞാറേക്കര വീട്ടിൽ പി.ഐ പോൾ എന്നു പറഞ്ഞാൽ അധികമാരും അറിഞ്ഞുവെന്നു വരില്ല. പക്ഷേ ‘ഓട്ടക്കാരൻ പോളേട്ടന്‍’ സുപരിചിതനാണ്. ജീവിതത്തിന്റെ തിരക്കുകൾക്ക് അവധി നൽകി വിശ്രമ ജീവിതം നയിക്കേണ്ട ഈ അറുപത്തിമൂന്നുകാരൻ ഇന്ന് ദൂരത്തെ വിളിപ്പുറത്തു നിർത്തുന്ന ‘യുവാവാണ്’. ഒന്നും രണ്ടുമല്ല നൂറും നൂറ്റമ്പതും കിലോമീറ്റർ വരെ പുഷ്പം പോലെ ഈ ‘വന്ദ്യ വയോധികനു’ മുന്നിൽ കീഴടങ്ങും.

നാട്ടിൻപുറത്തെ ഇട്ടാവട്ടത്ത് കേട്ട് തുടങ്ങിയ പോൾ എന്ന മാരത്തൺ റണ്ണറുകളുടെ കാലടികൾക്ക് മുന്നിൽ ഇന്ന് അതിരുകളും വഴിമാറിയിരിക്കുന്നു. ചെന്നൈ, ഹൈദരാബാദ്, മുംബൈ, മാരത്തണുകളിലെ ചുറുചുറുക്കുള്ള മുഖങ്ങള്‍ തിരഞ്ഞാൽ, നിശ്ചയദാർഢ്യത്തിന്റെ ആ മുഖം കാണാം. അന്വേഷിച്ചാൽ പ്രായത്തെ അക്കങ്ങളാക്കി പോൾ ഓടിത്തീർത്ത മാരത്തൺ ദൂരങ്ങളുടെ രോമാഞ്ചംകൊള്ളിക്കുന്ന കഥ കേൾക്കാം.

ജീവിതത്തിലെ ഏതോ മുഹൂർത്തത്തിൽ കൈവിട്ടു പോയ സ്പോർട്സ്മാൻ എന്ന ലേബൽ ജീവിതത്തിലെ ഈ വൈകിയ വേളയിൽ പോൾ തിരിച്ചു പിടിച്ചതെങ്ങനെ?. മൈലുകൾ കീഴടക്കുന്ന മാരത്തൺ റണ്ണിന്റെ സീക്രട്ട് എന്ത്? താണ്ടിയ ദൂരങ്ങൾ... നേട്ടങ്ങൾ... ഓട്ടക്കാരൻ പോളേട്ടൻ മനസു തുറക്കുകയാണ് ‘വനിത ഓൺലൈനു’മായി.

paul 2

സ്വപ്നങ്ങൾക്ക് ഇന്നും മധുരപ്പതിനേഴ്

‘കുടുംബം കുട്ടികൾ ഉത്തരവാദിത്തം ഇവയൊക്കെയായാൽ പിന്നെ ലക്ഷ്യങ്ങളും പാതിവഴിക്ക് ഉപേക്ഷിക്കുന്നവരാണ് നമ്മൾ. എന്നാൽ അതിൽ നിന്നും മാറി നടക്കാനാണ് ഞാൻ ആഗ്രഹിച്ചത്. ഒരു അത്‍ലിറ്റ് ആകണമെന്ന ആഗ്രഹം എന്റെ മനസിലേക്ക് ഇട്ട് തരുന്നത് കോളേജ് പഠനകാലമാണ്.’– പോളിനുള്ളിലെ ഓട്ടക്കാരന് ഇപ്പോൾ വയസ്സ് 17.

സ്പോർട്സ് മീറ്റ്, മറ്റ് സ്പോർട്സ് ഇവന്റുകൾ എന്നിവയൊക്കെയായിരുന്നു എന്റെ ആദ്യ കളരി. 3000, 5000 മീറ്ററുകളിൽ പങ്കെടുത്താണ് തുടക്കം. പഠന കാലത്ത് പിന്നെയും എത്രയോ മത്സരങ്ങൾ. അന്നുറപ്പിച്ചതാണ് ദീർഘദൂര ഓട്ടക്കാരൻ എന്നതാണ് എന്റെ വഴിയെന്ന്. പക്ഷേ കൊച്ചിൻ പോർട് ട്രസ്റ്റില്‍ ജോലി കിട്ടിയപ്പോൾ തനി ഉദ്യോഗസ്ഥനായി. ഓട്ടം ട്രാക്ക് മാറി. തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കുള്ള ഓട്ടമായി ജീവിതം. ഓട്ടക്കാരനാകാൻ കൊതിച്ച എന്റെ ആവേശം വീടിന്റെ ഇട്ടാവട്ടത്ത് ഒതുങ്ങി. പക്ഷേ ദൈവത്തിന്റെ കണക്കു പുസ്തകത്തിൽ എന്റെ സ്വപ്നങ്ങൾക്ക് അൽപം ഒരിടം ബാക്കിയുണ്ടായിരുന്നു. കൗമാരവും യൗവ്വനവും കടന്ന് വാർദ്ധക്യത്തിന്റെ ഈ വൈകിയ വേളയിൽ പഴയ സ്വപ്നം വീണ്ടും തിരികെയെത്തി. അന്ന് ആരറിഞ്ഞു...വയസാം കാലത്ത് എന്റെ പേരും അഡ്രസുമെല്ലാം ഈ ദൂരം മാറ്റിയെഴുതാൻ പോകുകയാണെന്ന്?’

paul 5

ഓൺ യുവർ മാർക്ക്’

റിട്ടയേഡ് ആകാൻ കൃത്യം മാസങ്ങൾ ബാക്കിയുള്ളപ്പോഴാണ് ആ വാർത്ത ഞാൻ കാണുന്നത്. മനോരമ സംഘടിപ്പിക്കുന്ന ‘മാരത്തൺ!’. പഴയ ഓട്ടക്കാരൻ വീണ്ടും പൊടിതട്ടിയെണീറ്റോ എന്നൊരു സംശയം.

പടിഞ്ഞാറേക്കര തറവാടിന്റെ ഇട്ടാവട്ടത്ത് രാവിലെ ഓടാനിറങ്ങി മാത്രം പരിചയമുള്ള ഞാൻ ഹാഫ് മാരത്തൺ ഓടാൻ പോകുന്നു... കേൾക്കുമ്പോൾ അതിലിത്തിരി അഹങ്കാരമില്ലേ എന്നു പലർക്കും തോന്നാം?. ഒന്നും രണ്ടുമല്ല 21.1 കിലോമീറ്റർ ഇടവേളയില്ലാതെ ഓടിയെത്തണം. പക്ഷേ എന്തോ, അതങ്ങനെ വിട്ടു കളയാൻ തോന്നിയില്ല. അവസരങ്ങൾ, അത് എപ്പോഴും ഉണ്ടായി എന്നു വരില്ലല്ലോ?–പോൾ ചിരിച്ചു.

അതുവരെയുള്ള സമ്മർദ്ദങ്ങളെയും പിന്തിരിപ്പൻ ഉപദേശങ്ങളെയും പാട്ടിനു വിട്ട് പോൾ പടിഞ്ഞാറേക്കര എന്ന എഞ്ചിനീയർ രണ്ടും കൽപ്പിച്ച് ബൂട്ടും കെട്ടിയിറങ്ങി. ലേ മാർക്ക് എന്ന റണ്ണേഴ്സ് ക്ലബിനെ പ്രതിനിധീകരിച്ചായിരുന്നു ആ ‘ഭാഗ്യപരീക്ഷണം’. 2 മണിക്കൂർ 35 മിനിട്ടിൽ ആ ദൂരം എനിക്ക് മുന്നിൽ വഴിമാറി. അന്നത്തെ ആ കിതപ്പും ദീർഘനിശ്വാസവും പിന്നീടെത്തിയ അഭിനന്ദനപ്പെരുമഴകളും ഓർക്കുമ്പോൾ ഉള്ളിനൊരു കുളിരാണ്. സർവ്വമേഖലകളിൽ നിന്നുമുള്ള ആയിരങ്ങൾ മാറ്റുരയ്ക്കുന്ന മാരത്തണില്‍ കൊച്ചിൻ പോർട് ട്രസ്റ്റിനെ പ്രതിനിധീകരിച്ച് ഞാൻ മാത്രമേയുണ്ടയിരുന്നുള്ളൂ. ചെറുപ്പക്കാർ കാഴ്ച്ചക്കാരായി നിന്ന ആ മാരത്തണിൽ എന്റെ ഭാഗധേയം എത്ര വലുതായിരുന്നു എന്നോർക്കുമ്പോഴും ഏറെ അഭിമാനം...

paul 1

‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’

ഓടാൻ ഇനിയുമേറെ ദൂരം ബാക്കിയുണ്ടെന്ന് ഉള്ളിലൊരു തോന്നൽ. റിട്ടയേഡ് ആയപ്പോൾ ആ ആഗ്രഹം കലശലായി എന്നു പറഞ്ഞാൽ മതിയല്ലോ? ദൂരങ്ങൾക്കു മുന്നിൽ പ്രായം വഴിമാറുമെന്ന നിശ്ചദാർഢ്യവും ആത്മവിശ്വാസവും കൂടിയായപ്പോൾ രണ്ടും കൽപ്പിച്ചിറങ്ങാൻ തീരുമാനിച്ചു. ‘ലേ മാർക്ക്’ (Lay Mark) എന്ന മാരത്തൺ ക്ലബിൽ ചേരാൻ എനിക്കുണ്ടായ പ്രചോദനവും ഇതേ ആത്മവിശ്വാസം തന്നെ.

സോൾസ് ഓഫ് കൊച്ചിൻ (soles of cochin) എന്ന ക്ലബിലേക്കെത്തിയപ്പോൾ കഥയാകെ മാറി. ആഴ്ചയിൽ നാലു ദിവസം പരിശീലനം. ഇടപ്പള്ളി, കുസാറ്റ് എന്നിങ്ങനെ വിവിധ പോയിന്റുകൾ നിശ്ചയിച്ചായി ഓട്ടം. ഹാഫ് മാരത്തണിൽ തുടങ്ങിയ ഞാൻ 50 കിലോമീറ്റർ എന്ന സ്വപ്ന ദൂരം പിന്നിടുന്നത് ഈ കാലയളവിലാണ്. ദൂരങ്ങൾ ഒന്നിനു പുറകേ ഒന്നായി എന്റെ കാലടികളെ പിന്തുടരാൻ തുടങ്ങിയപ്പോൾ പിന്നെ വലിയ മാരത്തൺ ഇവന്റുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പായി. കൊച്ചിയുടെ ഇട്ടാവട്ടത്ത് മാത്രമല്ല കേരളത്തിനു പുറത്തേക്കുമുള്ള മാരത്തണുകളിലും എന്റെ ബൂട്ടിന്റെ ശബ്ദമെത്തണമെന്ന കൊതിയായി... ഓട്ടക്കാരൻ പോൾ ഫുൾ ഫോമിലാകുന്നത് അവിടെ നിന്നാണ്.–പോളേട്ടന്റെ ഓർമ്മകൾക്ക് സ്പ്രിന്ററുടെ വേഗം.

ഫ്രം പടിഞ്ഞാറേക്കര ടു മുംബൈ

ഹാഫ് മാരത്തണിൽ പയറ്റിത്തെളിഞ്ഞ് ആദ്യമെത്തുന്നത് വമ്പൻമാർ മാറ്റുരയ്ക്കുന്ന ഹൈദരാബാദ് ഫുൾ മാരത്തണിലേക്ക്. 42.195 കിലോമീറ്ററാണ് താണ്ടേണ്ട ദൂരം. ജയിക്കാനുറച്ചിറങ്ങിയവന് ഇതെല്ലാം സിമ്പിൾ അല്ലേ?

മൂന്ന് വട്ടമാണ് ഹൈദരാബാദിന്റെ മണ്ണിൽ ഞാൻ ഫുൾ മാരത്തൺ ഓടിയെത്തിയത്. പിന്നീട് മുംബൈ, ഗോവ എന്നിവിടങ്ങളില്‍ മൂന്നു വീതം ഫുൾ മാരത്തണുകളിൽ പങ്കെടുത്തു. ചെന്നൈയിൽ രണ്ടു തവണയാണ് മാറ്റുരച്ചത്. ട്രെയൽ മാരത്തണ് പേര് കേട്ട ചെന്നൈയില്‍ ഞാൻ ഓടിയെത്തിയത് 50 കിലോമീറ്ററാണ്. കല്ലുംമുള്ളും കയറ്റിറക്കങ്ങളുമെല്ലാം നിറഞ്ഞ ജവാദുവിൽ നടന്ന മാരത്തണിൽ എനിക്കായ് വഴിമാറിയത് 75 കിലോമീറ്റർ ദൂരം. സെഞ്ചുറി ദൂരം പിന്നിട്ട മാരത്തണ് വേദിയായത് ചിക്മംഗ്ലൂരാണ്. ബംഗളുരുവിലെ ഹെന്നൂരില്‍ നടന്ന മാരത്തണിൽ പിന്നിട്ട ദൂരം 161 കിലോമീറ്റർ എന്ന നൂറു മൈൽ ദൂരമാണെന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും. 62–ാം പിറന്നാൾ ദിനത്തിൽ 62 മൈൽ അതായത് 99 കിലോമീറ്റർ ഓടിയെത്തുക എന്നത് എന്റെ വലിയ സ്വപ്നമായിരുന്നു ആ ദൂരവും എനിക്കായ് കാത്തു നിന്നു. എല്ലാം ഒരു സ്വപ്നം പോലെ. – പോൾ ഓർമ്മകളിലേക്ക് ഊളിയിട്ടു.

paul 3

ബീഫും മൊട്ടയും ഇഷ്ട വിഭവങ്ങൾ

എന്റെ എനർജി സീക്രട്ട് ചോറാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പലർക്കും പ്രയാസമാണ്. പ്രായമാകുമ്പോൾ ചപ്പാത്തി നിന്ന് സമയം കഴിക്കേണ്ട അവസ്ഥയില്ലെന്ന് സാരം. ബീഫും മുട്ടയുമാണ് ഇഷ്ട വിഭവങ്ങളുടെ ലിസ്റ്റിലെ മറ്റു പ്രധാന ഐറ്റംസ്. കൊഴുപ്പും കൊളസ്ട്രോളും ഏറില്ലേ എന്ന പതിവ് ചോദ്യം എന്നെ അറിയുന്നവർ ആരും ചോദിക്കാറില്ല. അതിനൊക്കെ വേണ്ടിയല്ലേ ഈ ‘നെട്ടോട്ടം’–പോൾ‌ പറഞ്ഞു നിർത്തി.

മധ്യവയസ്കനെന്ന പേരിൽ ചുരുണ്ടു കൂടി, ബിപിയും കൊളസ്ട്രോളും ഷുഗറുമെല്ലാം കൊണ്ട് കാലം കഴിക്കുന്നവർ പോളിനെ കണ്ടു പഠിക്കണം. കല്ലും മുള്ളും നിറ‍ഞ്ഞ മാരത്തൺ പാതകളിൽ നിന്നും അദ്ദേഹം ചേർത്തുവച്ച അസൂയപ്പെടുത്തുന്ന നേട്ടങ്ങളിൽ നിന്നും പ്രായഭേദമന്യേ ഓരോർത്തർക്കും പ്രചോദനം ഉൾക്കൊള്ളാനുണ്ട്. ദൂരം കീഴടക്കുന്ന കാലം തോൽപ്പിക്കാത്ത ഈ പ്രതിഭ പുതിയ ദൂരങ്ങളും ഉയരങ്ങളും താണ്ടാൻ തയ്യാറെടുക്കുകയാണ്. അപ്പോഴും അക്കങ്ങളേറുന്ന പ്രായവും അവശതകളുമെല്ലാം പോളിനെ സ്പർശിക്കാതെ ദൂരെയെവിടെയോ മാറി നിൽപ്പുണ്ടാകും....

paul4