Tuesday 23 October 2018 11:18 AM IST

പഴങ്കഞ്ഞിയും കട്ടത്തൈരും കപ്പയും മീൻ കറിയും എല്ലാം കൂടി 50 രൂപ; ഈ ഹോട്ടൽ വെറൈറ്റിയാണ്, വിഭവങ്ങളും

Rakhi Parvathy

Sub Editor

pazhankanji3

തലേന്ന് വെള്ളമൊഴിച്ച് മൂടി വച്ച് പാകമായ നല്ല പഴങ്കഞ്ഞി രാവിലെ എടുത്ത് കട്ടത്തൈരും കാന്താരിമുളകും എല്ലാം ചേർത്ത് ഒരു പിടി പിടിക്കണം’ എന്നു മോഹൻലാൽ പറയുന്ന ഒരു സീനുണ്ട് കളിപ്പാട്ടം എന്ന ചിത്രത്തിൽ. പഴങ്കഞ്ഞി ഇഷ്ടമുള്ള ഒരു ശരാശരി മലയാളിയുടെ നാവിൽ കപ്പലോടിക്കും ആ രംഗം. മലയാളിയുടെ പഴങ്കഞ്ഞി പ്രിയം അവിടെ തീരുന്നില്ല, പഴങ്കഞ്ഞി കിട്ടാനായി രാത്രി ഏറെ ചോറു വച്ച് രാവിലത്തേക്ക് മൺകലങ്ങളിൽ വെള്ളമൊഴിച്ചു വച്ച് ഉപയോഗിക്കുന്നവരുണ്ട്. പഴങ്കഞ്ഞിയും തൈരും കാന്താരിമുളകും എല്ലാം നന്നായി യോജിപ്പിച്ചാൽ അസ്സൽ കോമ്പിനേഷനാണ് ഈ വിഭവം എന്ന അഭിപ്രായക്കാർ കേട്ടോളൂ... കൊല്ലം ചവറ റൂട്ടിൽ ശങ്കരമങ്കലത്ത് പഴങ്കഞ്ഞിയും കപ്പയും മത്തിക്കറിയും തൈരും എല്ലാം ചേർത്ത് ഒരു ചട്ടി 50 രൂപയ്ക്ക് വാങ്ങി കഴിക്കാം. അതും നല്ല ഹോം മെയ്ഡ്.

pazhankanji1

സംഭവം ഹോം മെയ്ഡ് ആണെങ്കിലും ഇത് ‘ഹാങ്ഔട്ട്’ റസ്റ്റോറന്റ് ആൻറ് ബേക്കേഴ്സിന്റെ മെനുവിലെ പ്രധാന വിഭവമാണ്. പഴങ്കഞ്ഞി മാത്രമല്ല അതിനൊപ്പം സ്പെഷലും വാങ്ങി കഴിക്കാം. തലക്കറി, ചൂരക്കറി, നല്ല ഫ്രഷ് മീൻ വറുത്തത്, കക്കയിറച്ചി, ബീഫ് വരട്ടിയത്...എല്ലാം ഇവിടെ കിട്ടും. ഹാങ്ഔട്ട് റസ്റ്റോറന്റിന് പിന്നിൽ ഇതിനു വേണ്ടി പ്രത്യേകം ഫുഡ് കൗണ്ടറുമുണ്ട്. സെലിബ്രിറ്റീസ് പോലും തേടി വന്നു കഴിക്കുന്ന ഈ സ്പെഷൽ കോമ്പോയുടെ മാസ്റ്റർ ബ്രെയ്ൻ ഹാങ് ഔട്ട് റസ്റ്റോറന്റിന്റെ ഉടമ മഹേഷിന്റേതാണ്.

mahesh_pazha

മഹേഷിന് ഈ കോമ്പിനേഷൻ വലിയ ഇഷ്ടമാണ്. പഴങ്കഞ്ഞിക്കൊപ്പം നല്ല മുളകിട്ട മത്തിക്കറിയും തൈരും അച്ചാറും കൂടെ ഉണക്കമീൻ ഉള്ളി ചേർത്തു വറുത്തതും. എല്ലാ ദിവസവും ഏകദേശം മുന്നൂറു പേർക്കോളം വേണ്ട പഴങ്കഞ്ഞി ഇവിടെ ലഭിക്കും. എല്ലാം ശുദ്ധമായതും ആരോഗ്യത്തിന് ഹാനികരമല്ലാത്തതുമാണ് എന്നകാര്യം ഉറപ്പുവരുത്താൻ താൻ ശ്രദ്ധിക്കുന്നു. ബാക്കിയെല്ലാം ഇവിടുത്തു കാരുടെ കൈപുണ്യമെന്നാണ് മഹേഷ് പറയുന്നത്.

പൊതിച്ചോറും ഷാപ്പു കറികളും ഒപ്പം 50 രൂപയ്ക്ക് നല്ല പഴങ്കഞ്ഞി കോമ്പോയും കഴിക്കണമെങ്കിൽ വിട്ടോളൂ. കൊല്ലം – ചവറ റൂട്ടിൽ ഈ സൂപ്പർ കോമ്പിനേഷൻ കൊതിയൂറും രുചിയോടെ നിങ്ങളെ കാത്തിരിക്കുന്നു.