Monday 16 May 2022 11:35 AM IST : By സ്വന്തം ലേഖകൻ

ലൈംഗികാതിക്രമങ്ങൾ ചെറുക്കാൻ 36 വർഷം പുരുഷനായി ജീവിക്കേണ്ടിവന്ന സ്ത്രീ; പേച്ചിയമ്മാൾ ‘മുത്തു’വായി മാറിയ കഥ, നടുക്കം വിട്ടുമാറാതെ ഗ്രാമവാസികൾ

pechiyammal990

36 വർഷം പുരുഷനായി ജീവിക്കേണ്ടിവന്ന ഒരു സ്ത്രീയുടെ കഥ കേട്ട ഞെട്ടലിലാണ് തമിഴ്നാട്ടിലെ തൂത്തുക്കുടി കാട്ടുനായ്ക്കൻപട്ടി ഗ്രാമവാസികൾ. ‘മുത്തു’ എന്ന പേരിൽ എല്ലാവർക്കും സുപരിചിതനായ ആൾ സ്ത്രീയാണെന്ന് അറിഞ്ഞതിന്റെ നടുക്കത്തിലാണ്  നാട്ടുകാർ. ‘മുത്തു’വാണ് താൻ എസ്. പേച്ചിയമ്മാളാണെന്ന സത്യം വെളിപ്പെടുത്തിയത്. ആരോഗ്യം മോശമായതോടെയാണ് രഹസ്യം വെളിപ്പെടുത്തിയതെന്ന് 57 വയസ്സുകാരിയായ പേച്ചിയമ്മാൾ പറയുന്നു.

ഇരുപതാം വയസ്സിൽ വിധവയും ഒരു പെൺകുട്ടിയുടെ അമ്മയുമായതോടെയാണ് 36 വർഷം മുൻപ് സ്വന്തം സ്വത്വം ഉപേക്ഷിച്ച് പുരുഷവേഷത്തിലേക്ക് മാറിയതെന്ന് പേച്ചിയമ്മാൾ വെളിപ്പെടുത്തുന്നു. ഭർത്താവ് ശിവ 15–ാം ദിവസം മരിക്കുമ്പോൾ പേച്ചിയമ്മാൾ ഗർഭിണിയായിരുന്നു. മകൾ ഷൺമുഖസുന്ദരി പിറന്നതോടെ വേറെ വിവാഹം വേണ്ടെന്നു തീരുമാനിച്ചു ജീവിതം മകൾക്കായി മാറ്റിവച്ചു. 

20 വർഷം മുൻപാണ് പേച്ചിയമ്മാൾ കാട്ടുനായ്ക്കൻപട്ടിയിൽ വന്നു താമസമാക്കിയത്. ജോലി ചെയ്ത ഇടങ്ങളിൽ നിന്നും ലൈംഗിക ആക്രമണം നേരിടേണ്ടി വന്നതോടെ പുരുഷനായി കഴിയുന്നതാണു സുരക്ഷിതമെന്ന് പേച്ചിയമ്മാൾ ഉറപ്പിച്ചു. തിരുച്ചെന്തൂരിലെ മുരുകൻ ക്ഷേത്രത്തിലെത്തി മുടി പറ്റെ വെട്ടി. ഷർട്ടും ലുങ്കിയും കഴുത്തിലൊരു കറുത്ത ചരടും അതിൽ മുരുകന്റെ ചിത്രവും സ്ഥിരവേഷമാക്കി. അങ്ങനെ പേച്ചിയമ്മാൾ നാട്ടുകാര്‍ക്ക് മുത്തുവായി. ‌‌പെയിന്റിങ്, കെട്ടിടം പണി, ഹോട്ടലിൽ പൊറോട്ട ഉണ്ടാക്കൽ തുടങ്ങി എല്ലാ പണിയും ‘മുത്തു’ ചെയ്യും. 

ഒരു വർഷം മുൻപു ലഭിച്ച തൊഴിലുറപ്പുപദ്ധതി രേഖയിൽ ഒഴികെ ആധാർ കാർഡും റേഷൻ കാർഡും വോട്ടർ ഐഡിയും ഉൾപ്പെടെയുള്ളവയിൽ പേര് മുത്തുവാണ്. അടുത്ത ബന്ധുക്കൾക്കും മകൾക്കും മാത്രമേ സത്യം അറിയാമായിരുന്നുള്ളൂ. ഇത്രയും കാലം ജോലി ചെയ്തുണ്ടാക്കിയ പണം സ്വരൂപിച്ച് മകളെ വിവാഹം കഴിപ്പിച്ചയച്ചു. പേച്ചിയമ്മാൾക്ക് സ്വന്തമായി വീടോ സമ്പാദ്യമോ ഇല്ല. വിധവാ സർട്ടിഫിക്കറ്റിനും അപേക്ഷിക്കാനാവില്ല. 

Tags:
  • Spotlight