Wednesday 15 January 2025 12:12 PM IST : By സ്വന്തം ലേഖകൻ

അലീനയുറങ്ങുന്ന കല്ലറയ്ക്കു ചാരെ ആൻഗ്രേസിനും നിത്യനിദ്ര: മരണത്തിലും കൈകോർത്ത ചങ്ങാതിമാർ: വിതുമ്പി നാട്

aleena-anne-14 എറിൻ (ഇടത്ത്), അലീന

പീച്ചി ഡാമിന്റെ ജലസംഭരണിയിൽ വീണ് 4 വിദ്യാർഥിനികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ മരണം മൂന്നായി. ചികിത്സയിലായിരുന്നു പട്ടിക്കാട് ചാണോത്ത് മുരിങ്ങത്തു പറമ്പിൽ ബിനോജ്–ജൂലി ദമ്പതികളുടെ മകൾ എറിൻ (16) ആണ് ചൊവ്വാഴ്ച വൈകിട്ട് മരിച്ചത്. ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പട്ടിക്കാട് ചാണോത്ത് പാറാശേരി സജി–സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് (16), തൃശൂർ കോർപറേഷനിലെ ക്ലാർക്ക് പട്ടിക്കാട് ചുങ്കത്ത് ഷാജൻ–സിജി ദമ്പതികളുടെ മകൾ അലീന (16) എന്നിവർ നേരത്തെ മരിച്ചിരുന്നു.

മരണത്തിലും ഒരുമിച്ച്

കുട്ടിക്കാലം മുതൽ ഉറ്റതോഴരായി ജീവിച്ച മൂന്നു കൂട്ടുകാർക്ക് അന്ത്യവിശ്രമവും ഒന്നിച്ച്. അലീനയെ സംസ്കരിച്ചതിനടുത്തു തന്നെയ‍ാണ് ആൻഗ്രേസിനും നിത്യവിശ്രമം ഒരുക്കിയത്. പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോന പള്ളിയിലെ സെമിത്തേരിയിൽ ഇന്നലെയായിരുന്നു ആൻ ഗ്രേസിന്റെ സംസ്കാരം. അപകട ദിവസം തന്നെ മരിച്ച അലീനയുടെ സംസ്കാരം തിങ്കളാഴ്ച നടത്തിയിരുന്നു. അലീനയുടെ കല്ലറയുടെ തൊട്ടടുത്ത കല്ലറയിൽ തന്നെയാണു ആൻഗ്രേസിനെയും സംസ്കരിച്ചത്. ഇന്ന് അതേ പള്ളിയിലെ സെമിത്തേരിയിൽ തന്നെയാണു എറിന്റെ അന്ത്യനിദ്രയുമെന്നതു നാട്ടുകാർക്കു ഹൃദയവേദനയായി.  

അലീനയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തവർ തന്നെ പിറ്റേന്നും അതേ സെമിത്തേരിയിലെത്തി ആൻഗ്രേസിനും അന്ത്യാഞ്ജലിയർപ്പിച്ചത് അടക്കാനാവാത്ത വിതുമ്പലുകളോടെയാണ്. അരക്കിലോമീറ്റർ ചുറ്റള‌വിലാണു മൂന്നുപേരുടെയും വീടുകൾ. മൂന്നു വീടുകളും 2 പെൺമക്കൾ വീതമുള്ള കുടുംബങ്ങൾ. ഒരേ സ്കൂളിലും ഒരേ പള്ളിയിലും ഒരേ നാട്ടിലും കഴിഞ്ഞ 16 വർഷമായി ഒരുമിച്ച 3 പേരാണു ഓരോ ദിവസങ്ങളുടെ ഇടവേളയിൽ മരണത്തിനു കീഴടങ്ങിയത്.

പീച്ചി ഡാമിന്റെ ജലസംഭരണിയിൽ മുങ്ങി മരിച്ച പട്ടിക്കാട് ചുങ്കത്ത് അലീനയേയും കൂട്ടുകാരി പാറാശേരി ആൻ ഗ്രേസിനെയും സംസ്കരിച്ച പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിലെ കല്ലറകൾക്കു സമീപം വൈകിട്ട്  മെഴുകുതിരികൾ കത്തിച്ചത് ഹൃദയഭേദക നിമിഷമാ.ി. ഈ കല്ലറകൾക്ക് സമീപം ഇന്ന് ഇവരുടെ കൂട്ടുകാരി മുരിങ്ങത്തു പറമ്പൽ എറിനെയും സംസ്കരിക്കും.

തുടർച്ചയായ മൂന്നു ദിവസങ്ങളിലായി അടുത്തടുത്ത വീടുകളിലെ പെൺകുട്ടികളുടെ വിയോഗം സമാനതകളില്ലാത്ത ദുഃഖമാണ് നാടിനു നൽകിയത്. ഈ മാസം തന്നെ നടക്കേണ്ട പട്ടിക്കാട് ഫൊറോന പള്ളിയിലെ തിരുനാളിനു നേതൃത്വം നൽകേണ്ട യുവജന കൂട്ടായ്മയിലെ അംഗങ്ങളായിരുന്നു മൂവരും.