Tuesday 14 September 2021 03:19 PM IST : By സ്വന്തം ലേഖകൻ

വളവുകളും കൂനുകളും ചികിത്സിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും? അറിയാം, നട്ടെല്ലു വൈകല്യങ്ങളുടെ കാരണങ്ങൾ, ചികിത്സ

pelviss33444

ശരീരത്തിന് ചലനശേഷി പ്രദാനം ചെയ്യുന്നതിൽ ഏറ്റവും പ്രധാനമായ പങ്കു വഹിക്കുന്ന സുഷുമ്നയെ പൊതിഞ്ഞു സൂക്ഷിക്കുന്ന അവയവമായ നട്ടെല്ലിന് നമ്മുടെ ആരോഗ്യത്തിൽ വളരെ പ്രധാന പങ്കാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. നട്ടെല്ലു രോഗങ്ങൾ പലതാണെങ്കിലും നട്ടെല്ലിനുണ്ടാകുന്ന കൂനുകൾ, വളവുകൾ, കണ്ണിതെന്നലുകൾ തുടങ്ങിയ വൈകല്യങ്ങളെപ്പറ്റി വളരെയധികം തെറ്റിദ്ധാരണകളും ഊഹാപോഹങ്ങളും നിലനിൽക്കുന്നു. നട്ടെല്ലു രോഗങ്ങളുടെ യാഥാർഥ്യങ്ങളെ തിരിച്ചറിയുവാൻ സഹായിക്കുന്നതിനാണ് ഈ കുറിപ്പ്.

നട്ടെല്ലിന്റെ കൂനുകളും വളവുകളും കൗമാരപ്രായക്കാരിൽ വളരെയധികം മാനസികപ്രയാസങ്ങളും അപകർഷധാബോധവും ഉണ്ടാക്കുന്നു. ഒരു പ്രായം കഴിഞ്ഞു ജീവിതയാഥാർഥ്യങ്ങളോടുള്ള പടപൊരുതലിനിടയിൽ ഇത് പലപ്പോഴും ഒരു പ്രശ്നമായി കാണാറില്ല. എന്നാൽ ചില തരം കൂനുകളും വളവുകളും പ്രാരംഭത്തിലെ തന്നെ ചികിത്സിച്ചില്ലെങ്കിൽ ശ്വാസകോശങ്ങളുടെയും മറ്റു അന്തരീകാവയവങ്ങളുടെയും വളർച്ചയെയും കൈകാലുകളുടെ ചലനത്തെ തന്നെയും ബാധിച്ചേക്കാം. അതുകൊണ്ട് ചികിത്സ എപ്പോൾ, എന്തിനു എന്നതിനെപ്പറ്റി വ്യക്തമായ ധാരണ അത്യാവശ്യമാണ്. 

പോൾ ഹാരിങ്ടൻ (Paul Harrington) എന്ന വൈദ്യശാസ്ത്രജ്ഞനാണ് പ്രത്യേകമായി രൂപകൽപ്പന ചെയ്ത സ്ക്രൂവും റോഡുമുപയോഗിച്ച് പോളിയോ ബാധിച്ചവരിൽ വളവുകൾ നിവർത്തുന്ന ശസ്ത്രക്രിയ ആദ്യമായി പരീക്ഷിച്ചത്. ആ ശ്രമങ്ങൾ പൂർണമായും വിജയമായിരുന്നില്ല എങ്കിലും തുടർപഠനങ്ങൾക്കും പരീക്ഷണങ്ങൾക്കും പാത തുറക്കുന്നതിൽ അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ സഹായിച്ചു. പോൾ ഹാരിങ്ടണിനു ശേഷം ശേഷം മറ്റൊരു വൈദ്യശാസ്ത്രജ്ഞനായ ജോൺ മോ (John Moe) കൂനുകൾ നിവർത്തുകയും നിവർത്തിയ കൂനുകൾ അതേപടി നിലനിർത്തുന്നതിനായി നട്ടെല്ലുകണ്ണികളിൽ കൂട്ടിച്ചേർക്കൽ (fusion) നടത്തി വിജയിക്കുകയും ചെയ്തു. വൈദ്യശാസ്ത്രം ഇന്നു പിന്തുടരുന്നത് ജോൺ മോയുടെ കണ്ടുപിടുത്തത്തിന്റെ പരിഷ്കരിച്ച സാങ്കേതികവിദ്യകളാണ്.

നട്ടെല്ലിൽ സാധാരണയായി കണ്ടുവരുന്ന വൈകല്യങ്ങൾ

നട്ടെല്ലിലെ വളവുകളെ പ്രധാനമായും പത്തുവയസ്സിനു മുമ്പുണ്ടായ വളവുകൾ, പത്തുവയസ്സിനു ശേഷമുണ്ടായ വളവുകൾ നട്ടെല്ലിന് ക്ഷതമുണ്ടായതിനുശേഷം രൂപം കൊണ്ട വളവുകൾ എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. 

പത്ത് വയസ്സിനു മുൻപ് നട്ടെല്ലിൽ ഉണ്ടാകുന്ന എല്ലാത്തരം വളവുകളെയും Early Onset Scoliosis എന്നാണ് വിളിക്കുന്നത്. എന്നാൽ പത്തുവയസ്സിനു ശേഷമുണ്ടാകുന്ന വളവുകളെ അവയുടെ കാരണം അനുസരിച്ച് ജന്മനാ ഉള്ളവ (congenital), പ്രത്യേകകാരണങ്ങൾ കണ്ടുപിടിക്കപ്പെടാത്തവ (idiopathic), പേശികളുടെയും ഞരമ്പുകളുടെയും അപാകതകൾ മൂലം ഉണ്ടായവ (neuromuscular) സിൻഡ്രോമുകളുടെ ഭാഗമായി ഉണ്ടായവ (syndromic) എന്നിങ്ങനെ 4 ഉപവിഭാഗങ്ങളായും തരം തിരിച്ചിട്ടുണ്ട്. അതുപോലെ തന്നെ നട്ടെല്ലിനേൽക്കുന്ന പരിക്കുകൾ മൂലം ഉണ്ടാകുന്ന വളവുകളെ റേഡിയേഷൻ ചികിത്സയ്ക്ക് ശേഷമുള്ളവ, കൂനുകൾ (kyphosis) കൂനുകളും വളവുകളും ഒരുമിച്ചുണ്ടാകുന്നവ (kyphoscoliosis) കണ്ണിതെന്നൽ (spondylolisthesis) എന്നിങ്ങനെയും നാലായി തിരിക്കുന്നു.

വളവുകളും കൂനുകളും ശരീരത്തിന് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ

നട്ടെല്ലിനുണ്ടാകുന്ന വൈകല്യങ്ങളുടെ ഒരു പ്രധാന കുഴപ്പം എന്നത് അവ നട്ടെല്ലിനോട് ചേർന്നു സ്ഥിതിചെയ്യുന്ന പേശികൾക്കും ഞരമ്പുകൾക്കും എല്ലാം വളവുകളും തിരിവുകളും ഉണ്ടാകുവാൻ കാരണമാകുന്നു എന്നുള്ളതാണ്. ഇത് നെഞ്ച് വല്ലാതെ തള്ളിനിൽക്കുന്നത് (rib hump) പോലെയുള്ള അവസ്ഥകൾക്ക് കാരണമാകുന്നു. മാത്രമല്ല ഈ വൈകല്ല്യങ്ങൾ ഹൃദയം, ശ്വാസകോശങ്ങൾ മുതലായ ആന്തരീകാവയവങ്ങളുടെ വളർച്ചയെയും സ്വാഭാവീക പ്രവർത്തനത്തെയും ബാധിക്കുവാൻ സാധ്യതയുണ്ട്. വളവുകൾ ഉണ്ടാകുന്ന പ്രായവും വളവുകളുടെ തീവ്രതയും അനുസരിച്ച് അവ മൂലമുണ്ടാകുന്ന മറ്റു പ്രയാസങ്ങളുടെയും കാഠിന്യം വർദ്ധിക്കും.

ചിലപ്പോൾ ഇവ മൂലം ശ്വാസകോശങ്ങളുടെ വൈറ്റൽ കപ്പാസിറ്റിയും രോഗിയുടെ കായികക്ഷമത തന്നെയും വളരെയധികം ബാധിക്കപ്പെട്ടേക്കാം.  ഇത് കൂടാതെ നട്ടെലിന്റെയും ശരീരത്തിന്റെയും സന്തുലനാവസ്ഥ തകരാറിലാവുന്നതിനും നട്ടെല്ലിലെ വളവുകൾ കാരണമാകാറുണ്ട്. ചില രോഗികളിൽ ശരീരവും ഇടുപ്പല്ലും രണ്ട് തലങ്ങളിലാവുകയും കണ്ണികളെ ബന്ധിപ്പിക്കുന്ന സന്ധികളുടെ (facet joints) വേഗത്തിലുള്ള തേയ്മാനത്തിനും സ്ഥിരമായ നടുവേദനയ്ക്കും ഈ വളവുകൾ കാരണമാവാറുണ്ട്. കൂനുകൾ പലപ്പോഴും സുഷുമ്നയ്ക്ക് കശേരുക്കളുടെ മുകളിലൂടെ വലിവ് ഉണ്ടാക്കുകയും (traction) ഇത് കാലുകളുടെ തളർച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നു. 

കൗമാരപ്രായക്കാരിൽ വളവുകളും കൂനുകളും കാര്യമായ മാനസീക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ചെറിയ വളവുകൾ പലപ്പോഴും സ്ഥിരമായ നടുവേദനയൊഴിച്ചാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല. നട്ടെല്ലും ഇടുപ്പുമായി അസന്തുലിതാവസ്ഥയുണ്ടെങ്കിൽ വളവുകൾ കൂടുന്നതിന് സാധ്യത വളരെ കൂടുതലാണ്.

നട്ടെല്ലുവൈകല്യങ്ങൾ എപ്പോഴാണ് അധികരിക്കുന്നത്?

നട്ടെല്ലിന്റെ കണ്ണികൾക്ക് ജന്മനായുള്ള വൈകല്യങ്ങൾ മൂലമുള്ള വളവുകൾ, പേശികളുടെയും ഞരമ്പുകളുടെയും വൈകല്യം (neuromuscular scoliosis) മൂലമുള്ള വളവുകൾ, അസുഖത്തിന്റെ തീവ്രത, വൈകല്യങ്ങളുടെ തോത് എന്നിവയെ ആശ്രയിച്ച് വളരെ വേഗത്തിൽ വളവുകളും കൂനുകളും അധികരിക്കാൻ സാധ്യതയുണ്ട്. പ്രത്യേക കാരണങ്ങളില്ലാത്ത (idiopathic) കൗമാരപ്രായക്കാരിൽ കൂടുതൽ കാണുന്ന വളവുകൾ കൂടുതലായും കാണപ്പെടുന്നത് പെൺകുട്ടികളിലാണ്. ഇവരിൽ ഇത്തരം വളവുകൾ അധികരിക്കുന്നതിനുള്ള സാധ്യത ആൺകുട്ടികളെക്കാൾ കൂടുതലാണ്.

പ്രായപൂർത്തിയാകുന്നതനുസരിച്ച് ഈ വളവുകൾ അധികരിക്കുന്ന തോത് കുറയുന്നു. പെൺകുട്ടികളിൽ ആർത്തവം തുടങ്ങുന്നതിന് ഏകദേശം രണ്ടു വർഷം മുൻപും ആർത്തവം തുടങ്ങിയ ശേഷം ഏകദേശം രണ്ടുവർഷവും ആണ് ശാരീരികവളർച്ച കൂടുതലായി കാണുന്നത്. ഈ സമയത്ത് നട്ടെല്ലിന്റെ വളവുകളും കൂടുന്നതായി കാണാം. അതുപോലെ തന്നെ നെഞ്ചിന്റെ ഭാഗത്തുള്ള വളവുകൾ ഇടുപ്പിന്റെ ഭാഗത്തെ വളവുകളെക്കാൾ വേഗത്തിൽ വഷളാകാൻ സാധ്യതയുണ്ട്. 

സ്‌കൂൾ സ്‌ക്രീനിംഗ് പ്രോഗ്രാം

പെൺകുട്ടികൾ അയഞ്ഞ രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതുകൊണ്ട് പലപ്പോഴും അവരിലുള്ള ചെറിയ വളവുകൾ കണ്ടുപിടിക്കപ്പെടാതെ പോകുന്നു.  സംശയമുണ്ടെങ്കിൽ രക്ഷിതാക്കൾക്കോ ടീച്ചർമാർക്കോ, കുട്ടിയെ വസ്ത്രം മാറ്റി പരിശോധിച്ചു നോക്കാവുന്നതാണ്. കുട്ടിയെ മുന്നോട്ടു കുനിച്ച് നട്ടെല്ലിലൂടെ വിരലോടിക്കുക. നട്ടെല്ല് ഒരു നേർവരയിലാണെങ്കിൽ വളവില്ല എന്നു മനസ്സിലാക്കാം. ഇതിൽ വ്യത്യാസമുണ്ടെങ്കിൽ നട്ടെല്ല് ശസ്ത്രക്രിയാവിദഗ്ദനെ പ്രാരംഭദിശയിൽ തന്നെ കാണിക്കേണ്ടതാണ്. പല അവസരങ്ങളിലും ഇടുപ്പുകളുടെ ഏറ്റക്കുറവ്, നടപ്പിലെ വ്യത്യാസം, തോളിന്റെ ഏറ്റക്കുറവ്, മുതലായവയെ സഹപാഠികൾ കളിയാക്കുമ്പോഴായിരിക്കും നട്ടെല്ലിന്റെ വൈകല്യങ്ങൾ ശ്രദ്ധയിൽ വരുന്നത്.

വളവുകളും കൂനുകളും ചികിത്സിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

പ്രായപൂർത്തിയായവരിൽ കൂനുകളും വളവുകളും അധികരിക്കാനുള്ള സാധ്യത വളരെ കുറവാണ്.  എന്നാൽ 50 ഡിഗ്രിയിൽ കൂടുതലുള്ള വളവുകൾ ഓരോവർഷവും 1 ഡിഗ്രി എന്ന തോതിൽ വർധിക്കുന്നതായിരിക്കും.  10 വയസ്സിൽ താഴെയുള്ള കുട്ടികളിലുള്ള വലിയ വളവുകൾ 100 ഡിഗ്രിയിലധികം അധികരിക്കുന്നതിനും ഹൃദയശ്വാസകോശങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുന്നതിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു. നട്ടെല്ലുവൈകല്യങ്ങളുള്ളവർക്ക് സ്ഥിരമായ നടുവേദന മറ്റുള്ളവരെ അപേക്ഷിച്ച് 80% കൂടുതലാണ്. ഇതും നട്ടെല്ല് വൈകല്യങ്ങൾക്ക് തക്കസമയത്ത് ചികിത്സ നല്കേണ്ടതിന്റെ ആവശ്യകത വെളിവാക്കുന്നു.

നട്ടെല്ലുവൈകല്യങ്ങൾക്കുള്ള ചികിത്സ

നട്ടെല്ലുവളവുകളുടെ ചികിത്സ പ്രധാനമായും ഉറച്ച അടിസ്ഥാനത്തിൽ (pelvis) നട്ടെല്ല് തുലനാവസ്ഥയോടെ നിർത്തുക എന്നതാണ്. വളവുകൾ അധികരിക്കാതിരിക്കുകയും സുരക്ഷിതമായ അളവിൽ വളവുകൾ നിവർത്തുകയും ചെയ്യുക എന്നത് ചികിത്സാലക്ഷ്യങ്ങളുടെ ഭാഗമാണ്. വേണ്ടസമയത്തുള്ള ചികിത്സ കുട്ടികളുടെ കായികക്ഷമത നിലനിർത്തുന്നതിനും ആന്തരീകാവയവങ്ങളുടെ നല്ല വളർച്ചയ്ക്കും അന്ത്യന്താപേക്ഷിതമാണ്.

ശരിയായ വളർച്ച മുകളിലേക്കാണ്; വളവുകളുണ്ടായാൽ വളർച്ച വശങ്ങളിലേക്ക് മാറും. വളവുകൾ അധികരിച്ച് പ്രവർത്തനക്ഷമത കുറയുന്നതിന് മുന്നേ തന്നെ ഇത്തരം വളവുകൾ ചികിത്സിച്ചാൽ കുട്ടിയുടെ ശരീരത്തിന് വേണ്ടത്ര ഉയരം ലഭിക്കും. കൂടാതെ ശസ്ത്രക്രിയയുടെ ഭാഗമായി വളരെക്കുറച്ച് കണ്ണികൾ തമ്മിൽ ചേർത്താൽ മതിയാകും. അതുമൂലം നട്ടെല്ലിന് കൂടുതൽ ചലനക്ഷമത ലഭിക്കുന്നു. നട്ടെല്ലിലെ വളവുകൾ (scoliosis) കണ്ണിയുടെ തിരിവും വശങ്ങളിലേക്കുള്ള വളവുമാണ്. ചികിത്സ തക്ക സമയത്ത് നൽകിയാൽ പിന്നീട് ഖേദിക്കേണ്ടി വരില്ല.

3 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളിൽ പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാതെയുണ്ടാകുന്ന വളവുകൾ (infantile idiopathic scoliosis) തനിയെ ശരിയാവുന്നവയാണ്. കുട്ടിയെ കമിഴ്ത്തികിടത്തിയാൽ ഇത്തരം വളവുകൾ അപ്രത്യക്ഷമാവുന്നതായി കാണാം. പല പഠനങ്ങളും ഇത് സാധൂകരിക്കുകയും ചെയ്തിട്ടുണ്ട്. പത്ത് വയസ്സിനു താഴെയുള്ള കുട്ടികളിൽ വളവുകളുടെ തീവ്രതയനുസരിച്ച് ചികിത്സാരീതികളിൽ വ്യത്യാസം ഉണ്ടായിരിക്കും.

Growing rod മുതലായ സംവിധാനങ്ങൾ ഉപയോഗിച്ച് വളവ് നിവർത്തുക വഴി കശേരുക്കൾ തമ്മിൽ കൂടി ചേർന്നു (fusion) ഉറയ്ക്കുന്നത് കുട്ടി പ്രായപൂർത്തിയാകുന്നത് വരെ വൈകിപ്പിക്കുന്നതിനു ഇന്ന് സാധിക്കുന്നതാണ്. തീവ്രമായ വളവുകളുടെയും കൂനുകളുടെയും ചികിത്സ കുട്ടിക്ക് പ്രായപൂർത്തി എത്തുന്നത് വരെ വൈകിക്കുന്നത് വിപരീതിഫലമാണ് ഉളവാക്കുക.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളിൽ ഭാവിയിൽ നട്ടെല്ലിന്റെ മുൻഭാഗത്തുള്ള വളർച്ചമൂലം വളവുകൾ അധികരിക്കാതിരിക്കാനുള്ള മുൻകരുതലായി ആദ്യം നെഞ്ചിനകത്തുകൂടിയോ വയറിനകത്തുകൂടിയോ ശസ്ത്രക്രിയ ചെയ്തതിനുശേഷം പിന്നീട് നട്ടെല്ലിന്റെ പിൻഭാഗത്ത് കൂടി ശസ്ത്രക്രിയ ചെയ്യേണ്ടതായി വരും (anterior release fusion). നട്ടെല്ലിന്റെ പിൻഭാഗത്തു കൂടിയുള്ള ശാശ്ത്രക്രിയയിൽ കശേരുക്കളെ ചില നിബന്ധനകളനുസരിച്ച് സ്ക്രൂ, അല്ലെങ്കിൽ ഹുക്ക് ഉപയോഗിച്ച് റോഡുവഴി ബന്ധിപ്പിച്ച് വളച്ചുനിവർത്തുകയും ബോൺ ഗ്രാഫ്റ്റ് ഉപയോഗിച്ച് കണ്ണികളെ കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്നു. ഇത് നിവർത്തിയ വളവ് അതുപോലെ നിൽക്കുന്നതിനും ഭാവിയിൽ അധികരിക്കുന്നത് തടയുന്നതിനും സഹായിക്കുന്നു.

എപ്പോഴാണ് ബ്രെയ്‌സ് ഉപയോഗിക്കേണ്ടത്

വളർച്ച പൂർത്തിയാകാത്ത കുട്ടികളിൽ 40 ഡിഗ്രിയിൽ താഴെയുള്ള വളവുകൾക്കാണ് ബ്രെയ്‌സ് ഉപയോഗിക്കുന്നത്. ഇത് ഒരു ദിവസം 23 മണിക്കൂർ ഉപയോഗിക്കേണ്ടതുണ്ട്. Idiopathic scoliosis - നാണ് സാധാരണഗതിയിൽ ബ്രെയ്‌സ് ഉപയോഗിക്കുന്നത്. Congenital scoliosis, Neuromuscular scoliosis തുടങ്ങിയവയ്ക്ക് ബ്രെയ്സിംഗ് ഫലപ്രദമല്ല എന്നാൽ compensatory curve അധികരിക്കാതിരിക്കാൻ ബ്രെയ്സ്‌ ഉപയോഗിക്കാവുന്നതാണ്. 

സ്ക്രൂ, റോഡ് മുതലായവ കൊണ്ട് ശരീരത്തിന് ദോഷങ്ങൾ ഉണ്ടാകുമോ? ഇവയുടെ ഉപയോഗം ഗർഭധാരണത്തിന് പ്രശ്നമുണ്ടാക്കുമോ?

Titanium എന്ന ലോഹമാണ് റോഡിലും സ്ക്രൂവിലും ഉപയോഗിക്കുന്നത്. ശരീരത്തിൽ ഒരു ഓക്സൈഡ് കോട്ടിംഗ് രൂപം കൊള്ളുന്നതിനുള്ളിൽ സ്ഥിതി ചെയ്യുന്നത് കൊണ്ട് ഇത് സുരക്ഷിതമാണ്. അതിനാൽ ഇത് നീക്കം ചെയ്യേണ്ട ആവശ്യം ഉണ്ടാകാറില്ല. മാത്രമല്ല MRI scan മുതലായ പരിശോധനാമർഗ്ഗങ്ങൾക്കും ഇത് തടസമുണ്ടാക്കില്ല. ചില അവസരങ്ങളിൽ cobalt-chromium, stainless steel തുടങ്ങിയ ലോഹങ്ങളും ഉപയോഗിക്കാറുണ്ട്. ഇവ ഒന്നും തന്നെ കുടുംബജീവിതത്തിനോ ഗർഭധാരണത്തിനോ യാതൊരു തടസവും ഉണ്ടാക്കുകയില്ല.

ശസ്ത്രക്രിയ സുരക്ഷിതമാണോ?

ഏതൊരു ശാസ്ത്രക്രിയയെയും പോലെ നട്ടെല്ലിലെ ശാസ്ത്രക്രിയകളും സുരക്ഷിതമാണ്. മറ്റു ഏതൊരു ശാസ്ത്രക്രിയയ്ക്കും ഉള്ള അപകടസാധ്യത മാത്രമേ ഇതിലും ഉള്ളൂ. മയക്കസമയത്തോ ശസ്ത്രക്രിയാസമയത്തോ ഒക്കെയാണ് സാധാരണഗതിയിൽ ശാസ്ത്രക്രിയയുമായി ബന്ധപ്പെട്ട അപകടങ്ങൾ സംഭവിക്കാറുള്ളത്.  എന്നാൽ ശസ്ത്രക്രിയയ്ക്ക് മുന്നേ വേണ്ടത്ര പരിശോധനകൾ നടത്തി കുട്ടി ശസ്ത്രക്രിയയ്ക്ക് യോഗ്യയാണ് എന്നു ഉറപ്പിക്കുന്നതിനാൽ അതിനുള്ള സാധ്യതകൾ നന്നേ കുറവാണ്. ഇതിനുപുറമെ നട്ടെല്ലിനുള്ള ശസ്ത്രക്രിയയിൽ neuromonitoring സംവിധാനം ഉപയോഗിച്ച് monitor ചെയ്യുന്നതും അപകടസാധ്യത കുറയ്ക്കുന്നുണ്ട്. അണുബാധ, സ്ക്രൂ ഊരിപ്പോവുക, സ്ക്രൂ പൊട്ടുക, റോഡ് ഒടിയുക, pseudarthrosis എന്നിവയാണ് നട്ടെല്ല് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ സാധ്യതയുള്ള ചുരുക്കം ചില അപകടങ്ങൾ.

ശസ്ത്രക്രിയ കഴിഞ്ഞു എത്രനാൾ കഴിഞ്ഞാൽ കുട്ടിക്ക് സ്‌കൂളിൽ പോകാം?

സാധാരണ ശസ്ത്രക്രിയ കഴിഞ്ഞു തൊട്ടടുത്ത ദിവസം തന്നെ രോഗിയെ നടത്തുന്നതാണ്. മൂന്നാഴ്ചയ്ക്ക് ശേഷം സ്‌കൂളിൽ പോകാവുന്നതാണ്.

യാത്ര, കായികാധ്വാനം എന്നിവയ്ക്ക് നട്ടെല്ലിലെ ശസ്ത്രക്രിയ തടസ്സമാകുമോ?

സാധാരണ വ്യക്തികൾ ചെയ്യുന്ന എല്ലാ ജോലിയും ശസ്ത്രക്രിയ കഴിഞ്ഞ കുട്ടിക്കും ചെയ്യാവുന്നതാണ്. കളികളിൽ ഏർപ്പെടുന്നതിനും സൈക്കിൾ ചവിട്ടുന്നതും ഒന്നും പ്രശ്നമല്ല. സ്ക്രൂ ഇട്ടിരിക്കുന്നത് വിമാനയാത്രകൾക്കാവശ്യമായി വരുന്ന സുരക്ഷാ പരിശോധനയിൽ തടസ്സമാകില്ല. ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നു തോന്നുകയാണെങ്കിൽ ചികിത്സിക്കുന്ന ഡോക്‌ടറുടെ കുറിപ്പ് കരുതിയാൽ മതിയാകും.

Pedicle screw- ന്റെ കണ്ടുപിടുത്തത്തോടെ നട്ടെല്ല് ശസ്ത്രക്രിയ ഈ നൂറ്റാണ്ടിൽ വളരെയധികം പുരോഗമിച്ചിട്ടുണ്ട്. മറ്റെല്ലാ ശസ്ത്രക്രിയയും പോലെ നട്ടെല്ലു ശസ്‌ത്രക്രിയയും സുരക്ഷിതമായി ചെയ്യാവുന്നതാണ്.

Dr. Suresh S. Pillai MBBS, D. Ortho, MS (Ortho), DNB (Ortho), MNAMS, Spine Fellow (Chang-Gung University, Taiwan),AO Spine Fellow (Nottingham, UK), M Ch (Ortho) Sr. Consultant Spine Surgeon, Baby Memorial Hospital, Kozhikode

Tags:
  • Spotlight