Saturday 12 January 2019 10:10 AM IST : By സ്വന്തം ലേഖകൻ

പൾസ് നോക്കും വേണ്ടി വന്നാൽ ശസ്ത്രക്രിയയും നടത്തും; ‘പേന ഡോക്ടറെ’ തേടിയെത്തിയവരിൽ എപിജെ അബ്ദുൾ കലാം വരെ

pen-doctor

തൃശൂർ ∙ കയ്യിൽ കിട്ടുന്ന രോഗിയെ ആദ്യം അടിമുടി ഒന്നു നോക്കും. പിന്നെ പൾസ് നോക്കുമ്പോൾ ഡോക്ടർക്കറിയാം ശസ്ത്രക്രിയ വേണോ അതോ കുറഞ്ഞ മരുന്നു മതിയോ എന്ന്. പറഞ്ഞുവരുന്നത് മ്മടെ പാലസ് റോഡിലുള്ള നാസറിന്റെ മൾ‍ട്ടി സ്പെഷ്യൽറ്റി ‘പെൻ ഹോസ്പിറ്റലി’ന്റെ കാര്യമാണ്. പാലസ് റോഡിൽ മോഡൽ ബോയ്സ് സ്കൂളിനടുത്തുള്ള പേന നന്നാക്കൽ കട. പേനയെ സ്ട്രെച്ചറിൽ കൊണ്ടുപോകുന്ന ചുവരിലെ ചിത്രമാണു പേനയുടെ അറ്റകുറ്റപ്പണികൾക്കായി എത്തുന്നവർ ആദ്യം ശ്രദ്ധിക്കുക.

ജലദോഷം മുതൽ താക്കോൽദ്വാര ശസ്ത്രക്രിയ വരെ നടത്തി ഇവിടെ നിന്നു 8 പതിറ്റാണ്ടുകൾക്കിടെ സുഖം പ്രാപിച്ചതു 4 ലക്ഷത്തോളം പേനകൾ. 1940ൽ നാസറിന്റെ പിതാവ് കാളത്തോട് കോലോത്തുപറമ്പ് അബ്ദുല്ല തുടങ്ങിയതാണു പേനകൾക്കായുള്ള ഈ ആതുരാലയം. അദ്ദേഹം കൊൽക്കത്തയിൽ പേന നിർമാണ കമ്പനിയിലായിരുന്നു. പിന്നീടു മകൻ ചുമതല ഏറ്റെടുത്തു.വൈലോപ്പിള്ളിയും കുഞ്ഞുണ്ണി മാഷുമൊക്കെ ഇവിടെ പതിവു സന്ദർശകരായിരുന്നു. മുകുന്ദനും സാറാ ജോസഫുമുൾപ്പെടെയുള്ളവർ ഇവിടെ എത്താറുണ്ടെന്നു നാസർ പറയുന്നു.

pen-d

ആലുവ യുസി കോളജിലെത്തിയ മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിനു ഫ്രഞ്ച് പ്രസിഡന്റ് സമ്മാനം നൽകിയ പേന താഴെവീണു കേടായി. പിന്നീട് അതു നന്നാക്കാൻ അദ്ദേഹത്തിന്റെ സെക്രട്ടറി ഓടിയെത്തിയത് നാസറിന്റെ ‘ആശുപത്രിയിലേക്കായിരുന്നു.’കുത്തിക്കോറിയ കടലാസു കഷ്ണങ്ങളേറെയുണ്ട് നാസറിന്റെ കടയിൽ. മുഖം വീർപ്പിച്ചു തെളിയാതിരിക്കുന്ന ഏതു പേനയും ‘ഡോക്ടർ’ കൈവച്ചാൽ തെളിയും. അങ്ങനെ പലരുടെയും പേനയുമായുള്ള വൈകാരിക ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതു നാസറാണ്. മൗണ്ട് ബ്ലാങ്ക്, വാട്ടർമെൻ, ഷീഫേഴ്സ്, പൈലറ്റ്, മൈക്രോ തുടങ്ങിയ വിഐപികളൊക്കെ ഇവിടെ ചികിത്സക്കു പതിവായെത്തുന്നു. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണു ‘ഡോക്ടറു’ടെ സേവനം ലഭ്യമാവുക.

More