Thursday 19 September 2019 12:23 PM IST : By സ്വന്തം ലേഖകൻ

പേരിൽ സൂചിപ്പിച്ചത് പോലെ പെപ്പര്‍ സ്‌പ്രേയിലുള്ളത് കുരുമുളകല്ല; കണ്ണിൽ വീണാൽ പച്ചവെള്ളത്തില്‍ മുഖം കഴുകരുത്!

pepper-spray76655447

നമ്മുടെ നാട്ടിൽ സ്ത്രീകൾ സ്വയരക്ഷയ്ക്കായി കയ്യിൽ കരുതുന്ന ഒന്നാണ് പെപ്പർ സ്പ്രേ. മറ്റു ചില രാജ്യങ്ങളിൽ ഇത് നിയമവിരുദ്ധമാണെങ്കിലും ഇന്ത്യയിൽ കുറ്റകരമല്ല. പേരിൽ പെപ്പർ ഉണ്ടെങ്കിലും യഥാർത്ഥത്തിൽ ഇതിൽ അടങ്ങിയിരിക്കുന്ന വസ്തു കുരുമുളകല്ല. മുളകുചെടികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന 'കാപ്സൈസിന്‍' എന്ന രാസപദാര്‍ത്ഥമാണ് പ്രധാന ഘടകം. ഈ രാസപദാർത്ഥത്തിൽ വെള്ളം ചേർത്തു, മര്‍ദ്ദം നൽകിയാണ് പെപ്പര്‍ സ്‌പ്രേ ഉണ്ടാക്കുന്നത്. 

പെപ്പര്‍ സ്‌പ്രേയിൽ അടങ്ങിയിരിക്കുന്ന ഒലിയോ റെസീന്‍ വിഭാഗത്തില്‍പ്പെടുന്ന രാസവാതകമാണ് എതിരാളികളെ പ്രതിരോധത്തിലാക്കുന്നത്. ഇത് പ്രയോഗിക്കുന്നതോടെ കണ്ണിൽ രൂക്ഷമായ എരിച്ചില്‍, താത്കാലിക അന്ധത, വേദന, കണ്ണീര്‍പ്രവാഹം, ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയവ ഉണ്ടാകും. 30 മിനിറ്റ് മുതല്‍ അഞ്ചു മണിക്കൂര്‍ വരെ കണ്ണിൽ അസ്വസ്ഥതയുണ്ടാകും. തുടർച്ചയായി പെപ്പർ സ്പ്രേ അടിക്കുന്നത് നിരന്തരമായ കാഴ്ചാ തകരാർ ഉണ്ടാക്കുകയും ചെയ്യും. 

സാധാരണഗതിയില്‍ പെപ്പര്‍ സ്‌പ്രേ കണ്ണിൽ വീണ ഉടനെ പച്ചവെള്ളത്തില്‍ മുഖം കഴുകരുതെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. സോപ്പ് ലായനിയില്‍ 15 സെക്കന്റ് നന്നായി മുഖം കഴുകിയ ശേഷം തുണി ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കണം. പൊള്ളൽ ഉണ്ടെങ്കിൽ കണ്ണ് ഡോക്ടറുടെ സഹായം തേടണം. 

Tags:
  • Spotlight