Wednesday 15 January 2025 10:27 AM IST : By സ്വന്തം ലേഖകൻ

വീട്ടുമുറ്റത്തു കണ്ടെത്തിയ ചെങ്കൽ ഗുഹ: ആദ്യ അറ തുറന്നപ്പോൾ മൺപാത്രങ്ങളും ഇരുമ്പ് ആയുധങ്ങളും, രണ്ടാമത്തെ അറയില്‍ നിന്ന് അസ്ഥി കണ്ടെത്തി!

burial90

പേരാമ്പ്ര ചേനോളി കളോളിപ്പൊയിലിൽ വീട്ടുമുറ്റത്തു കണ്ടെത്തിയ ചെങ്കൽ ഗുഹയിലെ മൂന്നാമത്തെ അറയും തുറന്നു. മുൻപു തുറന്നതിൽ കണ്ടെത്തിയതിൽ കൂടുതൽ ഒന്നും കണ്ടെത്താനായില്ല. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദമായ പരിശോധനയിൽ കലങ്ങളും അസ്ഥികളും ഇരുമ്പു കത്തിയും അവശിഷ്ടങ്ങളും മാത്രമാണ് കണ്ടെത്താനായത്. രണ്ടാമത്തെ അറ തുറന്നു പരിശോധിച്ചപ്പോഴാണ് അസ്ഥി ലഭിച്ചത്. സ്മാരകങ്ങളുടെ കാലപ്പഴക്കം നിർണയിക്കാൻ ഇതു സഹായകമാകും. ആദ്യ അറ തുറന്നപ്പോൾ മൺപാത്രങ്ങളും ഇരുമ്പ് ആയുധങ്ങളും കൊളുത്തും ലഭിച്ചിരുന്നു. മൃതസംസ്‌കാര സ്മാരകങ്ങളായി ഉറപ്പുള്ള ചെങ്കൽപാറകൾ വെട്ടിയുണ്ടാക്കിയ 3 കല്ലറകളാണ് കണ്ടെത്തിയത്. 

കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ചാർജ് ഓഫിസർ കെ.കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. പുരാവസ്തുക്കൾ കാണാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനങ്ങളും ചരിത്ര വിദ്യാർഥികളും എത്തുന്നുണ്ട്. ജനങ്ങൾക്ക് കാണാൻ പ്രത്യേക സമയം അനുവദിച്ചിരുന്നു. സ്മാരകങ്ങൾക്ക് അകത്ത് മൃതദേഹം പൂർണമായി വയ്ക്കുന്നതിന് പകരം അസ്ഥികൾ മാത്രമാണ് വയ്ക്കാറുള്ളത്. പാത്രങ്ങളിൽ സൂക്ഷിച്ച രീതിയിലോ ബെഞ്ചുകളിൽ വച്ച രീതിയിലോ ആണ് ഇവ കാണുന്നത്. ഇരുമ്പ് ആയുധങ്ങളും ചില സ്ഥലത്ത് കൽമുത്തുകളും വയ്ക്കാറുണ്ട്.

അപൂർവമായി നെല്ല് പോലുള്ള ധാന്യങ്ങളും കിട്ടാറുണ്ട്. മൺപാത്രങ്ങളുടെ മുകളിൽ കോറിയിട്ട അടയാളങ്ങൾ കാണാറുണ്ട്. ഇവ തന്നെയാണ് ഇവിടെയും ലഭിച്ചത്. മൂന്നാമത്തെ അറ തുറന്നതേയുള്ളൂ. 2 ദിവസം കൊണ്ട് മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തും. വ്യാഴാഴ്ച്ചയോടെ പരിശോധന പൂർത്തിയാക്കി ഡോക്യുമെന്റേഷൻ നടത്തി കിട്ടിയ അവശിഷ്ടങ്ങൾ മ്യൂസിയത്തിൽ എത്തിക്കും. ഇതേ രീതിയിലുള്ള ഗുഹകളും അറകളും ഈ പ്രദേശത്ത് കൂടുതലായി കാണാൻ സാധ്യതയുണ്ടെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഇൻചാർജ് ഓഫിസർ കെ.കൃഷ്ണരാജ് അറിയിച്ചു.

Tags:
  • Spotlight