Monday 29 October 2018 03:13 PM IST : By സ്വന്തം ലേഖകൻ

‘നാപ്കിനേക്കാൾ ഈസിയായി നിങ്ങൾ കോണ്ടം വാങ്ങുന്നില്ലേ?’; ആർത്തവകാലത്ത് അമ്മയെ സഹായിച്ചതിന് പരിഹാസം–വൈറൽ കുറിപ്പ്

hob

കാലം പുരോഗമിച്ചിട്ടെന്തു കാര്യം? ആർത്തവത്തിന്റേയും അതിന്റെ അശുദ്ധിയുടേയും പേരിൽ കൊടുമ്പിരി കൊണ്ട ചർച്ച നടക്കുകയാണിപ്പോഴും. പെണ്ണിന്റെ വിശുദ്ധിയെ അവളുടെ മാസമുറ കൊണ്ട് അളക്കുന്ന സമൂഹം ഇനിയുമേറെ ദൂരം മുന്നോട്ടു പോകേണ്ടതുണ്ടെന്ന് ചുരുക്കം.

ആർത്തവത്തിന്റെ പേരിൽ പെണ്ണിനെ ഓരത്തേക്ക് നീക്കി നിർത്താൻ വെമ്പൽ കൊള്ളുന്നവരുടെ ലോകത്ത് വേറിട്ടു നിൽക്കുകയാണ് ഒരു യുവാവ്. ആര്‍ത്തവം എന്തുകൊണ്ടാണെപ്പോഴും പരിഹസിക്കപ്പെടുന്നതും, മാറ്റിനിര്‍ത്തപ്പെടുന്നതും എന്ന് ചോദ്യമെറിയുകയാണ് ഇദ്ദേഹം.

തന്റെ അമ്മയുടെ ആർത്തവ കാലത്തെക്കുറിച്ചും, അമ്മയ്ക്ക് സാനിറ്ററി പാഡ് താൻ വാങ്ങിനൽകാറുണ്ടെന്നും യുവാവ് കുറിക്കുന്നു. സാനിറ്ററി നാപ്കിൻ വാങ്ങി നൽകിയതിന്റെ പേരിൽ പരിഹസിക്കപ്പെട്ടിരുന്നുവെന്നും എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്നും ഈ യുവാവ് ചോദിക്കുന്നു.

ഹ്യുമൻസ് ഒാഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ഈ വൈറൽ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.

കുറിപ്പ് വായിക്കാം;

ഫെയ്സ്ബുക്ക് പോസ്റ്റില്‍ നിന്നുള്ള ഭാഗങ്ങള്‍:

ഞാനൊരു സാധാരണ ഇടത്തരം കുടുംബത്തില്‍ നിന്നുള്ളതാണ്. എന്‍റെ അമ്മക്ക് പതിനെട്ട് വയസുള്ളപ്പോഴാണ് വിവാഹം കഴിയുന്നത്. പത്തൊമ്പത് വയസുള്ളപ്പോള്‍ ഞാന്‍ ജനിച്ചു. അവരെപ്പോഴും ലജ്ജയുള്ളൊരു സ്ത്രീ ആയിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് പാഡ് വേണ്ടപ്പോഴൊക്കെ അവരെന്നെ കടയിലയച്ചു. ആദ്യമായി എട്ട് വയസുള്ളപ്പോള്‍ ഒരു കഷ്ണം കടലാസിലെഴുതിത്തന്ന് അമ്മയെന്നെ മെഡിക്കല്‍ സ്റ്റോറിലയച്ചു. ഞാനത് കടയില്‍ കൊടുത്തതും അയാള്‍ എന്നെ അദ്ഭുതത്തോടെ നോക്കി. കുറേ പത്രക്കടലാസില്‍ കട്ടിയായി പൊതിഞ്ഞാണ് അയാളത് എനിക്ക് തന്നത്. വരും വഴി ഞാനാ പത്രക്കടലാസ് ദൂരെക്കളഞ്ഞു. എല്ലാവരും പരിഭ്രമത്തോടെ എന്നെ നോക്കി. അമ്മയും ആകെ അദ്ഭുതപ്പെട്ടുപോയി അത്രയും തുറന്ന് ഞാനത് കൊണ്ടുചെല്ലുന്നത് കണ്ടപ്പോള്‍. അതിനുശേഷം അവര്‍ക്ക് പോകാന്‍ കഴിയാത്തപ്പോഴൊക്കെ ഞാനാണ് അവര്‍ക്ക് പാഡ് വാങ്ങിക്കൊണ്ടു കൊടുത്തത്. 

കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെനിക്ക് എന്താണ് ആര്‍ത്തവം എന്നും, എന്തുകൊണ്ടാണ് അതൊരു അനാചാരം പോലെ നിലനില്‍ക്കുന്നതെന്നും പറഞ്ഞുതന്നു. അതോടെ എന്‍റെ വീട്ടില്‍ ആര്‍ത്തവം സാധാരണ സംഗതിയായി. മറ്റ് വീടുകളില്‍ എന്നാല്‍ അങ്ങനെ ആയിരുന്നില്ല. 

കുറേ നാളുകള്‍ക്കു ശേഷമാണ്. സ്കൂളില്‍ വെച്ച് ഒരു പെണ്‍കുട്ടിയുടെ പാവാട നനഞ്ഞു കണ്ടു. എല്ലാവരും അവളെ തുറിച്ച് നോക്കുകയും ചിരിക്കുകയും ചെയ്തു. അവള്‍, അവളുടെ ബെഞ്ചില്‍ തന്നെ സ്റ്റക്കായി ഇരുന്നു പോയി. അവള്‍ക്ക് നീങ്ങാന്‍ പോലും പേടിയായിരുന്നു. ഞാനവളുടെ അടുത്ത് ചെന്നു. അവളുടെ കൈ പിടിച്ചു. അവളെ അവിടെ നിന്നും നീങ്ങാന്‍ സഹായിച്ചു. അവളെന്‍റെ പുറത്തുതട്ടി എന്നില്‍ അഭിമാനം തോന്നുന്നു എന്ന് പറഞ്ഞു. 

എന്‍റെ ജീവിതം ഇത്തരം സംഭവങ്ങളിലൂടെയാണ് വളര്‍ന്നത്. എന്‍റെ വീട്ടില്‍ ആര്‍ത്തവം ഒരു സാധാരണ സംഭവം ആയിരുന്നു. അതൊരു ശാരീരികപ്രക്രിയ മാത്രം. 

പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഞാനെന്തിനാണ് പെണ്‍കുട്ടികളെ പോലെ പാഡ് തൊടുന്നതെന്നും മറ്റും. അതൊന്നും എന്നെ ബാധിക്കുന്നില്ല. അപ്പോള്‍ സ്ത്രീകളെന്തുമാത്രം അനുഭവിക്കുന്നുണ്ടാകും. സ്കൂളിലെ പ്രഷര്‍, വീട്, ജോലി അങ്ങനെ... നമ്മളാണ് അവര്‍ക്ക് ജീവിതം ഈസിയാകുന്നതിന് കൂടെ നില്‍ക്കേണ്ടത്. ആര്‍ത്തവം സാധാരണപ്രക്രിയ ആണ്. സാനിറ്ററി നാപ്കിനുകള്‍ അത്യാവശ്യസാധാനവുമാണ്. ഒരു ആണ്, സ്ത്രീകള്‍ നാപ്കിന്‍ വാങ്ങുന്നതിനേക്കാള്‍ ഈസിയായി കോണ്ടം വാങ്ങുന്നില്ലേ?