Saturday 04 January 2025 03:03 PM IST : By സ്വന്തം ലേഖകൻ

‘ഞങ്ങളുടെ ഏട്ടന്മാരെ ഇല്ലാതാക്കിയില്ലേ, ഇനിയെന്തിനു പേടിക്കണം’; വിധികേട്ട് പൊട്ടിക്കരഞ്ഞു, കുഴഞ്ഞുവീണു... നോവോർമ

sarath-lal-kripesh പെരിയ കൊലക്കേസ് വിധി കേട്ടശേഷം കരയുന്ന ശരത് ലാലിന്റെ അമ്മ ലതയെ ആശ്വസിപ്പിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ, പെരിയ ഇരട്ടക്കൊലപാതക കേസിൽ കോടതിവിധി അറിഞ്ഞ ശേഷം കൃപേഷിന്റെ അമ്മ ബാലാമണി കണ്ണീരോടെ കല്യോട്ടെ സ്മ‍ൃതി മണ്ഡപത്തിൽ

കല്യോട്ട് ഇന്നലെ ഒരിക്കൽക്കൂടി കണ്ണീരണിഞ്ഞു. ഉച്ചയ്ക്ക് 12.20ന് കൊച്ചി സിബിഐ കോടതിയിൽനിന്ന് 14 പ്രതികൾക്കുള്ള ശിക്ഷാവിധി വന്നതിനു പിന്നാലെ കൃപേഷിന്റെയും ശര‌ത്‌ലാലിന്റെയും സ്മൃതികുടീരങ്ങൾ വികാരനിർഭര രംഗങ്ങൾക്കാണു സാക്ഷിയായത്.

കൃപേഷിന്റെ അമ്മ ബാലാമണിയും സഹോദരി കൃപയും വിധിപ്രഖ്യാപനം കേട്ടയുടൻ പൊട്ടിക്കരഞ്ഞു. ശരത്‌ലാലിന്റെ പിതാവ് പി.കെ.സത്യനാരായണനും സങ്കടമടക്കാൻ പാടുപെട്ടു. സത്യനാരായണന്റെ ജ്യേഷ്ഠസഹോദരൻ പി.െക.ദാമോദരനും സഹോദരി തമ്പായിയും പൊട്ടിക്കരഞ്ഞ് കുഴഞ്ഞുവീണു. ഇവരെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ജെബി മേത്തർ എംപി ഉൾപ്പെടെയുള്ള കോൺഗ്രസ് വനിതാ നേതാക്കളും വിതുമ്പി.

മണ്ഡപത്തിനു പുറത്ത് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജിന്റെയും അകത്ത് ഡിസിസി വൈസ് പ്രസിഡന്റ് ബി.പി.പ്രദീപ് കുമാറിന്റെയും നേതൃത്വത്തിൽ മുദ്രാവാക്യം വിളി. തുടർന്നു കുടുംബാംഗങ്ങളും നേതാക്കളും പ്രിയപ്പെട്ടവർക്കു പുഷ്പാർച്ചന നടത്തി.

പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. കൊലപാതകം , ഗൂഢാലോചനയടക്കം രണ്ട് കുറ്റങ്ങൾക്ക് ജീവപരന്ത്യം ശിക്ഷ ഉണ്ടെങ്കിലും രണ്ടും ഒന്നിച്ചനുഭവിച്ചാൽ മതി. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പിഴ തുക കൃപേഷിന്റെയും ശരത്ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിച്ചു.

കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ്, ശരത്‌ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ നാലു പേർക്ക് അഞ്ചു വർഷം തടവും ശിക്ഷ വിധിച്ചു. എറണാകുളം സിബിഐ പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്.

ഒന്നു മുതൽ എട്ടുവരെ പ്രതികളായ എ.പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി.ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ (അബു), ഗിജിൻ, ആർ. ശ്രീരാഗ് (കുട്ടു), എ. അശ്വിൻ (അപ്പു), സുബീഷ് (മണി), പത്താംപ്രതി ടി. രഞ്ജിത്ത്(അപ്പു), 15–ാം പ്രതി എ.സുരേന്ദ്രൻ (വിഷ്ണു സുര) എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. ഇവർക്കെതിരെ കൊലക്കുറ്റം അടക്കമുള്ള ഗുരുതര വകുപ്പുകളാണു ചുമത്തിയിരുന്നത്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരാണ് 1 മുതൽ 8 വരെ പ്രതികൾ.

ഒന്നിച്ചൊന്നായിരുന്നവർ

‘ഞങ്ങളുടെ ഏട്ടന്മാരെ ഇല്ലാതാക്കിയില്ലേ, ഇനിയെന്തിനു പേടിക്കണം’– ഇരട്ടക്കൊലപാതകം നടന്ന ദിവസം സ്ഥലത്തെത്തിയ വാർത്താ ചാനലുകളോട് 13 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന കല്യോട്ട് യുവജന വാദ്യകലാ സംഘത്തിലെ അംഗം വൈശാഖിന്റെ പ്രതികരണമായിരുന്നു അത്.

ശരത്തും കൃപേഷും കൊട്ടിക്കയറിയ അതേ വാദ്യസംഘത്തിന്റെ ഓഫിസിൽ ഇപ്പോൾ 19 വയസ്സുള്ള വൈശാഖ് ഉൾപ്പെടെയുള്ളവർ ഇന്നലെ ഒത്തുചേർന്നു. ‘പ്രതികൾക്കു വധശിക്ഷ തന്നെ നൽകണമെന്നാണ് വാദ്യസംഘത്തിന്റ ആവശ്യം’– ജനാർദനൻ കല്യോട്ടും സുഭാഷും പറഞ്ഞു. ഇതേ അഭിപ്രായമാണ് സംഘത്തിലെ അംഗങ്ങളായ ഗിരീഷും വിജിത്തും പങ്കുവച്ചത്.

ചെണ്ടയെന്ന അസുരവാദ്യത്തെ കൂട്ടുകാർക്കു പരിചയപ്പെടുത്തുന്നതും പരിശീലിപ്പിക്കുന്നതും ശരത് ‌ലാലിന്റെയും കൃപേഷിന്റെയും നേതൃത്വത്തിലായിരുന്നു. വൈശാഖുൾപ്പെടെയുള്ള സ്കൂൾ വിദ്യാർഥികൾക്ക് അന്നു കൃപേഷ് ഫുട്ബോൾ പരിശീലനവും നൽകിയിരുന്നു.

കല്യോട്ട് ക്ഷേത്രകമാനത്തിനു സമീപത്തെ പെട്ടിക്കടയിൽ നിന്ന് ‘മൊബൈൽ നീ കയ്യിൽ വച്ചോ ഇപ്പോൾ വരാമെന്നു പറഞ്ഞാണ് തന്റെ കയ്യിൽ മൊബൈൽ ഫോൺ ഏൽപിച്ച് കൃപേഷ് ശരത്‌ ലാലിനൊപ്പം ബൈക്കിൽ കയറിയത്. പക്ഷേ അവർ തിരിച്ചുവന്നില്ല–’ വിജിത്തിന് ഇപ്പോഴും ആ രംഗം കണ്ണീരോർമയാണ്.ഒട്ടേറെ വേദികളിൽ ശരത്‌ ലാലിന്റെയും കൃപേഷിന്റെയും നേതൃത്വത്തിൽ യുവജന വാദ്യകലാസംഘം പരിപാടികൾ അവതരിപ്പിച്ചിരുന്നു.

‘കെപിസിസി വർക്കിങ് പ്രസിഡന്റായിരിക്കെ കെ.സുധാകരന്റെ നേതൃത്വത്തിൽ നടന്ന വിശ്വാസ സംരക്ഷണ യാത്രയുടെ പൊയിനാച്ചിയിൽ നടന്ന സ്വീകരണ പരിപാടിക്കാണ് അവസാനമായി ഒന്നിച്ച് ഞങ്ങൾ കൊട്ടിയത്.’– സുഭാഷ് പറഞ്ഞു. നാൽപതോളം പേരുള്ള സംഘത്തിന്റെ നേതൃത്വത്തിൽ ഇപ്പോഴും ചെണ്ടവാദ്യ പരിശീലനം നൽകുന്നുണ്ട്. സംഘം സെക്രട്ടറി കൂടിയായ ശ്രീകാന്താണു പരിശീലകൻ. പ്രശാന്ത് കല്യോട്ടാണ് ഇപ്പോൾ സംഘം പ്രസിഡന്റ്. ഇനിയൊരു രാഷ്ട്രീയ കൊലപാതകം ആവർത്തിക്കരുതെന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ സ്വരം.

പ്രതികളെ സംരക്ഷിക്കാൻ പിരിച്ചത് ലക്ഷങ്ങൾ

പ്രതികൾക്കായി സർക്കാർ ഖജനാവിൽനിന്നു മുടക്കിയതിനു പുറമേ, ലക്ഷക്കണക്കിനു രൂപ സിപിഎം പിരിച്ചെടുത്തു. പ്രതികളുടെ കുടുംബാംഗങ്ങൾക്ക് ആദ്യം ജില്ലാ ആശുപത്രിയിൽ താൽക്കാലിക ജോലി നൽകി. ഇതു വിവാദമായപ്പോൾ സിപിഎമ്മിന്റെ സഹകരണ ആശുപത്രിയിൽ നിയമിച്ചു.

ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തെ സഹായിക്കാൻ യുഡിഎഫ് ജില്ലാ കമ്മിറ്റി പിരിച്ച തുകയെക്കാൾ കൂടുതലാണു പ്രതികൾക്കുവേണ്ടി നിയമപോരാട്ടം നടത്താൻ സിപിഎം പിരിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനു തൊട്ടുമുൻപാണു പെരിയക്കേസിനായി പണപ്പിരിവ് നടത്തിയത്.

2021 നവംബർ–ഡിസംബർ മാസത്തിലായിരുന്നു ഇത്. പെരിയക്കേസിന്റെ ആവശ്യത്തിനെന്നു പറയാതെ, ഓഫിസിന്റെ അവസാനവട്ട പണികൾക്കു വേണ്ടിയെന്നു പറഞ്ഞായിരുന്നു പിരിവ്. പാർട്ടി അംഗങ്ങളിൽ ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ചു കൊടുക്കാനായിരുന്നു നിർദേശം.

ജനപ്രതിനിധികൾക്കും പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ജീവനക്കാർക്കും ക്വോട്ട നിശ്ചയിക്കുകയും ചെയ്തു. ജില്ലയിലെ 12 ഏരിയാ കമ്മിറ്റികളിലും ഇത്തരത്തിൽ ഫണ്ട് സമാഹരണം നടത്തിയിരുന്നു.

ഒരു കോടിയിലേറെ രൂപ ലഭിച്ചെന്നാണു കരുതുന്നത്.  കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സഹായിക്കാൻ ജില്ലയിൽനിന്നു യുഡിഎഫ് ഒറ്റ ദിവസം കൊണ്ടു പിരിച്ചത് 66 ലക്ഷം രൂപയായിരുന്നു. ഹൈബി ഈഡൻ എംപിയുടെ നേതൃത്വത്തിൽ കൃപേഷിന്റെ കുടുംബത്തിനു വീടുവച്ചു നൽകി. ഇതിനുപുറമേ കെപിഎസ്ടിഎ ഉൾപ്പെടെയുള്ള സർവീസ് സംഘടനകളും ഇരകൾക്ക് സഹായവുമായി എത്തിയിരുന്നു.